മൊബൈല്‍ ഫോണ്‍ വിപണിയിലെ സമ്പൂര്‍ണ്ണ സ്വദേശിവത്കരണം ഫലം കണ്ടില്ലെന്ന്
ജിദ്ദ: സഊദി തൊഴില്‍ മന്ത്രാലയം നടപ്പാക്കിയ മൊബൈല്‍ ഫോണ്‍ വിപണിയില്‍ സമ്പൂര്‍ണ്ണ സ്വദേശിവത്കരണം നടപ്പാക്കിയിട്ടും ഈ രംഗത്ത് വിദേശികളുടെ ഇടപെടലും മേധാവിത്വവും നിലനില്‍ക്കുന്നതായി സ്വദേശികളുടെ പരാതി. വിപണിയിലെ നീക്കത്തെക്കുറിച്ച് പഠനം നടത്തിയ സാമ്പത്തിക മാധ്യമങ്ങളാണ് മൊബൈല്‍ വിപണിയില്‍ ഇപ്പോഴും വിദേശികള്‍ മേധാവിത്വം പുലര്‍ത്തുന്ന വിവരം പുറത്തുവിട്ടത്.
മൊബൈല്‍ ഫോണ്‍ ചില്ലറ വില്‍പന കേന്ദ്രങ്ങള്‍ സ്വദേശിവത്കരിച്ചെങ്കിലും മൊത്ത വില്‍പ്പന വിദേശികളുടെ കരങ്ങളിലായതിനാലാണ് സ്വദേശി യുവാക്കള്‍ ഏറെ പ്രയാസപ്പെടുന്നത്. വിദേശികളില്‍ നിന്ന് ഫോണും അനുബന്ധ സാധനങ്ങളും വാങ്ങാന്‍ ഇവര്‍ നിര്‍ബന്ധിതരാണ്.
വിദേശത്തുനിന്ന് നേരിട്ട് ഇറക്കുമതി ചെയ്യാന്‍ പരിചയസമ്പന്നരല്ല പുതുതായി ഈ മേഖലയിലേക്ക് കടന്നുവന്നവര്‍. വിദേശികള്‍ മൊത്തവില്‍പനയില്‍ കുത്തക പുലര്‍ത്തുന്നു എന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. മൊബൈല്‍ അറ്റകുറ്റപണികളുടെ 40 ശതമാനം ഇപ്പോഴും വിദേശികളാണ് നടത്തുന്നത്. സ്വകാര്യമായാണ് ഈ ജോലി നടക്കുന്നതെങ്കിലും അവരെ മറികടക്കാന്‍ പുതിയ ജോലിക്കാരായ സ്വദേശികള്‍ക്ക് സാധിക്കുന്നില്ല. ചില്ലറ വില്‍പന രംഗത്തും പഴയ കടകളും ജോലിക്കാരും നിലനില്‍ക്കുന്നുണ്ട്.
പത്ത് ശതമാനം മാത്രമാണ് ഇവരുടെ സാന്നിധ്യമെങ്കിലും സ്വദേശികള്‍ക്ക് ഇത് പ്രയാസം സൃഷ്ടിക്കുന്നു. ലൈസന്‍സും, കട വാടകയും കൂടാതെ തെരുവില്‍ വെച്ച് വില്‍പ്പന നടത്തുന്ന വിദേശികള്‍ വാടകയും ലൈസന്‍സ് ഫീസും നല്‍കുന്ന സ്വദേശികളെ മറികടക്കുകയാണ്. സഊദിയിലേക്ക് നിലവാരം കുറഞ്ഞ ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിലും വിപണി നിലവാരം മോശമാക്കുന്നതിലും വിദേശികള്‍ക്ക് കാര്യമായ പങ്കുണ്ടെന്നാണ് സ്വദേശികളുടെ പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."