മാങ്ങാട്ടിടത്തുകാര്‍ ഇനിയും കാത്തിരിക്കണം
മട്ടന്നൂര്‍: മട്ടന്നൂര്‍ നഗരസഭയുടെയും മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിന്റെയും അതിര്‍ത്തിയിലുള്ള കൂളിക്കടവ്- മാണിക്കോത്തുവയല്‍ നിവാസികളുടെ പാലത്തിനായുള്ള കാത്തിരിപ്പു തുടരുന്നു. പാലത്തിലേക്കുള്ള റോഡിന് സ്ഥലം കിട്ടാത്തതാണ് പാലം പണി മുടങ്ങാന്‍ കാരണം. വാഹനഗതാഗതത്തിന് സൗകര്യമുള്ള ഒരു പാലം ഇവിടെ പണിയണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇപ്പോഴിവിടെ ഏറെ പഴക്കമുള്ള ഒരു നടപ്പാലം മാത്രമാണുള്ളത്. പുതിയ പാലത്തിനോടനുബന്ധിച്ചു പന്ത്രണ്ട്മീറ്റര്‍ വീതിയുള്ള റോഡെങ്കിലും വേണം. എന്നാല്‍ ഇതിനായി സ്ഥലം വിട്ടുകിട്ടാത്തതാണ് പദ്ധതിക്ക് തടസമാകുന്നത്. മാങ്ങാട്ടിടം ഗ്രാമ പഞ്ചായത്തിന്റെ അതിര്‍ത്തിയില്‍ നടപ്പാലം വരെ ടാര്‍ ചെയ്തിട്ടുണ്ട്. മട്ടന്നൂര്‍ നഗരസഭയിലെ പെരിഞ്ചേരി, കയനി, മണക്കായി പ്രദേശങ്ങളിലുള്ളവര്‍ക്ക് യാത്രാസൗകര്യത്തിന് ഏറെ ഗുണകരമായ പാലമാണിത്. സര്‍ക്കാര്‍ വികസനപാക്കേജില്‍ ഉള്‍പ്പെടുത്തി ഇതിനായി ഫണ്ടു വകയിരുത്തിയിരുന്നു. പാലം യാഥാര്‍ഥ്യമാക്കുന്നതിനായി നാട്ടുകാര്‍ ഇടപെട്ട് എട്ടുമീറ്റര്‍ റോഡ് ഇവിടെ നിര്‍മിച്ചിരുന്നു. എന്നാല്‍ മതിയായ സ്ഥലം കിട്ടാത്ത അവസ്ഥ വന്നതോടെ ഒരു പാലമെന്ന ജനങ്ങളുടെ സ്വപ്നം നീണ്ടു പോവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."