നഗരസഭാ കൗണ്‍സിലറെ ഉടുതുണിയുരിഞ്ഞു മര്‍ദിച്ചതായി പരാതി
തൊടുപുഴ: നഗരസഭാ കൗണ്‍സിലറെ ഉടുതുണിയുരിഞ്ഞ് മര്‍ദിച്ചതായി പരാതി. തൊടുപുഴ നഗരസഭ 16 ാം വാര്‍ഡ് കൗണ്‍സിലറും പട്ടികജാതി സംവരണ വാര്‍ഡില്‍ നിന്ന് മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥിയായി വിജയിച്ച ടി.കെ അനില്‍കുമാറിനെയാണ് വാര്‍ഡ് സഭാ യോഗത്തിനിടെ സി.പി.എം - ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചത്. തുടര്‍ന്ന് കൗണ്‍സിലര്‍ തൊടുപുഴ താലൂക്കാശുപത്രിയില്‍ ചികിത്സ തേടി. സംഭവവുമായി ബന്ധപ്പെട്ട ് നാല് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരേ പൊലിസ് കേസെടുത്തു.
ഇന്നലെ ഉച്ചക്ക് രണ്ടുമണിയോടെ വാര്‍ഡ് സഭ ചേരുന്നതിനിടെയാണ് സംഭവം. പി.എം.എ.വൈ (പ്രൈം മിനിസ്‌റ്റേഴ്‌സ് ആവാസ് യോജന) പദ്ധതി പ്രകാരമുള്ള ഭവനവായ്പ പദ്ധതിയുടെ സാധുത ലിസ്റ്റ് ചോദിച്ച് അഞ്ചുപേര്‍ എത്തി. എന്നാല്‍, ഒറിജിനല്‍ ലിസ്റ്റ് മാത്രം കൈയിലുള്ളതിനാല്‍ അടുത്ത ദിവസമേ നല്‍കാന്‍ കഴിയൂ എന്ന് അനില്‍കുമാര്‍ അറിയിച്ചു. ഇതുസംബന്ധിച്ച് വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായി. ഇതിനിടെ ഇവരിലൊരാള്‍ മുണ്ട് പറിച്ചെടുത്ത് തന്നെ മര്‍ദിച്ചതായി അനില്‍കുമാര്‍ പറഞ്ഞു.
എന്നാല്‍ വാര്‍ഡ് സഭയില്‍ തൊഴില്‍ പരിശീലനവുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ചചെയ്യുന്നതിനിടെ തര്‍ക്കം മാത്രമാണ് ഉണ്ടായതെന്നും യാതൊരു തരത്തിലുള്ള സംഘര്‍ഷവും ഉണ്ടായിട്ടില്ലെന്നും സി പി എം - ഡി.വൈ.എഫ്.ഐ നേതാക്കള്‍ പറഞ്ഞു. നഗരസഭയുടെ 14-ാം വാര്‍ഡില്‍ നിന്നും എത്തിയ സി.പി.എം പ്രവര്‍ത്തകരാണ് കൗണ്‍സിലറെ മര്‍ദ്ദിച്ചതെന്നാണ് വാര്‍ഡ്‌സഭയോഗത്തില്‍ എത്തിയവര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."