ജയ് ശ്രീറാം കാലത്തെ സീതാ വായന
കെ.ഇ.എന്‍/ റസാഖ് എം. അബ്ദുല്ല
എന്നാണ് ആദ്യമായി ചിന്താവിഷ്ടയായ സീത വായിക്കുന്നത്? അന്നത്തെ വായനാ പശ്ചാത്തലത്തില്‍ നിന്ന് ഇന്നത്തെ വായനാ പശ്ചാത്തലം മാറിയതായി തോന്നുന്നുണ്ടോ?
നാല്‍പതു വര്‍ഷം മുന്‍പാണ് ആദ്യം സീത വായിച്ചത്. അന്ന് സീത വായിക്കുന്നത്, കുരമാരനാശാന്റെ കവിതകള്‍ ഉല്‍പാദിപ്പിച്ചിട്ടുള്ള ഒരു സാമൂഹ്യമായ ജാഗ്രതയുണ്ട്. അതായത് ആശാനെ കേസരി ബാലകൃഷ്ണപ്പിള്ള ജാതിക്കൊല്ലി പ്രസ്ഥാനത്തിന്റെ പ്രതിനിധി എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്. ആശാന്‍ കൃതികള്‍ പൊതുവെ അന്നു വായിക്കുമ്പോള്‍ ജാതിക്കൊല്ലി പ്രസ്ഥാനത്തിന്റെ പശ്ചാത്തലത്തിലാണ് വായിച്ചത്. അന്ന് സീതാകാവ്യം എന്നത് ഒരു സംഘര്‍ഷവുമില്ലാതെ ഏറെക്കുറെ വായിക്കാന്‍ പറ്റുന്ന പശ്ചാത്തലമായിരുന്നു. സീതാകാവ്യത്തിന് അകത്തു സംഘര്‍ഷമുണ്ട്. പക്ഷെ, സീതാകാവ്യം അന്നു വായിക്കുമ്പോള്‍ പുറത്ത് സംഘര്‍ഷമില്ല. ഇന്നു വായിക്കുമ്പോള്‍ സീതാ കാവ്യത്തിനകത്തുള്ള സംഘര്‍ഷങ്ങളെയൊക്കെ അപ്രസക്തമാക്കുന്ന വിധത്തില്‍ പുറത്ത് വലിയ സംഘര്‍ഷം രൂപംകൊണ്ടുകഴിഞ്ഞിട്ടുണ്ട്. അതായത് രാമായണമോ രാമായണത്തെ കേന്ദ്രീകരിച്ച് എഴുതപ്പെട്ട കൃതികളോ ഇനി, രാമനെ സാക്ഷാല്‍ ദൈവമായിട്ട് ഉള്ളിന്റെയുള്ളില്‍ സ്വീകരിക്കുന്ന ജനങ്ങളുടെ അഭിലാഷങ്ങളോ ഒന്നും പരിഗണിക്കാത്ത തരത്തിലുള്ള വലിയൊരു അട്ടിമറി ഇന്നത്തെ കാലത്ത് സംഭവിച്ചിട്ടുണ്ട്.
മുന്‍പ് തുറക്കുമ്പോള്‍, നമ്മള്‍ കേട്ടിരുന്നത് കുട്ടികളും മുതിര്‍ന്നവരും അടക്കമുള്ള രാമഭക്തിയുള്ള ആളുകളുടെ മനസിന് കുളിര്‍മ നല്‍കുന്ന തരത്തിലുള്ള മനോഹരമായ നാമജപങ്ങളായിരുന്നു. ആ നാമജപങ്ങളുടെ പശ്ചാത്തലത്തിലാണ് നാലു പതിറ്റാണ്ടു മുന്‍പ് ഞാനുള്‍ക്കൊള്ളുന്ന യുവാക്കളുടെ തലമുറ സീതാകാവ്യം അഭിമാനത്തോടെ തുറന്നത്.
എന്നാല്‍ ഇന്ന് സീതാകാവ്യം തുറക്കുമ്പോള്‍ പഴയ കുളിര്‍മ നല്‍കുന്ന രാമനാമ ജപമല്ല ചുറ്റില്‍ നിന്നും കേള്‍ക്കുന്നത്. മറിച്ച്, അട്ടഹാസങ്ങളും അലര്‍ച്ചകളുമാണ്. ജയ്ശ്രീറാം വിളി എന്നത് പേടിപ്പിക്കുന്ന ഒന്നായി മാറിയിരിക്കുകയാണ്. ജയ്ശ്രീറാം വിളിക്കാത്തതിന്റെ പേരില്‍ കൊല്ലപ്പെട്ടവരുടെ കണ്ണീരിനും ചോരയ്ക്കും ഇടയില്‍ വിറയ്ക്കുന്ന കൈകളോടെയാണ് 2019 ല്‍ സീതാകാവ്യത്തിന്റെ താളുകള്‍ മറിക്കേണ്ടിവരുന്നത്. അപ്പോള്‍ തന്നെ നമ്മളെ വല്ലാത്ത അസ്വസ്ഥത പിടികൂടും. പക്ഷെ വേറൊന്നുണ്ട്, സീതാകാവ്യം തുറന്നുകഴിയുന്നതോടു കൂടി ഈ അലര്‍ച്ചകളെയൊക്കെ അപ്രസക്തമാക്കുന്ന വേറൊരു ലോകത്തേക്ക് നമ്മള്‍ എത്തിപ്പെടും. അതായത് മുന്‍പ് ഈ കൃതിയിലെ അകത്തെ സംഘര്‍ഷമാണ് നമ്മളെ ഇളക്കിയിരുന്നതെങ്കില്‍, ഇന്ന് പുറത്തെ സംഘര്‍ഷത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള അഭയകേന്ദ്രമായി, ആത്മീയാനുഭൂതിയുടെ വേറൊരു അപരലോകമായി സീതാകാവ്യം മാറുകയാണ്. അതുകൊണ്ട് ഒരുപക്ഷേ, നാല്‍പതു കൊല്ലം മുന്‍പത്തെ അലസവായന ഇന്ന് ഏറ്റവും സംഘര്‍ഷനിര്‍ഭരവും സര്‍ഗാത്മകവുമായ മറ്റൊരു വായനയായി മാറുകയാണ്.
നൂറുവര്‍ഷം മുന്‍പത്തെ വായനാപരിസരം പോലെ തന്നെ, എഴുത്തുപശ്ചാത്തലവും മാറ്റമുണ്ടാവുമല്ലോ. ഇന്നാണ് കുമാരനാശാന്‍ സീത എഴുതുന്നതെങ്കില്‍ അതു സാധ്യമാവുമായിരുന്നോ?
