രാജ്യത്തെ കിട്ടാക്കടം വര്‍ധിക്കാന്‍ കാരണം ആര്‍.ബി.ഐ: ജെയ്റ്റ്‌ലി
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്കിനെതിരേ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. 2008-2014 കാലയളവില്‍ ബാങ്കുകള്‍ വിവേചന രഹിതമായി വായ്പ അനുവദിച്ചത് നിയന്ത്രിക്കാന്‍ ആര്‍.ബി.ഐക്ക് കഴിയാതിരുന്നതാണ് നിലവിലെ കിട്ടാക്കടം നിയന്ത്രണാതീതമാകാന്‍ കാരണമെന്ന് ജെയ്റ്റ്‌ലി ആരോപിച്ചു.
റിസര്‍വ് ബാങ്കിന്റെ സ്വയംഭരണാധികാരത്തെ ചൊല്ലി ധനമന്ത്രാലയവും ആര്‍.ബി.ഐയും തമ്മില്‍ രൂക്ഷമായ ഭിന്നത നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ജെയ്റ്റ്‌ലിയുടെ ആരോപണം.
ആര്‍.ബി.ഐക്ക് സ്വാതന്ത്ര്യം നല്‍കാതെ കേന്ദ്ര സര്‍ക്കാര്‍ ഷണ്ഠീകരിക്കാന്‍ ശ്രമിക്കുകയാണെന്ന് കഴിഞ്ഞ വെള്ളിയാഴ്ച ഒരു പരിപാടിയില്‍ ആര്‍.ബി.ഐ ഡെപ്യൂട്ടി ഗവര്‍ണര്‍ വി.വി ആചാര്യ ആരോപിച്ചിരുന്നു. ആര്‍.ബി.ഐയുടെ സ്വാതന്ത്ര്യം അട്ടിമറിച്ചാല്‍ മഹാവിപത്തായിരിക്കും ഉണ്ടാകുകയെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ബാങ്കിന്റെ നയങ്ങളില്‍ ഇളവുവരുത്താനും അധികാരങ്ങള്‍ വെട്ടിക്കുറക്കാനും ധനമന്ത്രാലയം നടത്തുന്ന സമ്മര്‍ദത്തിനെതിരായ ചെറുത്തുനില്‍പ്പിന്റെ സൂചനയായിട്ടാണ് ആചാര്യയുടെ പരാമര്‍ശത്തെ നിരീക്ഷിച്ചിരുന്നത്. ഇതിനുള്ള മറുപടിയെന്ന നിലയിലാണ് ഇന്നലെ ധനമന്ത്രി രൂക്ഷവിമര്‍ശനം ഉന്നയിച്ചത്.
ആഗോള സാമ്പത്തിക പ്രതിസന്ധിക്കുശേഷം 2008-2014 വര്‍ഷങ്ങളില്‍ ബാങ്കുകളോട് വാതിലുകള്‍ തുറന്നിടാനും വിവേചന രഹിതമായ വായ്പകള്‍ അനുവദിക്കാനും അന്നത്തെ യു.പി.എ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇത് നിയന്ത്രിക്കാന്‍ ആര്‍.ബി.ഐ ശ്രമിക്കാത്തതാണ് കിട്ടാക്കടം വര്‍ധിക്കാന്‍ കാരണമായത്.
2014 മുതല്‍ സ്വീകരിച്ച നയത്തിന്റെ ഭാഗമായി നികുതിയിനത്തില്‍ വരുമാനം ഇരട്ടിയായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും ജെയ്റ്റ്‌ലി അവകാശപ്പെട്ടു. നോട്ട് നിരോധനവും ജി.എസ്.ടിയുമാണ് നികുതി വരുമാനത്തില്‍ വര്‍ധനവുണ്ടാകാന്‍ കാരണം. നോട്ട് നിരോധനം ദുര്‍ഘടമായ ഒന്നായിരുന്നെങ്കിലും രാജ്യത്തിന്റെ സാമ്പത്തിക രംഗത്ത് ശുദ്ധിവരുത്താന്‍ ഇതിന് സാധ്യമായെന്നതാണ് ശ്രദ്ധേയമായ വസ്തുത.
2014ല്‍ ബി.ജെ.പി അധികാരത്തില്‍ വരുമ്പോള്‍ ആദായ നികുതി നല്‍കുന്നവര്‍ 3.8 കോടിയായിരുന്നു.
എന്നാല്‍ ഇപ്പോഴത് 6.8 കോടിയായി. ഈവര്‍ഷം പൂര്‍ത്തിയാകുമ്പോഴേക്ക് നികുതിദായകരുടെ എണ്ണം 7.5 മുതല്‍ 7.6 വരെയായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജി.എസ്.ടി നടപ്പാക്കിയതോടെ പ്രത്യക്ഷ നികുതിയില്‍ 74 ശതമാനത്തിന്റെ വര്‍ധനവുണ്ടായതായും ജെയ്റ്റ്‌ലി അവകാശപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."