ശബരിമല സംഘര്‍ഷം: അറസ്റ്റിലായത് 3,557 പേര്‍
തിരുവനന്തപുരം: നിലയ്ക്കലിലും പമ്പയിലും അക്രമം നടത്തിയ 350 പേര്‍ ഒളിവിലെന്ന് പൊലിസ്. ആര്‍.എസ്.എസ്- ബി.ജെ.പി പ്രവര്‍ത്തകരായ ഇവര്‍ പല ക്രിമിനല്‍ കേസുകളിലും പ്രതികളാണെന്ന് പൊലിസ് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ചിലര്‍ വിദേശത്ത് കടന്നതായി സംശയിക്കുന്നതായും പൊലിസ് അറിയിച്ചു.
അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെ വൈകിട്ടുവരെ 3,557 പേര്‍ അറസ്റ്റിലായി. 531 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഗുരുതര കുറ്റം ചുമത്തിയവരെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സി ബസുകളും പൊലിസ് വാഹനങ്ങളും തകര്‍ത്തവര്‍ പണം കെട്ടിവയ്ക്കാത്തതിനാല്‍ ഇപ്പോഴും റിമാന്‍ഡിലാണ്. രണ്ടു ദിവസത്തിനുള്ളില്‍ എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന നിര്‍ദേശം ഡി.ജി.പി ജില്ലാ പൊലിസ് മേധാവിമാര്‍ക്ക് നല്‍കിയിട്ടുണ്ട്.
അതിനിടെ, ചിത്തിര ആട്ടത്തിനായി അടുത്തമാസം അഞ്ചിന് ശബരിമല നട തുറക്കുമ്പോള്‍ സംസ്ഥാനവ്യാപക ജാഗ്രതക്ക് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കി. മൂന്നാം തിയതി മുതല്‍ ശബരിമലയുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ വനിതാപൊലിസ് അടക്കം 3,000 പൊലിസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. അഞ്ചിന് യുവതീ പ്രവേശന നീക്കം തടയാന്‍ സംഘ്പരിവാര്‍ സംഘടനകള്‍ ശബരിമല വളയുമെന്നും ഇതിനായി ഇതരസംസ്ഥാനങ്ങളില്‍ നിന്നുവരെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ എത്തുമെന്നുമുള്ള പ്രഖ്യാപനത്തെ തുടര്‍ന്നാണ് മൂന്നിനുതന്നെ ശബരിമലയില്‍ ശക്തമായ സുരക്ഷ ഒരുക്കാന്‍ തീരുമാനിച്ചത്. 500 പ്രായമായ സ്ത്രീകളെ സന്നിധാനത്ത് എത്തിച്ച് പതിനെട്ടാംപടി വളയാന്‍ എന്‍.എസ്.എസ് ആലോചിക്കുന്നുണ്ട്.
ഇതേതുടര്‍ന്ന് അഞ്ചിന് സന്നിധാനത്ത് എത്തുന്നവര്‍ക്ക് പൊലിസ് കര്‍ശന നിബന്ധനകള്‍ വച്ചിട്ടുണ്ട്. കൂട്ടത്തോടെ സന്നിധാനത്ത് തങ്ങാന്‍ അനുവദിക്കില്ല. ബി.ജെ.പി, സംഘ്പരിവാര്‍ നേതാക്കളെ നിരീക്ഷിക്കും. വാഹനങ്ങള്‍ തടഞ്ഞുള്ള പരിശോധന അനുവദിക്കില്ല. എല്ലാ ജില്ലയിലും പരമാവധി പൊലിസ് സേനയെ വിന്യസിക്കണമെന്നും ജില്ലാ പൊലിസ് മേധാവിമാരോട് ഡി.ജി.പി നിര്‍ദേശിച്ചു.പമ്പയുടെ ചുമതലയില്‍ നിന്ന് ഐ.ജി എസ്. ശ്രീജിത്തിനെ ഒഴിവാക്കി തൃശൂര്‍ റെയ്ഞ്ച് ഐ.ജി എം.ആര്‍. അജിത് കുമാറിനെ നിയോഗിച്ചിട്ടുണ്ട്. തുലാമാസ പൂജ സമയത്ത് ഐ.ജി എസ്. ശ്രീജിത്തിനായിരുന്നു പമ്പ മുതല്‍ സന്നിധാനം വരെ ചുമതല. എം.ആര്‍. അജിത് കുമാറിനെ സഹായിക്കാനായി എറണാകുളം റൂറല്‍ എസ്.പി രാഹുല്‍ ആര്‍. നായരെയും നിയോഗിച്ചിട്ടുണ്ട്.
മൂന്നിന് രാവിലെ മുതല്‍ ശബരിമലയുടെ നിയന്ത്രണം പൊലിസ് ഏറ്റെടുക്കും. ആറു മേഖലകളായി തിരിച്ചാണ് പൊലിസിനെ വിന്യസിക്കുക. സന്നിധാനത്തിന്റെ ചുമതല ഐ.ജി പി. വിജയനാണ് നല്‍കിയിരിക്കുന്നത്. കൊല്ലം കമ്മിഷണര്‍ പി.കെ മധുവും സന്നിധാനത്തുണ്ടാവും. 200 പൊലിസുകാരെ സന്നിധാനത്ത് മാത്രം വിന്യസിക്കും. മരക്കൂട്ടത്ത് എസ്.പി വി. അജിത്തിന്റെ നേതൃത്വത്തില്‍ 100 പൊലിസ് ഉദ്യോഗസ്ഥര്‍ ഉണ്ടാകും.
പമ്പയിലും നിലയ്ക്കലിലും 200 വീതം പൊലിസും 50 വീതം വനിതാ പൊലിസിനെയും നിയോഗിക്കും. കൂടാതെ എരുമേലിയിലും വടശേരിക്കരയിലും എസ്.പിമാരുടെ നേതൃത്വത്തില്‍ 100 പൊലിസ് ഉദ്യോഗസ്ഥര്‍ വീതം അണിനിരക്കും. വനിതാ ബറ്റാലിയനിലെ അംഗങ്ങളെ കൂടാതെ വിവിധ ജില്ലകളില്‍നിന്നായി 45 വനിതാ പൊലിസുകാരോടും തയാറാകാന്‍ ഡി.ജി.പി നിര്‍ദേശം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."