മഅ്ദനി അന്‍വാര്‍ശ്ശേരിയില്‍; മാതാവിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു
ശാസ്താംകോട്ട(കൊല്ലം): ജാമ്യവ്യവസ്ഥയില്‍ ഇളവ് ലഭിച്ച് കേരളത്തിലെത്തിയ പി.ഡി.പി ചെയര്മാന് അബ്ദുല്‍ നാസര്‍ മഅ്ദനി അസുഖബാധിതയായ മാതാവിനെ സന്ദര്‍ശിച്ചു. കൊല്ലം ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിയാണ് മഅ്ദനി മാതാവിനെ സന്ദര്‍ശിച്ചത് . ബംഗളൂരുവില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ മഅ്ദനിയെ കനത്ത സുരക്ഷയിലാണ് ശാസ്താംകോട്ടയില്‍ എത്തിച്ചത്. മഅ്ദനിക്കൊപ്പം ഭാര്യ സൂഫിയ, മകന് സലാഹുദ്ദീന് അയ്യൂബി, പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ്, സഹായികളായ സലിം ബാബു, നിയാസ് എന്നിവരുമുണ്ടായിരുന്നു.
അര്‍ബുദ രോഗബാധിതയായ അസ്മാബീവി അതീവ ഗുരുതരാവസ്ഥയില്‍ ശാസ്താംകോട്ടയിലെ ആശുപത്രിയില്‍ കഴിയുകയാണ്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ശനിയാഴ്ച രാത്രിയോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മാതാവിനെ സന്ദര്‍ശിക്കാന്‍ കോടതി ജാമ്യവ്യവസ്ഥകളില്‍ ഇളവ് അനുവദിച്ചതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ പത്തരയോടെ എത്തിയ മഅ്ദനിയെ സ്വീകരിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയിരുന്നു. മഅ്ദനിക്ക് പരസ്യ പ്രതികരണത്തിന് വിലക്കേര്‍പ്പെടുത്തിയ കോടതി വിധിയില്‍ പ്രതിഷേധിച്ച് വാമൂടിക്കെട്ടിയാണ് പ്രവര്‍ത്തകര്‍ അദ്ദേഹത്തെ സ്വീകരിക്കാനെത്തിയത്. റോഡ് മാര്‍ഗമാണ് മഅ്ദനി ശാസ്താംകോട്ടയിലെത്തിയത്. ഉച്ചക്ക് ഒരു മണിയോടെ ആശുപത്രിയിലെത്തി മാതാവിനെ സന്ദര്‍ശിച്ചു. പിന്നീട് അന്‍വാര്‍ശ്ശേരിയിലേക്ക് പോയി. തുടര്‍ന്ന് സഹോദരന്റെ വീട്ടില്‍ കഴിയുന്ന പിതാവിനെ സന്ദര്‍ശിച്ചു. അടുത്ത മാസം നാലുവരെ കേരളത്തില്‍ കഴിയാനാണ് കോടതി അനുമതി നല്‍കിയത്. നാലിന് വിമാന മാര്‍ഗം മഅ്ദനി ബംഗളൂരുവിലേക്ക് മടങ്ങും.ജാമ്യവ്യവസ്ഥയിലെ കര്‍ശന നിര്‍ദേശങ്ങള്‍ക്ക് ഇളവ് തേടി കര്‍ണാടക ഹൈക്കോടതിയില്‍ നല്കിയ ഹരജിയില്‍ ഇന്ന് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ അഭിഭാഷകനോട് കോടതി ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."