വില്ലേജ് ഓഫിസുകളുടെ പ്രവര്‍ത്തനം കൂടുതല്‍ ജനസൗഹൃദമാക്കും: റവന്യൂ മന്ത്രി
തിരുവനന്തപുരം: വില്ലേജ് ഓഫിസുകള്‍ കൂടുതല്‍ ജനസൗഹൃദമാക്കുകയും അതുവഴി പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയുമാണു ലക്ഷ്യമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍. ജനസൗഹൃദ അന്തരീക്ഷത്തിലൂടെ സര്‍ക്കാര്‍ ഓഫിസുകളുടെ പ്രവര്‍ത്തന നിലവാരം മെച്ചപ്പെടുത്താനാകുമെന്നും അദ്ദേഹം പറഞ്ഞു. തൊളിക്കോട് വില്ലേജ് ഓഫിസിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം സംസ്ഥാനത്തെ മുഴുവന്‍ വില്ലേജ് ഓഫിസുകളുടെയും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനായിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇതിനു ജില്ലാ കലക്ടര്‍മാര്‍ക്കു പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ ഓഫിസുകള്‍ ജനങ്ങളുടെ നടുവില്‍നിന്നു പ്രവര്‍ത്തിക്കണമെന്നാണു സര്‍ക്കാരിന്റെ നിലപാട്.
ആ നിലയ്ക്കുള്ള പ്രവര്‍ത്തനമാണു മികച്ച രീതിയില്‍ മുന്നോട്ടുപോകുന്നത്. ജനങ്ങളില്‍ തൃപ്തിയുണ്ടാക്കലാകണം ഓരോ ഓഫിസുകളുടെയും ലക്ഷ്യം. ജീവനക്കാരോട് ജനങ്ങളും സൗഹൃദസമീപനം വച്ചുപുലര്‍ത്തണം. പരസ്പര വിശ്വാസത്തോടെയുള്ള പ്രവര്‍ത്തനത്തിലൂടെ നിലവിലുള്ള പല പ്രശ്‌നങ്ങളും മറികടക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.
വില്ലേജ് ഓഫിസിനോടു ചേര്‍ന്നു പ്രത്യേകം തയാറാക്കിയ വേദിയില്‍ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ കെ.എസ് ശബരിനാഥന്‍ എം.എല്‍.എ അധ്യക്ഷനായി. ജില്ലാ കലക്ടര്‍ ഡോ. കെ. വാസുകി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ് അജിത കുമാരി, പഞ്ചായത്ത് പ്രസിഡന്റ് ഷംന നവാസ്, ജില്ലാ പഞ്ചായത്ത് അംഗം ആനാട് ജയന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍.സി വിജയന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ തോട്ടുമുക്ക് അന്‍സാര്‍, എ.ഡി.എം വി.ആര്‍ വിനോദ്, തഹസില്‍ദാര്‍ എം.കെ അനില്‍കുമാര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."