മുഖ്യമന്ത്രി ഉന്നതതല യോഗം വിളിക്കും
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിലെ അനിശ്ചിതത്വം നീക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം വിളിക്കുമെന്ന് തുറമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍.
പുനരധിവാസ പാക്കേജ് കിട്ടാത്ത മത്സ്യത്തൊഴിലാളികളുടെ അപേക്ഷകള്‍ പരിശോധിച്ച് ഉടന്‍ തീരുമാനമെടുക്കും. കരാര്‍ കാലാവധി നീട്ടുന്ന കാര്യത്തില്‍ തീരുമാനമെടുക്കുന്നത് വിശദ ചര്‍ച്ചകള്‍ക്കുശേഷം മാത്രമായിരിക്കും. അദാനിയുമായും ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി യോഗം വിളിച്ചാലും ക്വാറി അനുമതി പ്രധാന വെല്ലുവിളി തന്നെയാണ്. പ്രളയകാലത്ത് അദാനിക്ക് ക്വാറി അനുമതി നല്‍കിയത് ഇതിനകം വിവാദമായിരുന്നു. വിഴിഞ്ഞത്തിനായി പാറപൊട്ടിക്കാന്‍ കണ്ടെത്തിയ പലസ്ഥലങ്ങളിലും പ്രാദേശിക എതിര്‍പ്പ് രൂക്ഷമാണ്.
ഉപജീവനം നഷ്ടപ്പെട്ടവരുടെ പുനരധിവാസ പ്രശ്‌നത്തില്‍ വിഴിഞ്ഞം ജമാഅത്തും ഇടവകയും ഒരുപോലെ എതിര്‍പ്പുയര്‍ത്തുന്നതും സര്‍ക്കാരിന് മുന്നിലെ വെല്ലുവിളിയാണ്. കരിങ്കല്ല് കൊണ്ടുവരേണ്ട ബാധ്യത അദാനിക്കാണെങ്കില്‍ പുനരധിവാസവുമായി ബന്ധപ്പെട്ട പരാതി തീര്‍ക്കേണ്ടത് സര്‍ക്കാരാണ്. ജില്ലാ കലക്ടര്‍ അധ്യക്ഷനായ അപ്പീല്‍ സമിതിയോട് സഹായം കിട്ടാത്തവരുടെ അപേക്ഷകളില്‍ എത്രയും പെട്ടെന്ന് തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടും. ഏറ്റവും പ്രധാനം കരാര്‍ കാലാവധി നീട്ടലാണ്. കരാര്‍ കാലാവധിയായ ഡിസംബര്‍ നാലിനുള്ളില്‍ ആദ്യഘട്ടം തീരില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."