1919 ലാണ് സീത എഴുതിയത്. ഈ ചോദ്യം വല്ലാതെ അസ്വസ്ഥയുണ്ടാക്കുന്നതാണ്. കാരണം, 1919 ല്‍ കുമാരനാശാന്‍ സീത എഴുതുമ്പോള്‍ ഉള്ള അവസ്ഥയല്ല ഇന്നത്തെ ഇന്ത്യനവസ്ഥ. ഒരുപക്ഷെ, അന്ന് എഴുതിയ അത്ര സ്വസ്ഥതയോടു കൂടി അദ്ദേഹം ഇന്നുണ്ടായിരുന്നെങ്കില്‍ സീതാകാവ്യം എഴുതാന്‍ കഴിയുമായിരുന്നില്ല. പലരും സീതാകാവ്യം പലരീതിയില്‍ വിശലനം ചെയ്തിട്ടുണ്ട്. ഓരോ വിശകലനത്തിനും അതിന്റെതായ പ്രസക്തിയും സ്വീകാര്യതയുമുണ്ട്. പക്ഷെ, ഞാന്‍ മനസിലാക്കിയത്, സീതയിലെ പ്രധാന പ്രശ്‌നം സീതയോ രാമനോ അല്ല എന്നതാണ്. ഒരിക്കല്‍ പ്രണയിനിയായിരുന്ന സീതയോട്, ഒരിക്കല്‍ പ്രണയിയായിരുന്ന ശ്രീരാമന്‍ തീര്‍ത്തും വ്യത്യസ്തമായി വിധ്വംസകമായി പെരുമാറുന്ന ഒരു പശ്ചാത്തലം സീതാകാവ്യത്തില്‍ ഉണ്ടാവുകയാണ്. അതായത് ശ്രീരാമനിലെ പ്രിയനെയല്ല, ശ്രീരാമനിലെ തന്റെ ആദര്‍ശമനുഷ്യനെയല്ല, ശ്രീരാമനിലെ അധികാരിയെ ആണ് സീത ചോദ്യംചെയ്യുന്നത്. ശ്രീരാമനെ കുറിച്ച് വലിയ പ്രശംസ ചൊരിയുന്നുണ്ട്, കടുത്ത വിമര്‍ശനങ്ങള്‍ നടത്തുന്നുണ്ട്. പക്ഷെ, അതില്‍ തന്നെ സീത ഉന്നയിക്കുന്ന ഒരു ചോദ്യമാണ് സത്യത്തില്‍ സീതാകാവ്യത്തിലെ സ്പന്ദിക്കുന്ന ഹൃദയം. അത് ശ്രീരാമന്‍ എന്തിനാണ് തപസു ചെയ്ത ശംബൂകനെ കൊന്നത്? എന്ന ചോദ്യമാണ്. നിങ്ങളുമായി ഒരുപ്രശ്‌നത്തിലും അഭിമുഖീകരിച്ചിട്ടില്ലാത്ത, നിങ്ങളെ ഒരുതരത്തിലും ചോദ്യംചെയ്തിട്ടില്ലാത്ത, ഒരു തരത്തിലും ബന്ധമില്ലാത്ത ശംബൂകനെ, അതും ശംബൂകന്‍ കട്ടിട്ടില്ല, കൊന്നിട്ടില്ല, കൊലവിളിച്ചില്ല, ഒരുതരത്തിലും ആര്‍ക്കും അപകടം ചെയ്തിട്ടില്ല, എന്നിട്ടും നിങ്ങളെന്തിന് ശംബൂകനെ കൊന്നു? എന്ന ചോദ്യമുയര്‍ത്തുന്നുണ്ട്.
നിരുപിക്കില്‍ മയക്കി ഭൂപനെ
തരുണീപാദജഗര്‍ഹിണീ ശ്രുതി!
സ്ത്രീയെയും ശൂദ്രനെയും പീഡിപ്പിക്കുന്ന സ്മൃതിയാണ് രാമനെ വഴിതെറ്റിച്ചത്. വളരെ കൃത്യമാണ്. എന്നു പറഞ്ഞാല്‍ സവര്‍ണ പ്രത്യയശാസ്ത്രത്തെയാണ് സീതയിലൂടെ രൂക്ഷമായി വിമര്‍ശിക്കുന്നത്. കാരണം, ശൂദ്രന്‍ മനുഷ്യനല്ല, സഞ്ചരിക്കുന്ന ശ്മശാനമാണ്, അവന് വിദ്യക്കര്‍ഹതയില്ല, വേദമുച്ചരിക്കുന്ന ശൂദ്രന്റെ നാവ് പിഴുതെടുക്കണം, വേദം കേള്‍ക്കുന്ന ശൂദ്രന്റെ ചെവിയില്‍ ഈയമുരുക്കി ഒഴുക്കണം,എന്നൊക്കെയുള്ള കാഴ്ചപ്പാടുകള്‍ ആണ് സ്മൃതികളില്‍ അവതരിപ്പിക്കപ്പെട്ടത്. അതിനെയാണ് സീത ചോദ്യംചെയ്തത്. സീതയും രാമനുമായി ഒരു ബന്ധവുമില്ലാത്ത ശംബൂകനെ നിങ്ങളെന്തിന് കൊന്നു എന്നത്, ഇന്നത്തെ പശ്ചാത്തലത്തില്‍ പറഞ്ഞാല്‍, ദലിത്, ന്യൂനപക്ഷ, സ്ത്രീ പീഡനത്തിനെതിരെ മലയാള സാഹിത്യത്തില്‍ ഉയര്‍ന്ന ഏറ്റവും ശക്തമായ ആദ്യത്തെ സ്വരമാണ് സീതയുടേത്.
