അടച്ചുപൂട്ടിയ എണ്ണക്കമ്പനി തുറക്കാന്‍ പഞ്ചായത്ത് അനുമതി; ഓഫിസ് ജീവനക്കാരെ പൂട്ടിയിട്ടു
പാറശാല: പാറശാലയ്ക്ക് സമീപം കുഴിഞ്ഞാന്വിളയിലുള്ള സതേണ്‍ ഓയില്‍ റിഫൈനറി തുറന്ന് പ്രവര്‍ത്തിക്കാന്‍ അനധികൃതമായി പഞ്ചായത്ത് ലൈസന്‍സ് അനുവദിച്ചു എന്ന ആരോപണം ഉന്നയിച്ച് പഞ്ചായത്ത് ജീവനക്കാരെ കോണ്‍ഗ്രസ് -ബി ജെ.പി പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് പൂട്ടിയിട്ടു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രവര്‍ത്തനം ആരംഭിച്ച കുഴിഞ്ഞാന്വിളയിലുള്ള ഓയില്‍ റിഫൈനറി കഴിഞ്ഞ രണ്ട് വര്‍ഷമായി നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് പൂട്ടിയിട്ടിരിക്കുകയായിരുന്നു. പഴകിയ ഓയിലുകള്‍ ശേഖരിച്ച് റിസൈക്ലിങ് ചെയ്ത് പുതിയ ഓയിലാക്കി പുറത്തിറക്കുന്ന ഈ ഫാക്ടറിയില്‍ നിന്നും പുറത്ത് വരുന്ന മാലിന്യം പത്ത് കിലോമീറ്റര്‍ ചുറ്റളവിലുള്ള ജനങ്ങളില്‍ കാന്‍സര്‍ പോലുള്ള മാരക രോഗം ഉണ്ടാക്കുന്നു എന്ന നാട്ടുകാരുടെ നിരന്തര പ്രതിഷേധത്തെത്തുടര്‍ന്ന് റിഫൈനറി പൂട്ടുകയായിരുന്നു.
റി ഫൈനറി തുറന്ന് പ്രവര്‍ത്തനം ആരംഭിക്കാന്‍ പഞ്ചായത്തിന്റെ അനുമതി വേണമെന്നിരിക്കേ ഒരാഴ്ച മുന്‍പ് നിയമം ലംഘിച്ച് പഞ്ചായത്ത് ഭരണസമിതിയും സെക്രട്ടറിയും ചേര്‍ന്ന് ലൈസന്‍സ് പുതുക്കി നല്‍കുകയായിരുന്നു എന്നാണ് ആരോപണം. ഇതില്‍ പ്രതിഷേധിച്ച് നാട്ടുകാരും രാഷ്ട്രീയക്കാരും സമരസമിതിയും ചേര്‍ന്ന് ഒരാഴ്ചയായി പഞ്ചായത്ത് പടിക്കല്‍ സമര പരിപാടികള്‍ നടത്തിവരികയായിരുന്നു. ഇതേതുടര്‍ന്ന് പഞ്ചായത്ത് ഭരണ സമിതി പഞ്ചായത്ത് അംഗങ്ങളെ കൂട്ടിച്ചേര്‍ത്ത് ചര്‍ച്ചയ്ക്ക് തയാറാകുകയും ഇന്നലെ ചര്‍ച്ച നടക്കാനിരിക്കേ ഭരണ സമിതി അംഗങ്ങള്‍ എത്താതിരിക്കുകയും പ്രതിപക്ഷത്തുളള കോണ്‍ഗ്രസ് അംഗങ്ങള്‍ രാവിലെ മുതല്‍ പഞ്ചായത്ത് പടിക്കല്‍ ധര്‍ണ നടത്തുകയും വൈകുന്നേരം പഞ്ചായത്ത് ജീവനക്കാരെ ഓഫീസിനുളളില്‍ പൂട്ടിയിടുകയും ചെയ്തു.
പൊലീസ് എത്തിയെങ്കിലും സമരക്കാര്‍ ഭരണ സമിതി എത്താതെ പിന്മാറില്ല എന്ന തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. രാത്രി വളരെ വൈകിയും പഞ്ചായത്ത് ഓഫീസിനു മുന്നില്‍ ധര്‍ണ നടക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."