വേദി ഒരുങ്ങി; അങ്കം നാളെ
തിരുവനന്തപുരം: മൂന്നു പതിറ്റാണ്ടിന് ശേഷം ഏകദിന ക്രിക്കറ്റില്‍ തലസ്ഥാനത്ത് ഇന്ത്യയും വെസ്റ്റിന്‍ഡീസും ഏറ്റുമുട്ടും. കാര്യവട്ടം സ്പോര്‍ട്സ് ഹബില്‍ ഉച്ചക്ക് 1.30 മുതലാണ് പോരാട്ടം. സ്പോര്‍ട്സ് ഹബിലെ ആദ്യരാജ്യാന്തര ഏകദിന മത്സരമാണ് നാളെ നടക്കുന്നത്. പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യയും സമനില പിടിക്കാന്‍ കരീബിയന്‍ പടയും പൊരുതാനിറങ്ങുമ്പോള്‍ പോരാട്ടത്തിന് വീര്യമേറും. 2-1 ന്റെ മുന്‍തൂക്കവുമായാണ് വിരാട് കോഹ്ലിയും സംഘവും ഇറങ്ങുന്നത്. ഇന്ത്യന്‍ പരിശീലകന് രവിശാസ്ത്രിക്ക് ചരിത്ര നിമിഷമാണ്. 1988 ല്‍ തിരുവനന്തപുരം യൂനിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ രവിശാസ്ത്രിയുടെ നേതൃത്വത്തിലാണ് ഇന്ത്യ വെസ്റ്റിന്‍ഡീസിനെ നേരിട്ടത്. അന്ന് ഒന്‍പത് വിക്കറ്റിന് ഇന്ത്യ പരാജയപ്പെട്ടിരുന്നു. ആ പരാജയത്തിനുള്ള മറുപടി ശിഷ്യരിലൂടെ നല്കാനായാല് രവിശാസ്ത്രിക്കത് മധുരപ്രതികാരമാകും.
പറന്നിറങ്ങിയത് ആര്‍പ്പുവിളികളുടെ ഇരമ്പലിലേക്ക്
ആര്‍പ്പുവിളികളുടെ ഇരമ്പലിലേക്കായിരുന്നു താരങ്ങള്‍ പറന്നിറങ്ങിയത്. ഇന്നലെ ഉച്ചക്ക് 1.30 ഓടെയാണ് പ്രത്യേക വിമാനത്തില്‍ ഇരു ടീമുകളും തലസ്ഥാനത്തെത്തിയത്. കെ.സി.എ ഭാരവാഹികളുടെ നേതൃത്വത്തില്‍ റോസാ പുഷ്പങ്ങള്‍ നല്കി ടീമിനെ വരവേറ്റു. ആഭ്യന്തര ടെര്‍മിനലിന് മുന്നില്‍ ആര്‍പ്പുവിളികളുമായി നിരവധി ക്രിക്കറ്റ് പ്രേമികളും ദേശീയ പതാകയുമായി ടീമുകളെ വരവേല്‍ക്കാന്‍ എത്തിയിരുന്നു. വിമാനത്താവളത്തില്‍ നിന്ന് ആദ്യം പുറത്തു വന്നത് പരിശീലകന് രവിശാസ്ത്രിയായിരുന്നു. തൊട്ടു പിന്നാലെ വിരാട് കോഹ്ലി ഉള്‍പ്പെടെ താരങ്ങളെത്തി.
ടീമിന് യാത്ര ചെയ്യാനുള്ള ബസിലേക്ക് വഴികാട്ടിയ പൊലിസ് ഉദ്യോഗസ്ഥന് ഉപനായകന്‍ രോഹിത് ശര്‍മയുടെ വക പൂച്ചെണ്ടും കിട്ടി. സെക്യൂരിറ്റി ചുമതലയുണ്ടായിരുന്ന സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സുരേഷ്കുമാറിനാണ് രോഹിത് ശര്‍മ കൈയിലുണ്ടായിരുന്ന റോസാ പുഷ്പങ്ങള്‍ സമ്മാനിച്ചത്. കൂടെയൊരു സല്യൂട്ടും. കനത്ത സുരക്ഷയാണ് വിമാനത്താവളത്തില്‍ ഒരുക്കിയിരുന്നത്. ടീം നേരെ കോവളം ലീല റാവിസിലേക്ക്. ലീല റാവിസിലും ഹോട്ടല്‍ അധികൃതര്‍ സ്വീകരണം ഒരുക്കിയിരുന്നു. കേരള ക്രിക്കറ്റ് അസോസിയേഷനെ പ്രതിനിധീകരിച്ച് പ്രസിഡന്റ് സജന് കെ. വര്‍ഗീസ്, ട്രഷറര്‍ കെ.എം അബ്ദുറഹിമാന്, കെ.സി.എ അംഗം ജാഫര്‍ സേട്ട്, ജസ്റ്റിന്, എന്നിവര്‍ ചേര്‍ന്നാണ് ടീമുകളെ വിമാനത്താവളത്തില്‍ സ്വീകരിച്ചത്.