മാത്രമല്ല, ശംബൂകന്റെ പക്ഷംചേരുന്ന സീത, ശ്രീരാമനെ കയ്യൊഴിയുകയും വാത്മീകി മഹര്‍ഷിയെ ആശ്ലേഷിക്കുകയും ചെയ്യുന്നുണ്ട്. കാരണം രാമന്റെ കൊട്ടാരത്തിലേക്ക് സീത പോകുന്നത് അവസാനം വാത്മീകി മഹര്‍ഷി പറഞ്ഞതുകൊണ്ടു മാത്രമാണ്. പക്ഷെ, സീത ഒന്നു മാത്രമേ കാണുന്നുള്ളൂ.. അത് വാത്മീകി മഹര്‍ഷിയുടെ കാലടിപ്പാതകളെയാണ്. എന്നിട്ട് രാമന്റെ മുന്‍പില്‍ ചെന്നുനിന്ന്, അധികാരത്തിന്റെ എല്ലാ പ്രലോഭനങ്ങളുമുണ്ടായിട്ടും, സീത ആ നിന്നനില്‍പ്പില്‍ ജീവിതം അവസാനിപ്പിക്കുകയാണ്. മലയാള സാഹിത്യത്തില്‍ നിരവധി തരത്തിലുള്ള ആത്മഹത്യകളുണ്ട്. റെയിലിന് തലവച്ചുള്ളതുണ്ട്, പൊട്ടാസ്യം സയനൈഡ് കഴിച്ചതുണ്ട്, കെട്ടിത്തൂങ്ങിയുള്ളതുണ്ട്. പക്ഷെ, നിന്ന സ്‌പോട്ടില്‍ ഭൂമിയില്‍ നിന്ന് അപ്രത്യക്ഷമാവും വിധം സീത നടത്തിയ ആത്മഹത്യ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണ്. അതും അധികാരത്തിന്റെ എല്ലാ പ്രതാപങ്ങളും പ്രൗഢികളും നിലനില്‍ക്കുന്ന സ്ഥലത്തുവച്ചാണ് ശ്രീരാമനെയും സിംഹാസനങ്ങളെയും എല്ലാത്തിനെയും വെല്ലുവിളിച്ചുകൊണ്ട് സീത തന്റെ മരണത്തിലൂടെ അധികാര വ്യവസ്ഥിതിക്കെതിരെ ഏറ്റവും ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയത്. ഒരുപക്ഷെ, രാമന്‍ വെട്ടിയെടുത്ത ശംബൂകനു വേണ്ടി പത്തൊന്‍പതിലെ കേരളത്തിലുയര്‍ന്ന നെഞ്ചംപൊട്ടിയുള്ള ആദ്യത്തെ സിന്ദാബാദ് വിളിയാണത്. സീതാകാവ്യത്തില്‍ ആര്‍ക്കെങ്കിലും അനുകൂലമായി ഒരു സിന്ദാബാദ് മുഴങ്ങുന്നുണ്ടെങ്കില്‍ അത് ശംബൂകന് വേണ്ടിയാണ്. ആര്‍ക്കെങ്കിലും എതിരെ വിളിക്കപ്പെടാത്ത മൂര്‍ദാബാദ് അതില്‍നിന്ന് കാതോര്‍ത്താല്‍ കേള്‍ക്കുമെങ്കില്‍ അത് ശ്രീരാമനാണ്.
ആര്‍ക്കുമൊരു ശല്യം ചെയ്യാതിരുന്ന ശംബൂകനെ കൊന്നത് ശ്രീരാമന്‍ ചെയ്ത ഘോരമായ കുറ്റമാണെന്ന് സീത കണ്ടെത്തുന്നു. ശംബൂകനെ പ്രതിനിധീകരിക്കുന്നവരാണ് ഇന്ന് ജയ് ശ്രീറാം വിളിക്കാത്തതിന്റെ പേരില്‍ മാത്രം കൊല്ലപ്പെടുന്നത്. നൂറു വര്‍ഷം മുന്‍പേ ആശാനിതു പ്രവചിക്കാനായതാണോ?
പീഡിപ്പിക്കപ്പെടുന്ന, പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന, ഇന്ത്യയിലെ ദലിത്, ന്യൂനപക്ഷ, സ്ത്രീ, ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന്റെ ഒരു പ്രതിനിധിയാണ് ശംബൂകന്‍. ശംബൂകന് മറ്റൊന്നും ആകാന്‍ പറ്റില്ല. കാരണം, ശംബൂകന്‍ കൊല്ലപ്പെട്ടത് എവിടെയോ ഒരു ബ്രാഹ്മണ ബാലന്‍ മരിച്ചു എന്ന പരാതിയെത്തുടര്‍ന്നാണ്. ബ്രാഹ്മണ ബാലന്റെ സ്വാഭാവിക മരണത്തിന് പരിഹാരമായിട്ട് ഒരു കൊല നടക്കുന്നു എന്നുള്ളതാണ്. സാധാരണ എത്ര അസ്വാഭാവികമായ മരണം നടന്നാലും ഒരു പോസ്റ്റ്‌മോര്‍ട്ടത്തില്‍ അവസാനിപ്പിക്കേണ്ടതാണ്. തുടര്‍ന്നുള്ള വിചാരണകളും കേസന്വേഷണങ്ങളും നടത്താവുന്നതാണ്. അതിനു പകരം, മരിച്ചത് ബ്രാഹ്മണനാണ് എന്ന ഒറ്റ കാരണം കൊണ്ട്, എങ്കില്‍ അതിനു കാരണം വര്‍ണവ്യവസ്ഥയെ വെല്ലുവിളിക്കുന്ന ഒരു ശൂദ്രന്റെ തപസാണ് എന്ന അവസ്ഥയിലേക്കു വരികയാണ്. അത് സവര്‍ണ മേല്‍ക്കോയ്മയുടെ കാഴ്ചപ്പാടാണ്. സത്യത്തില്‍ ഇന്ത്യന്‍ ഫാസിസത്തിന്റെ വേര് ആഴ്ന്നുകിടക്കുന്നത് സവര്‍ണ പ്രത്യയശാസ്ത്രത്തിലാണ്. അതുകൊണ്ടു തന്നെ 2019 ലെ ശംബൂകന്‍ ആരുടെ പ്രതിനിധിയാണ് എന്നതു മനസിലാക്കാന്‍ അന്വേഷണ കമ്മിഷനെ വയ്‌ക്കേണ്ട ഒരു കാര്യവുമില്ല. ചുറ്റും നടക്കുന്ന കാര്യങ്ങള്‍ കാണാന്‍ കണ്ണുണ്ടെങ്കില്‍, ചുറ്റും നടക്കുന്ന നിലവിളികള്‍ കേള്‍ക്കാന്‍ കാതുണ്ടെങ്കില്‍, മനുഷ്യരെ മനസിലാക്കാനാവുന്ന ഒരു മനസുണ്ടെങ്കില്‍, ഇന്ന് ശംബൂകന്‍ അടിച്ചമര്‍ത്തപ്പെട്ട മുഴുവന്‍ മനുഷ്യരുടെയും പ്രതിനിധിയാണ്.
