കണ്‍സോര്‍ഷ്യത്തില്‍നിന്ന് ഏഴ് സഹകരണ ബാങ്കുകള്‍ പിന്മാറി
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന കെ.എസ്.ആര്‍.ടി.സിയിലെ പെന്‍ഷന്‍ വിതരണത്തിനായി രൂപീകരിച്ച കണ്‍സോര്‍ഷ്യത്തില്‍ നിന്ന് ഏഴ് സഹകരണ ബാങ്കുകള്‍ പിന്മാറി.
മലപ്പുറം ജില്ലയിലെ ആറ് ബാങ്കുകളും കോട്ടയത്തെ ഒരു ബാങ്കുമാണ് പിന്മാറിയത്. ഇതോടെ പുതുതായി 11 ബാങ്കുകളെ കണ്‍സോര്‍ഷ്യത്തില്‍ ഉള്‍പ്പെടുത്തി സഹകരണ വകുപ്പ് പരിഷ്‌കരിച്ച ഉത്തരവിറക്കി.
2018 ഫെബ്രുവരി മുതല്‍ ജൂലൈ വരെയുള്ള കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ വിതരണത്തിനായി 88 കോടി രൂപ പിരിച്ചെടുക്കാനായി ഒക്ടോബര്‍ ഒന്നിനിറക്കിയ ഉത്തരവില്‍ ഉള്‍പ്പെട്ടിരുന്ന മലപ്പുറം, കോട്ടയം ജില്ലകളിലെ 50 ബാങ്കുകളില്‍ ഏഴ് ബാങ്കുകളാണ് പിന്മാറിയത്. 22 ബാങ്കുകളാണ് മലപ്പുറത്ത് നിന്ന് കണ്‍സോര്‍ഷ്യത്തിന്റെ ഭാഗമായത്. ഇതില്‍ ആറെണ്ണം പിന്മാറിയതോടെ ബാങ്കുകളുടെ പട്ടിക പുതുക്കുകയായിരുന്നു.
11 ബാങ്കുകളെയാണ് പുതുതായി മലപ്പുറത്ത് നിന്ന് ഉള്‍പ്പെടുത്തിയത്. നേരത്തെ മലപ്പുറത്തെ 22 ബാങ്കുകളില്‍ നിന്ന് 29 കോടി പിരിച്ചെടുക്കാനായിരുന്നു തീരുമാനം. ഈ തുകയാണ് ഇപ്പോള്‍ 27 ബാങ്കുകളില്‍ നിന്നായി ശേഖരിക്കുന്നത്. കോട്ടയത്തെ 28 ബാങ്കില്‍ നിന്ന് 30 കോടി രൂപയായിരുന്നു പിരിച്ചെടുക്കേണ്ടത്. ഒരു ബാങ്ക് പിന്മാറിയെങ്കിലും പുതുതായി ബാങ്കുകളെ ഉള്‍പ്പെടുത്തിയില്ല. നല്‍കേണ്ട വിഹിതത്തില്‍ മാറ്റംവരുത്തി 27 ബാങ്കില്‍നിന്ന് 30 കോടി വാങ്ങാനാണ് സഹകരണ വകുപ്പ് പരിഷ്‌കരിച്ചിറക്കിയ ഉത്തരവില്‍ പറയുന്നത്.
കെ.എസ്.ആര്‍.ടി.സി. ജീവനക്കാരുടെ പെന്‍ഷന്‍വിതരണം സഹകരണ ബാങ്കുകള്‍ ഏറ്റെടുത്തുകൊണ്ട് 2018 ഫെബ്രുവരിയിലാണ് സഹകരണ വകുപ്പ് തീരുമാനമെടുത്തത്. ഇതിനായി ഫെബ്രവരി 19ന് കണ്‍സോര്‍ഷ്യം രൂപീകരിച്ച് ഉത്തരവിറക്കുകയും ചെയ്തു. പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് കണ്‍സോര്‍ഷ്യത്തിന് നല്‍കുന്ന പണത്തിന് 10 ശതമാനം പലിശ നല്‍കുമെന്നായിരുന്നു ധാരണ. പെന്‍ഷനുള്ള പണത്തിന്റെ ആവശ്യകതയനുസരിച്ച് ഓരോഘട്ടത്തിലും പ്രാഥമിക സഹകരണ ബാങ്കുകളെ ഉള്‍പ്പെടുത്തി ഉത്തരവിറക്കുകയാണ് ചെയ്തത്. ഒക്ടോബറില്‍ ഇറങ്ങിയ ഉത്തരവിലുള്ള ഏഴ് ബാങ്കുകളാണ് പണം നല്‍കാനാവില്ലെന്ന് അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."