ചെങ്കല്‍ ലോറികള്‍ തടഞ്ഞ് ഓട്ടോ ഡ്രൈവര്‍മാരുടെ പ്രതിഷേധം
പാനൂര്‍: ചെങ്കല്‍ ലോറികള്‍ തടഞ്ഞ് ഓട്ടോഡ്രൈവര്‍മാരുടെ പ്രതിഷേധം. ഇന്നലെ രാവിലെ പത്തോടെയാണ് പാനൂരിലെ മുഴുവന്‍ ഓട്ടോ തൊഴിലാളികളും കൂത്തുപറമ്പ് റോഡിലെത്തി ചെങ്കല്‍ലോറികള്‍ തടഞ്ഞത്.
കഴിഞ്ഞ ദിവസം പാനൂര്‍ ഓട്ടോസ്റ്റാന്‍ഡില്‍ അമിതവേഗതയില്‍ നിയന്ത്രണം വിട്ടെത്തിയ ലോറി ഇടിച്ച് ഒരാള്‍ മരിക്കുകയും ആറുപേര്‍ക്ക് പരിക്കേല്‍ക്കുകയും അഞ്ച് ഓട്ടോറിക്ഷകള്‍ പൂര്‍ണമായും തകരുകയും ചെയ്തിരുന്നു. തകര്‍ന്ന ഓട്ടോറിക്ഷകള്‍ റിപ്പയര്‍ ചെയ്യാനും പരിക്കേറ്റവര്‍ക്കും മറ്റും അടിയന്തിര നഷ്ടപരിഹാരം ലോറി ഉടമകള്‍ നല്കണമെന്നാവശ്യപ്പെട്ടുമായിരുന്നു ലോറികള്‍ തടഞ്ഞത്. ഇതോടെ ഗുരുസന്നിധി ഗ്രൗണ്ടില്‍ ലോറികളെക്കൊണ്ട് നിറഞ്ഞു. പരിഹാരം ലഭ്യമാകാതെ വിട്ടുവീഴ്ചയ്ക്കില്ലെന്ന ഓട്ടോതൊഴിലാളികള്‍ നിലപാട് സ്വീകരിച്ചതിനെത്തുടര്‍ന്ന് ഓട്ടോറിക്ഷ യൂനിയന്‍ നേതാക്കളുമായി പൊലിസ് ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തി.
പാനൂര്‍ സി.ഐ കെ.എസ് ഷാജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തകര്‍ന്ന ഓട്ടോറിക്ഷകള്‍ നന്നാക്കാനും മരിച്ച കുടുംബത്തിനും പരിക്കേറ്റവര്‍ക്കും സാമ്പത്തികസഹായം നല്‍കാമെന്നും ലോറി ഉടമകള്‍ ധാരണയിലെത്തി. കൂടാതെ അമിതവേഗത ഒഴിവാക്കാനും സ്ക്കൂള് സമയങ്ങളില്‍ നിയന്ത്രണമേര്‍പ്പെടുത്താനും തീരുമാനമായി.
ഇതോടെ ലോറികളെ പോകാന്‍ അനുവദിക്കുകയായിരുന്നു. തൊഴിലാളി യൂണിയന് നേതാക്കളായ ഇ രാജേഷ്, ഇ.പി രാജീവന്, കെ രാജന്, കെ സൂരജ്, സുജിത്ത് മൊകേരി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ പ്രസാദ്, അഖിലേഷ് മൊകേരി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."