അസമില്‍ 19 ലക്ഷത്തിലേറെ മനുഷ്യര്‍ പൗരത്വത്തിന് പുറത്തുനില്‍ക്കുമ്പോള്‍, ഇത്തരത്തിലുള്ള ജനാധിപത്യവിരുദ്ധമായ പൗരത്വപരിശോധന ഇന്ത്യയിലാകെ വ്യാപിപ്പിക്കണമെന്ന് സംഘപരിവാറും സില്‍ബന്ധികളും പറയുമ്പോള്‍, ശംബൂകന്‍ നമ്മുടെ മുന്‍പില്‍ രക്തമൊലിപ്പിച്ച് നിലവിളിച്ച് വന്നുനില്‍ക്കുന്ന ഒരവസ്ഥ. അതുപോലെ തന്നെ കശ്മീരില്‍ ഇന്നലെ വരെ, ഓഗസ്റ്റ് അഞ്ചു വരെ, ഇന്ത്യയുടെ സംസ്ഥാനമായിരുന്ന ഒരു സ്ഥലം, പെട്ടെന്ന് ഒരു രാഷ്ട്രഭൂപടത്തില്‍ നിന്ന് അപ്രത്യക്ഷമാവുകയാണ്. ഇന്ത്യയുടെ നാളിതുവരെയുള്ള ചരിത്രത്തില്‍ അത്തരമൊരു സംഭവമുണ്ടായിട്ടില്ല. പുതിയ സംസ്ഥാനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഉത്തരാഖണ്ഡ് ഉണ്ടായിട്ടുണ്ട്, ജാര്‍ഖണ്ഡ് ഉണ്ടായിട്ടുണ്ട്, തെലങ്കാന ഉണ്ടായിട്ടുണ്ട്. പക്ഷെ, പുതിയ സംസ്ഥാനങ്ങള്‍ പോലും ഉണ്ടായത് പെട്ടെന്നൊന്നുമല്ല. സംവാദം, പ്രതിഷേധം, ചര്‍ച്ച, അസംബ്ലി, പാര്‍ലമെന്റ് അങ്ങനെ വ്യത്യസ്തമായ ജനാധിപത്യ പ്രക്രിയയിലൂടെ നടന്ന ആലോചനകളുടെ അനിവാര്യത എന്ന നിലയിലാണ് ഒരു സംസ്ഥാനം ഉണ്ടായത്. എന്നാല്‍ എത്രയോ ചരിത്രസ്മരണകള്‍ ഇരമ്പുന്ന, ഇന്ത്യയുടെ ഉയര്‍ത്തിപ്പിടിക്കുന്ന ശിരസ് പോലെ നമ്മുടെ ഭൂപടത്തില്‍ നില്‍ക്കുന്ന കശ്മീര്‍, ഇന്ത്യയുടെ ശിരസാണ് മുറിച്ചുമാറ്റപ്പെട്ടത്.
മാത്രമല്ല, കശ്മീര്‍ എന്നതു തന്നെ ഇന്ന് വലിയൊരു തടവറയായി മാറിയിരിക്കുകയാണ്. കശ്മീരിനെ കുറിച്ച് സര്‍ക്കാര്‍ പറയുന്നതും യഥാര്‍ഥത്തില്‍ അവിടെ സംഭവിക്കുന്നതും വ്യത്യാസമുണ്ട്. ഇന്ത്യന്‍ സര്‍ക്കാര്‍ കഥയും തിരക്കഥയും സംവിധാനവും നടത്തി നമ്മുടെ മുന്‍പില്‍ അവതരിപ്പിക്കുന്ന കശ്മീരും കശ്മീരുകാര്‍ അനുഭവിക്കുന്ന വേറൊരു കശ്മീരുമുണ്ട്. ഇന്ത്യന്‍ സര്‍ക്കാര്‍ അവതരിപ്പിക്കുന്ന കശ്മീരില്‍ നിന്ന് കശ്മീരുകാര്‍ യഥാര്‍ഥത്തില്‍ അനുഭവിക്കുന്ന കശ്മീരിലേക്ക് നമ്മള്‍ക്ക് എത്താന്‍ പറ്റണം. അപ്പോഴേ നമ്മള്‍ കശ്മീരിനെ കാണൂ. അപ്പോള്‍ നമ്മള്‍ ശംബൂകനില്‍ തന്നെയാണ് എത്തിപ്പെടുക. കാരണം, ഒരു കുറ്റവും ചെയ്യാതെ ശിക്ഷ ഏറ്റുവാങ്ങേണ്ടി വന്ന ശംബൂകനെപ്പോലെയാണ് കശ്മീര്‍ ജനത. കശ്മീരില്‍ ഭീകരവാദം ജനാധിപത്യത്തിനെതിരെ പലതരത്തിലുള്ള വെല്ലുവിളികള്‍ നടത്തിയിട്ടുണ്ട്. അത് തീര്‍ച്ചയായിട്ടും ഇല്ലാതാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. കശ്മീരിലേക്ക് സര്‍ക്കാര്‍ കണക്കനുസരിച്ച് നുഴഞ്ഞുകയറുന്നത് മൂവായിരം ഭീകരരാണ്. സര്‍ക്കാരിന്റെ കണക്കനുസരിച്ച് ഏഴുലക്ഷം പട്ടാളക്കാര്‍ കശ്മീരില്‍ നില്‍ക്കുന്നുണ്ട്. ലോകത്തു തന്നെ ഇത്രയേറെ സൈനിക സാന്നിധ്യമുള്ള മറ്റൊരു സ്ഥലമില്ല. മൂവായിരം ഭീകരര്‍ക്കു വേണ്ടിയാണ് ഏഴു ലക്ഷം പട്ടാളമെങ്കില്‍ നമ്മള്‍ അന്തംവിട്ടുപോവുകയാണ്. കശ്മീരില്‍ ഇന്ത്യന്‍ സൈന്യം ഭീകരവാദത്തിനെതിരെ നടത്തുന്ന പോരാട്ടത്തെ കശ്മീര്‍ ജനത പിന്തുണച്ചിട്ടുണ്ട്. എന്നാല്‍ പലപ്പോഴും സൈന്യത്തിന്റെ അതിക്രമത്തിന് കശ്മീരിലെ ജനങ്ങള്‍ വിധേയമാകേണ്ടി വരുന്നു എന്നുള്ളതാണ്. അതുകൊണ്ട് കശ്മീരില്‍ നുഴഞ്ഞുകയറിയ ഭീകരര്‍ക്കെതിരെ ഇന്ത്യന്‍ ജനാധിപത്യം ശബ്ദിക്കണം. അതേസമയം, കശ്മീര്‍ സംസ്ഥാനം തന്നെ ഇല്ലാതാക്കി കൊണ്ട് ഇന്ത്യന്‍ സ്റ്റേറ്റ് നടത്തുന്ന ജനാധിപത്യവിരുദ്ധ പ്രവര്‍ത്തനത്തെ അപലപിക്കണം. കാരണം, സ്റ്റേറ്റിന്റെ ജനാധിപത്യവിരുദ്ധത ഭീകരവാദത്തെ വളര്‍ത്താന്‍ മാത്രമേ സഹായിക്കുകയുള്ളൂ. അത് ഭീകരവാദത്തിനെതിരെ സമരം ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം, സ്‌റ്റേറ്റിന്റെ ഈ ജനാധിപത്യ വിരുദ്ധതയ്‌ക്കെതിരെയും സമരം അനിവാര്യമാണ്.
ശ്രീരാമന്‍ പലര്‍ക്കും അവതാരമാണ്, ദൈവമാണ്. എന്നാലിപ്പോള്‍ അധികാരരാഷ്ട്രീയത്തിന്റെ നിലപാടായി അതു മാറിയിരിക്കുന്നു. യഥാര്‍ഥ രാമഭക്തരെ അവഹേളിക്കലല്ലേ ഇത്?