പരിശീലനം ഇന്ന്
രാവിലെ ഒന്‍പത് മുതല്‍ 12 വരെ ഇന്ത്യാ, വെസ്റ്റിന്‍ഡീസ് ടീമുകള്‍ സ്പോര്‍ട്സ് ഹബില്‍ പരിശീലനം നടത്തുമെന്നാണ് സംഘാടകര്‍ അറിയിച്ചിട്ടുള്ളത്. എന്നാല്‍, വിന്‍ഡീസ് ടീമിന്റെ പരിശീലനം സംബന്ധിച്ചു അന്തിമ തീരുമാനമായിട്ടില്ല. ഏകദിനത്തില്‍ 10,000 റണ്‍സ് തികച്ച ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയെ കെ.സി.എ ആദരിക്കും. സ്വകാര്യ ചടങ്ങില്‍ വച്ച് കോഹ്ലിക്ക് കെ.സി.എ ഭാരവാഹികള്‍ ഉപഹാരം സമ്മാനിക്കും. രാവിലെ 11 മുതല്‍ സ്റ്റേഡിയത്തില്‍ പ്രവേശിക്കാം. സ്റ്റേഡിയത്തിന് അകത്ത് പ്രവേശിക്കാന്‍ ടിക്കറ്റിന് പുറമെ പ്രൈമറി ടിക്കറ്റ് ഹോള്‍ഡറുടെ തിരിച്ചറിയല്‍ രേഖയും നിര്‍ബന്ധമാണ്.
ടിക്കറ്റിന് പ്രിയമില്ല
2017 നവംമ്പറില്‍ നടന്ന ഇന്ത്യ- ന്യൂസിലാന്റ് ട്വന്റി20 പോരാട്ടത്തിനായുള്ള ടിക്കറ്റ് വാങ്ങാന്‍ ക്രിക്കറ്റ് പ്രേമികള്‍ ഇടിച്ചു കയറുകയായിരുന്നു. എന്നാല്‍, 30 വര്‍ഷത്തിന് ശേഷം വിരുന്നെത്തിയ ഏകദിന ക്രിക്കറ്റ് പോരാട്ടത്തോട് കായിക പ്രേമികള്‍ മുഖംതിരിക്കുകയാണ്.40000 ടിക്കറ്റാണ് വില്പനയ്ക്ക് വെച്ചത്. ഇന്നലെ വരെ 25000 ടിക്കറ്റാണ് വിറ്റു പോയത്. ടിക്കറ്റ് വില്പന ഓണ്‍ലൈന്‍ വഴിയായതും സാധാരണക്കാരായ ക്രിക്കറ്റ് പ്രേമികളെ പിന്തിരിപ്പിച്ചു. 3.12 കോടിയുടെ ടിക്കറ്റ് ഇതിനകം വില്പന നടത്തിയതായി കെ.സി.എ അറിയിച്ചു.
പേടിഎം, ഇന്‍സൈഡര്‍ എന്നീ ഓണ്‍ലൈന്‍ സൈറ്റുകള്‍ വഴിയാണ് ടിക്കറ്റ് വില്പന. ടിക്കറ്റ് വാങ്ങുന്നതിന് പ്രിയം കുറഞ്ഞതോടെ സംസ്ഥാനത്തെ 2700 അക്ഷയ ഇകേന്ദ്രങ്ങള്‍ വഴി കെ.സി.എ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചിരുന്നു. എന്നാല്‍, അക്ഷയ കേന്ദ്രങ്ങള്‍ വഴിയുള്ള ടിക്കറ്റ് വില്പനയ്ക്കും കാര്യമായ പ്രതികരണം ലഭിച്ചിട്ടില്ല. തിരുവനന്തപുരം ജില്ലയിലെ 234 അക്ഷയ കേന്ദ്രങ്ങള്‍ വഴിയും ടിക്കറ്റ് വില്പന നടത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."