ഖത്തറില്‍ ഡോളറിനു ക്ഷാമം
ദോഹ: ഡിമാന്റ് വര്‍ധിച്ചതും അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള ഷിപ്‌മെന്റ് തടസപ്പെട്ടതും കാരണം ഖത്തറിലെ എക്‌സ്‌ചേഞ്ചുകളില്‍ ഡോളറിന് ക്ഷാമം നേരിടുന്നതായി റിപോര്‍ട്ട്.
യുഎഇ, സൗദി അറേബ്യ, ബഹ്‌റയ്ന്‍ എന്നീ രാജ്യങ്ങള്‍ കഴിഞ്ഞയാഴ്ച നയതന്ത്ര, ഗതാഗത ബന്ധം വിഛേദിച്ചതിനു പിന്നാലെയാണ് ഡോളറിന് ക്ഷാമം നേരിട്ടത്.
പെട്ടെന്നുണ്ടായ സംഭവത്തില്‍ പരിഭ്രാന്തരായ ചിലര്‍ ഖത്തര്‍ റിയാല്‍ മാറ്റി ഡോളറാക്കാന്‍ തുനിഞ്ഞതാണ് ക്ഷാമത്തിന് പ്രധാന കാരണം. അതോടൊപ്പം ഉപരോധം ഏര്‍പ്പെടുത്തിയ രാജ്യങ്ങളില്‍നിന്നുള്ള ഗതാഗത തടസ്സവും ഇതിനു ഹേതുവായി. പ്രശ്‌നം ലഘൂകരിക്കുന്നതിന് ചില എക്‌സ്‌ചേഞ്ചുകള്‍ ഒരാള്‍ക്ക് മാറാവുന്ന ഡോളറിന് പരിധി നിശ്ചയിച്ചിട്ടുണ്ട്.
റിയാലിന്റെ മൂല്യം ഇടിയുമോ എന്ന പരിഭ്രാന്തി മൂലമാണ് ആളുകള്‍ ഡോളറാക്കി മാറ്റുന്നതെങ്കിലും അത് അസ്ഥാനത്താണെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. വര്‍ഷങ്ങളായി 3.64ന് ഡോളറുമായി പെഗ് ചെയ്തിട്ടുള്ള ഖത്തര്‍ റിയാലിന് അടുത്ത കാലത്തൊന്നും മാറ്റം വരാനിടയില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായാല്‍ പോലും ഖത്തറിന്റെ കൈയിലുള്ള വന്‍ വിദേശ ആസ്തി ശേഖരം ഉപയോഗിച്ച് കറന്‍സിയെ താങ്ങി നിര്‍ത്താന്‍ കഴിയും. ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവുമില്ലെന്നും രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി അങ്ങേയറ്റം തൃപ്തികരമാണെന്നും ഖത്തര്‍ ധനമന്ത്രി കഴിഞ്ഞ ദിവസം സിഎന്‍ബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ അറിയിച്ചിരുന്നു.
രാജ്യത്തെ ഏഴു വ്യത്യസ്ത എക്‌സ്‌ചേഞ്ചുകളിലെ 11 ബ്രാഞ്ചുകളില്‍ നടത്തിയ അന്വേഷണത്തില്‍ 17 എണ്ണത്തില്‍ ഡോളര്‍ സ്‌റ്റോക്കില്ലെന്ന് ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ റിപോര്‍ട്ട് ചെയ്തു. അല്‍മെസ്സീല, ബിന്‍ മഹ്്മൂദ്, മുന്‍തസ എന്നിവിടങ്ങളിലെ എക്‌സ്‌ചേഞ്ച് ബ്രാഞ്ചുകള്‍ ഇതില്‍പ്പെടും.
അടുത്ത ഒന്നോ രണ്ടോ ദിവസങ്ങളില്‍ കൂടുതല്‍ ഡോളര്‍ എത്താന്‍ സാധ്യതയില്ലെന്നും എക്‌സ്‌ചേഞ്ചുകള്‍ അറിയിച്ചു. ചില എക്‌സ്‌ചേഞ്ചുകളില്‍ നാട്ടിലേക്ക് പണം അയക്കുന്നതിന് വലിയ ക്യൂവും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഈദിനോട് അടുത്ത ദിവസങ്ങളില്‍ പൊതുവേ തിരക്കു കൂടാറുണ്ടെന്ന് എക്‌സ്‌ചേഞ്ച് ഉടമകള്‍ പറയുന്നു.
നാട്ടിലേക്ക് പണമയക്കുന്നതില്‍ ഉപരോധത്തിന് ശേഷം കാര്യമായ മാറ്റമൊന്നും ദൃശ്യമായിട്ടില്ലെന്നു യുഎഇ എക്‌സ്‌ചേഞ്ച് പ്രസിഡന്റ് ഈയാഴ്ച ഒരു അഭിമുഖത്തില്‍ അറിയിച്ചിരുന്നു.
ഒരാള്‍ക്ക് 500 മുതല്‍ 2000 വരെ എന്ന തോതില്‍ ഡോളര്‍ എക്‌സ്‌ചേഞ്ചിന് പരിധി നിശ്ചയിച്ചതായി മൂന്ന് എക്‌സ്‌ചേഞ്ചുകള്‍ അറിയിച്ചു. എക്‌സ്‌ചേഞ്ചുകളില്‍ യൂറോയും പൗണ്ടും ആവശ്യത്തിനുണ്ട്. എല്ലാ എക്‌സ്‌ചേഞ്ചുകളും മറ്റു രാജ്യങ്ങളില്‍നിന്നു ഡോളര്‍ എത്തിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഹോങ്കോങില്‍നിന്ന് ഉടന്‍ തന്നെ കൂടുതല്‍ ഡോളറുകള്‍ എത്തുമെന്ന് യുഎഇ എക്‌സ്‌ചേഞ്ച് പ്രസിഡന്റ് സുധീര്‍ കുമാര്‍ ഷെട്ടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."