രാമനെ ദൈവമായി കാണുന്ന കോടിക്കണക്കിന് പേര്‍ ഇന്ത്യയിലുണ്ട്. അതിനവര്‍ക്ക് സ്വാതന്ത്ര്യമുണ്ട്. രാമനെ മഹത്തായ ഒരു മാതൃകയായി കാണുന്ന, എന്നാല്‍ ദൈവമായി കാണാത്ത കോടിക്കണക്കിന് ആളുകളും ഇന്ത്യയിലുണ്ട്. രാമനെ ഒരു ചീത്ത മാതൃകയായി കാണുന്ന കോടിക്കണക്കിന് ആളുകളുണ്ട്, അംബേദ്കര്‍ ഉള്‍പ്പെടെ. ഒരു കാരണവുമില്ലാതെ ശംബൂകനെ കൊന്നത്, ഒരു കാര്യവുമില്ലാതെ സീതയെ പരിഛേദിച്ചത് ഇതൊക്കെ രാമനെതിരായുള്ള കുറ്റപത്രത്തില്‍ അവര്‍ ഉന്നയിക്കുന്നു. മാത്രമല്ല അംബേദ്കര്‍ രാമായണത്തെ ദ്യുജസാഹിത്യമെന്നാണ് വിളിച്ചത്. അത് സവര്‍ണ സാഹിത്യമാണ്.
അപ്പോള്‍ പറഞ്ഞുവരുന്നത്, രാമനെ ദൈവമായി ആരാധിക്കുന്നവര്‍ക്ക് അതിന് അവകാശമുണ്ടാവണം. അത് അവരുടെ സ്വാതന്ത്ര്യത്തിന്റെ പ്രശ്‌നമാണ്. രാമനെ മികച്ച മാതൃകയായി ആദരിക്കുന്നവര്‍ക്ക് അതിനുള്ള അവസരമുണ്ടാകണം. രാമനെ വിമര്‍ശിക്കുന്നവര്‍ക്ക് അതിനുള്ള അവസരവുമുണ്ടാവണം. ഇന്ത്യയില്‍ ഉടനീളം കോടിക്കണക്കിന് മനുഷ്യര്‍ രാമനെ ആരാധിക്കുന്നുണ്ട്. പക്ഷെ, ഇന്ന് ഇന്ത്യയിലെ പ്രശ്‌നം, ആളുകളുടെ ശ്രീരാമ ഭക്തിയല്ല. ഭക്തി പ്രസക്തമാകുന്നത് നെറ്റിയില്‍ നിന്ന് പൂവിരിഞ്ഞ് സുഗന്ധം പരത്തുമ്പോഴാണ്. എന്നാല്‍ നെറ്റിയില്‍ നിന്ന് കൊമ്പ് മുളച്ചിട്ട്, മറ്റുള്ളവരുടെ നെഞ്ച് തുളച്ച് കുത്തിയൊഴുകുന്ന ചോരയില്‍ കുളിച്ച് കുളിര്‍മ കൊള്ളുന്ന കാടത്തത്തിന്റെ പേരല്ല. അതാണ് ഇന്ത്യയില്‍ സംഭവിക്കുന്നത്.
നമ്മളൊക്കെ വിചാരിച്ചത്, അത് ഉത്തരേന്ത്യയില്‍ ഒതുങ്ങുമെന്നാണ്. പക്ഷെ, ഇവിടെയും എത്തി. രാമഭക്തനായ ലോകത്തിന്റെ അഭിമാനമാണ് അടൂര്‍ ഗോപാലകൃഷ്ണന്‍. ആ അടൂരിനെക്കുറിച്ചാണ് ബി.ജെ.പിയിലെ ഗോപാലകൃഷ്ണന്‍ ചന്ദ്രനില്‍ പോകാന്‍ പറയുന്നത്. ആരാണ് യഥാര്‍ഥ രാമഭക്തന്‍ എന്നുള്ളതാണ്. രാജ്യത്തിന്റെ അഭിമാനമായ അടൂര്‍ ഗോപാലകൃഷ്ണനാണോ അതോ എന്റെ സംവാദസുഹൃത്തുകൂടിയായ ബി.ജെ.പിയിലെ ഗോപാലകൃഷ്ണനാണോ? ബി.ജെ.പിയിലെ ഗോപാലകൃഷ്ണന്‍ രാമഭക്തനാണോ എന്ന് അറിഞ്ഞുകൂടാ.. പക്ഷെ, രാമഭക്തനായ അടൂരിനോട് ചന്ദ്രനിലേക്കു പോകാന്‍ പറഞ്ഞ ആ സമയമെങ്കിലും അയാളുടെ രാമഭക്തി റദ്ദായിപ്പോയിട്ടുണ്ടാകുമെന്നാണ് എന്റെ അഭിപ്രായം. ഉണ്ടെങ്കില്‍ അങ്ങനെ പറയാന്‍ പറ്റില്ല. മാത്രമല്ല, ചന്ദ്രനില്‍ ആളുകളുണ്ടെങ്കില്‍ അവിടെയും രാമഭക്തി ആവാമല്ലോ. ഇത് രാമഭക്തിയുടെ പ്രശ്‌നമല്ല. ആരുടെയും പ്രത്യേക ആഹ്വാനമില്ലാതെ തന്നെ നമ്മുടെ നാട്ടില്‍ എത്രയോ കാലമായി, ഇപ്പോഴും, വൈകുന്നേരമാകുമ്പോള്‍ കുട്ടികള്‍ രാമനാമം ജപിക്കുന്നത് കേള്‍ക്കാന്‍ പറ്റും. അത് രാമനില്‍ വിശ്വസിക്കാത്തവര്‍ക്കും ഹൃദയത്തില്‍ സ്പര്‍ശിക്കുന്ന കാര്യമാണ്. സന്ധ്യാസമയത്ത് അലറിവിളിക്കുന്നതിനു പകരം വളരെ ഹൃദയസ്പര്‍ശിയായ താളത്തില്‍ രാമ.. രാമ.. രാമ.. ഇപ്പോഴും വൈകുന്നേരമായാല്‍ തൊട്ടടുത്ത വീട്ടില്‍ നിന്ന് കേള്‍ക്കും. അത് വിശ്വാസമുള്ളവരെയും ഇല്ലാത്തവരെയും കുളിര്‍മകൊള്ളിക്കുന്ന കാര്യമാണ്. നേറെ മറിച്ച്, ഒരുത്തന്റെ നെഞ്ചില്‍ ചവിട്ടിയിട്ട് വിളിക്കെടാ.. ജയ് ശ്രീറാം എന്നു പറയുന്നത്, രാമനെയും അവഹേളിക്കലാണ്. മനുഷ്യത്വത്തെയും അവഹേളിക്കലാണ്.
അരുതെന്തയി! വീണ്ടുമെത്തി ഞാന്‍
തിരുമുമ്പില്‍ തെളിവേകി ദേവിയായ്
മരുവീടണമെന്നു മന്നവന്‍
കരുതുന്നോ? ശരി പാവയോയിവള്‍
എല്ലാ അധികാരങ്ങളുടേയും മുന്നില്‍ വച്ച്, അതിന്റെ എല്ലാ പ്രലോഭനങ്ങളുടെയും മുന്നില്‍ വച്ച്, തന്നെ സ്വീകരിക്കാന്‍ തയ്യാറായ ഔദാര്യത്തെ അട്ടിമറിച്ച് ജീവത്യാഗം ചെയ്യുമ്പോഴും സീത ജയ്ശ്രീറാം വിളിക്കുന്നില്ല. അന്നു വിളിക്കാത്ത ജയ്ശ്രീറാം വിളിക്കണമെന്ന് ശാഠ്യംപിടിക്കുന്നവരുടെ കാലമാണിന്ന്. സ്ത്രീപക്ഷ രചന എന്നതിനപ്പുറത്ത് മനുഷ്യപക്ഷ രചനയാണ് സീതയെന്ന് പറയാനാവില്ലേ?
മനുഷ്യന്റെ പ്രതീകം തന്നെയാണ്. നമ്മള്‍ സ്ത്രീയെന്നും പുരുഷനെന്നും ട്രാന്‍സ്‌ജെന്‍ഡറെന്നും പറയുന്നതാണ് മനുഷ്യന്‍. മനുഷ്യന്റെ തന്നെ വ്യത്യസ്ത ലിംഗാവിഷ്‌കാരങ്ങളാണല്ലോ ഇവയെല്ലാം. ഇനി കുറച്ചുകൂടി സൂക്ഷ്മത പുലര്‍ത്തുകയാണെങ്കില്‍ ഈ ജീവിതരീതിയിലും പെടാത്തവരും ഉണ്ടാവും. അത് ജനാധിപത്യം എത്രകണ്ട് വളരുന്നോ അത്രകണ്ട് നമ്മുടെ സൂക്ഷ്മത വര്‍ധിക്കും. അതിനനുസരിച്ച് നമ്മുടെ വിശലകനങ്ങള്‍ വിസ്തൃതമാവും. ജനാധിപത്യം എത്ര കുറയുന്നോ, അക്രണ്ട് നമ്മുടെ വിശലകനങ്ങള്‍ സങ്കുചിതമാവും. അത്രകണ്ട് നമ്മുടെ ജീവിതവീക്ഷണം ഇടുങ്ങിവരും. അതു വല്ലാതെ ഇടുങ്ങിയാല്‍ നമ്മള്‍ക്ക് നമ്മളെ മാത്രമേ കാണാന്‍ പറ്റൂ. വേറെ ആരെയും കാണാനാവില്ല. മതിലില്ലാതെ തന്നെ നമ്മള്‍ മതിലിന്റെ അകത്താവും.
അപ്പോള്‍ സീത, കുമാരനാശാന്‍ 1919 ലാണല്ലോ ഇതെഴുതുന്നത്. അന്ന് ഇതെഴുതുമ്പോള്‍ അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അടിച്ചമര്‍ത്തപ്പെട്ട ജനങ്ങളുടെ മുഴുവന്‍ സങ്കമാണ് കണ്ടത്. കാരണം, രാജകൊട്ടാരത്തില്‍ ജീവിച്ചു, കാട്ടിലേക്ക് ഉപേക്ഷിക്കപ്പെട്ടു, ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ അപവാദങ്ങള്‍ കേട്ടു, ആരും സഹായിക്കാന്‍ ഉണ്ടായില്ല. കാട്ടില്‍ ലക്ഷ്മണന്‍ ഉപേക്ഷിക്കുമ്പോള്‍ ആശ്വസിപ്പിക്കാന്‍ ഒരു ആകാശംപോലുമില്ല. അപ്പോഴാണ് മകളേ.. ഇതു നിന്റെ വീടാണ് എന്നു പറഞ്ഞ് വാത്മീകി മഹര്‍ഷി പ്രത്യക്ഷപ്പെടുന്നത്. വാത്മീകിയാണ് സീതയുടെ ഭൂമിയും സീതയുടെ ആകാശവും. ശ്രീരമനല്ല. അതോടൊപ്പം ആധുനിക കാലത്ത്, ഉപേക്ഷിക്കപ്പെട്ട മനുഷ്യരാണ് സീതയുടെ ഭൂമിയും ആകാശവും. അല്ലാതെ, ജയ്ശ്രീറാം വിളിക്കെടാ എന്നാജ്ഞാപിക്കുന്ന സംഘ്പരിവാറല്ല.
ഞാന്‍ ഒരു സംവാദത്തില്‍ പറഞ്ഞു. ശ്രീകൃഷ്ണനെക്കുറിച്ചാണ് പറയുന്നത്. ശ്രീകൃഷ്ണന്‍ എന്നു പറയുന്നത് രണ്ടര്‍ഥത്തില്‍, ദൈവം എന്നര്‍ഥത്തില്‍ ഭക്തര്‍ക്ക് വിശ്വാസം, ഒരു കഥാപാത്രം എന്നര്‍ഥത്തില്‍ മറ്റുള്ളവര്‍ക്കും. ശ്രീകൃഷ്ണന്‍ വളരെ കുട്ടിയായിരുന്നപ്പോള്‍ മണ്ണുവാരി കളിക്കുന്നതിനിടെ യശോദ ദേഷ്യംപിടിച്ച് വായില്‍ നിന്ന് മണ്ണെടുക്കാന്‍ വേണ്ടി ആ കുഞ്ഞുവായ തുറന്നപ്പോള്‍ ഈ വിശ്വം മുഴുവന്‍ അതില്‍ കാണുകയുണ്ടായി. അതേതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയുടെ ഓഫിസോ ഒന്നുമല്ലല്ലോ, കൃഷ്ണന്റെ വായില്‍ക്കണ്ടത്? ബി.ജെ.പിയുടെ ഓഫിസാണോ അതില്‍ കണ്ടത്? അല്ല. ലോകത്തെ വിസ്മയങ്ങള്‍ മുഴുവനാണ് അതില്‍ കണ്ടത്. പക്ഷെ, ഇപ്പോള്‍ ആകെ ശ്രീകൃഷ്ണന്റെ വായിലും ശ്രീരാമന്റെ കയ്യിലും ബി.ജെ.പി മാത്രമായി മാറുകയാണ്. അത് കുമാരനാശാന്‍ ഉള്‍പ്പെടെ ഒരു എഴുത്തുകാരനും സമ്മതിക്കുന്ന കാര്യമല്ല. കുമാരനാശാന്‍ മാത്രമല്ല, സി.എന്‍ ശ്രീകണ്ഠന്‍ നായരുടെ ലങ്കാലക്ഷ്മി, സാകേതം, കാഞ്ചനസീത, കുട്ടികൃഷ്ണ മാരാരുടെ ഭാരതപര്യടനത്തിലെ വാത്മീകിയെക്കുറിച്ചും ശ്രീരാമനെക്കുറിച്ചുമുള്ള പഠനം. ഇങ്ങനെ നിരവധി പഠനങ്ങള്‍ വന്നിട്ടുണ്ട്. ഇന്ത്യയില്‍ മുന്നൂറോളം രാമായണങ്ങളുണ്ട്. ഓരോ രാമായണത്തിലും ഓരോ രീതിയിലാണ് കാര്യങ്ങള്‍ പറയുന്നത്. അതിന് സ്വാതന്ത്ര്യമുണ്ട്. നിങ്ങള്‍ക്ക് അധ്യാത്മ രാമായാണം ഉയര്‍ത്തിപ്പിടിക്കാം, വാത്മീകി രാമായണം ഉയര്‍ത്തിപ്പിടിക്കാം, അത്ഭുത രാമായണമുണ്ട്, ആനന്ദ രാമായണമുണ്ട്, പല രാമായണങ്ങളുമുണ്ട്. അതില്‍ എല്ലാം ഉയര്‍ത്തിപ്പിടിക്കാം. ഒന്നും ഉയര്‍ത്തിപ്പിടിക്കാതെയുമിരിക്കാം. അതിപ്പോള്‍ ഒരാളുടെ സ്വാതന്ത്രമാണല്ലോ.
ഒരാള്‍ ഹിന്ദുമതത്തില്‍ ജനിച്ചു. ഹിന്ദുമതം പുലര്‍ത്താന്‍ ആഗ്രഹമുണ്ടെങ്കില്‍ പുലര്‍ത്താം. ഇസ്‌ലാം മതത്തില്‍ ജനിച്ചു. ഇസ്‌ലാം മതം പുലര്‍ത്താന്‍ താല്‍പര്യമുണ്ടെങ്കില്‍ ആവാം. ഇല്ലെങ്കില്‍ വേണ്ട. വിശ്വാസം എന്നുള്ളത് സ്വയംബോധത്തില്‍ നിന്നുണ്ടാവേണ്ടതാണ്. അടിച്ചേല്‍പ്പിക്കേണ്ടതല്ല. അടിച്ചേല്‍പ്പിക്കുന്നത് വിശ്വാസമല്ല, അധികാരമാണ്. വിശ്വാസം എന്നത് അടിയില്‍ നിന്ന് സ്വയം ഉണ്ടാവണം.
എന്റെ എല്ലാ കൃതികളും നഷ്ടപ്പെട്ടാലും ഈയൊരറ്റ കൃതികൊണ്ട് ഞാന്‍ ജീവിക്കും എന്ന് ആശാന്‍ പറഞ്ഞിട്ടുണ്ട്. അതു ശരിയാണെന്ന് കാലം തെളിയിക്കുകയുമാണ്. സീതയുടെ ആത്മത്യാഗത്തെ എങ്ങനെ കാണാം?
എന്റെ ഈ കൃതി വായിക്കാന്‍ മലയാളം പഠിക്കുന്ന കാലം വരുമെന്ന് കുമാരനാശാന്റെ ആത്മവിശ്വാസമാണത്. ആ ആത്മവിശ്വാസം അനാഥമാവാന്‍ പാടില്ല. അങ്ങനെയുള്ള ആത്മവിശ്വാസത്തിന് ഒരു അടിസ്ഥാനുണ്ട്. അത് മനുഷ്യസ്‌നേഹമാണ്. ആഴത്തിലുള്ള മനുഷ്യസ്‌നേഹം. സത്യത്തില്‍ സീതയുടെ ആത്മത്യാഗം പോലും രാമനോടുള്ള കേവലവിരോധമല്ല. മറ്റൊരു അര്‍ഥത്തില്‍ പറഞ്ഞാല്‍ സീതയുടെ ആത്മത്യാഗം രാമനെ കൂടി രക്ഷിക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ്. കാരണം, നമ്മുടെ കാല്‍ക്കീഴില്‍ ഒരാള്‍ അടിമയായി ഉണ്ടായിരിക്കുന്നിടത്തോളം കാലം, ആ അടിമ മാത്രമല്ല, നമ്മളും സ്വതന്ത്രരല്ല. അയാള്‍ പൂര്‍ണ സ്വതന്ത്രനാവണമെങ്കില്‍ ആ അടിമയും സ്വതന്ത്രനാവണം. അതുകൊണ്ട്, അധികാരത്തിന്റെ ലോകത്തു നിന്ന് ശ്രീരാമനെ സ്‌നേഹത്തിന്റെ ലോകത്തേക്കു കൊണ്ടുവന്ന് വിമോചിപ്പിക്കണമെങ്കില്‍ ഒരു വലിയ രക്തസാക്ഷിത്വം ആവശ്യമുണ്ടായിരുന്നു എന്ന കുമാരനാശാന്റെ തിരിച്ചറിവാണ് ചിന്താവിഷ്ടയായ സീതയിലെ അവസാനത്തെ അപ്രത്യക്ഷമാവല്‍. അതിനെ ആത്മഹത്യ എന്നു വിളിക്കുന്നതില്‍ തെറ്റൊന്നുമില്ല. ആത്മത്യാഗം എന്നും വിളിക്കാം.
അടിച്ചമര്‍ത്തലുകളുടെ കാലത്ത് ചിന്താവിഷ്ടയായ സീതയിലെ സീത ഒരു പ്രതീക്ഷയാണല്ലോ?
അതായത് കുമാരനാശാനെ സംബന്ധിച്ചിടത്തോളം, അദ്ദേഹം രാമായണം വായിച്ച്, ഉപേക്ഷിക്കപ്പെട്ട ഒരു സ്ത്രീയെ ആണ് രാമായണത്തില്‍ നിന്ന് കണ്ടെടുത്തത്. സീത, കുമാരനാശാനെ സംബന്ധിച്ചിടത്തോളം ശ്രീരാമന്റെ പ്രണയിനി ആയിട്ടുള്ള സീത മാത്രമല്ല. ഇന്ത്യയുടെ ലക്ഷക്കണക്കിന് ആളുകള്‍ ഭക്തിപൂര്‍വ്വം ആരാധിക്കുന്ന സീതാദേവി മാത്രമല്ല. സീതാദേവി ആണ്, ശ്രീരാമന്റെ പ്രിയപ്പെട്ടവള്‍ എന്നര്‍ഥത്തില്‍ സീതയാണ്. പക്ഷെ, ശ്രീരാമന്റെ പ്രിയപ്പെട്ട പ്രണയിനി സീതയ്ക്കപ്പുറം, ഇന്ത്യയില്‍ കോടിക്കണക്കിന് മനുഷ്യര്‍ ആരാധിക്കുന്ന സീതാദേവിക്കപ്പുറം, ഉപേക്ഷിക്കപ്പെട്ട, മേല്‍വിലാസമില്ലാത്ത ശരാശരി സ്ത്രീകളുടെ സങ്കടത്തിന്റെ ഒരു പ്രതിനിധി എന്നര്‍ഥത്തില്‍ ഒരു സീതയെ കൂടി നിര്‍മിച്ചു എന്നുള്ളതാണ് കുമാരനാശാന്റെ പ്രധാനപ്പെട്ട ദൗത്യം.
അപ്പോള്‍ സീത, കുമാരനാശാന്‍ 1919 ലാണല്ലോ ഇതെഴുതുന്നത്. അന്ന് ഇതെഴുതുമ്പോള്‍ അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അടിച്ചമര്‍ത്തപ്പെട്ട ജനങ്ങളുടെ മുഴുവന്‍ സങ്കമാണ് കണ്ടത്. കാരണം, രാജകൊട്ടാരത്തില്‍ ജീവിച്ചു, കാട്ടിലേക്ക് ഉപേക്ഷിക്കപ്പെട്ടു, ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ അപവാദങ്ങള്‍ കേട്ടു, ആരും സഹായിക്കാന്‍ ഉണ്ടായില്ല. കാട്ടില്‍ ലക്ഷ്മണന്‍ ഉപേക്ഷിക്കുമ്പോള്‍ ആശ്വസിപ്പിക്കാന്‍ ഒരു ആകാശംപോലുമില്ല. അപ്പോഴാണ് മകളേ.. ഇതു നിന്റെ വീടാണ് എന്നു പറഞ്ഞ് വാത്മീകി മഹര്‍ഷി പ്രത്യക്ഷപ്പെടുന്നത്. വാത്മീകിയാണ് സീതയുടെ ഭൂമിയും സീതയുടെ ആകാശവും. ശ്രീരമനല്ല. അതോടൊപ്പം ആധുനിക കാലത്ത്, ഉപേക്ഷിക്കപ്പെട്ട മനുഷ്യരാണ് സീതയുടെ ഭൂമിയും ആകാശവും. അല്ലാതെ, ജയ്ശ്രീറാം വിളിക്കെടാ എന്നാജ്ഞാപിക്കുന്ന സംഘ്പരിവാറല്ല.
ഞാന്‍ ഒരു സംവാദത്തില്‍ പറഞ്ഞു. ശ്രീകൃഷ്ണനെക്കുറിച്ചാണ് പറയുന്നത്. ശ്രീകൃഷ്ണന്‍ എന്നു പറയുന്നത് രണ്ടര്‍ഥത്തില്‍, ദൈവം എന്നര്‍ഥത്തില്‍ ഭക്തര്‍ക്ക് വിശ്വാസം, ഒരു കഥാപാത്രം എന്നര്‍ഥത്തില്‍ മറ്റുള്ളവര്‍ക്കും. ശ്രീകൃഷ്ണന്‍ വളരെ കുട്ടിയായിരുന്നപ്പോള്‍ മണ്ണുവാരി കളിക്കുന്നതിനിടെ യശോദ ദേഷ്യംപിടിച്ച് വായില്‍ നിന്ന് മണ്ണെടുക്കാന്‍ വേണ്ടി ആ കുഞ്ഞുവായ തുറന്നപ്പോള്‍ ഈ വിശ്വം മുഴുവന്‍ അതില്‍ കാണുകയുണ്ടായി. അതേതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയുടെ ഓഫിസോ ഒന്നുമല്ലല്ലോ, കൃഷ്ണന്റെ വായില്‍ക്കണ്ടത്? ബി.ജെ.പിയുടെ ഓഫിസാണോ അതില്‍ കണ്ടത്? അല്ല. ലോകത്തെ വിസ്മയങ്ങള്‍ മുഴുവനാണ് അതില്‍ കണ്ടത്. പക്ഷെ, ഇപ്പോള്‍ ആകെ ശ്രീകൃഷ്ണന്റെ വായിലും ശ്രീരാമന്റെ കയ്യിലും ബി.ജെ.പി മാത്രമായി മാറുകയാണ്. അത് കുമാരനാശാന്‍ ഉള്‍പ്പെടെ ഒരു എഴുത്തുകാരനും സമ്മതിക്കുന്ന കാര്യമല്ല. കുമാരനാശാന്‍ മാത്രമല്ല, സി.എന്‍ ശ്രീകണ്ഠന്‍ നായരുടെ ലങ്കാലക്ഷ്മി, സാകേതം, കാഞ്ചനസീത, കുട്ടികൃഷ്ണ മാരാരുടെ ഭാരതപര്യടനത്തിലെ വാത്മീകിയെക്കുറിച്ചും ശ്രീരാമനെക്കുറിച്ചുമുള്ള പഠനം. ഇങ്ങനെ നിരവധി പഠനങ്ങള്‍ വന്നിട്ടുണ്ട്. ഇന്ത്യയില്‍ മുന്നൂറോളം രാമായണങ്ങളുണ്ട്. ഓരോ രാമായണത്തിലും ഓരോ രീതിയിലാണ് കാര്യങ്ങള്‍ പറയുന്നത്. അതിന് സ്വാതന്ത്ര്യമുണ്ട്. നിങ്ങള്‍ക്ക് അധ്യാത്മ രാമായാണം ഉയര്‍ത്തിപ്പിടിക്കാം, വാത്മീകി രാമായണം ഉയര്‍ത്തിപ്പിടിക്കാം, അത്ഭുത രാമായണമുണ്ട്, ആനന്ദ രാമായണമുണ്ട്, പല രാമായണങ്ങളുമുണ്ട്. അതില്‍ എല്ലാം ഉയര്‍ത്തിപ്പിടിക്കാം. ഒന്നും ഉയര്‍ത്തിപ്പിടിക്കാതെയുമിരിക്കാം. അതിപ്പോള്‍ ഒരാളുടെ സ്വാതന്ത്രമാണല്ലോ.
ഒരാള്‍ ഹിന്ദുമതത്തില്‍ ജനിച്ചു. ഹിന്ദുമതം പുലര്‍ത്താന്‍ ആഗ്രഹമുണ്ടെങ്കില്‍ പുലര്‍ത്താം. ഇസ്‌ലാം മതത്തില്‍ ജനിച്ചു. ഇസ്‌ലാം മതം പുലര്‍ത്താന്‍ താല്‍പര്യമുണ്ടെങ്കില്‍ ആവാം. ഇല്ലെങ്കില്‍ വേണ്ട. വിശ്വാസം എന്നുള്ളത് സ്വയംബോധത്തില്‍ നിന്നുണ്ടാവേണ്ടതാണ്. അടിച്ചേല്‍പ്പിക്കേണ്ടതല്ല. അടിച്ചേല്‍പ്പിക്കുന്നത് വിശ്വാസമല്ല, അധികാരമാണ്. വിശ്വാസം എന്നത് അടിയില്‍ നിന്ന് സ്വയം ഉണ്ടാവണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."