വിഴിഞ്ഞത്തെ മത്സ്യബന്ധന സീസണിന് ഇന്നുമുതല്‍ തുടക്കം
വിഴിഞ്ഞം: മത്സ്യ സമ്പത്തിന്റെ സംരക്ഷണത്തിനായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരുന്നതോടെ വിഴിഞ്ഞത്തെ മത്സ്യ ബന്ധന സീസണും തുടക്കമാകും. ട്രോളിങ് നിരോധനം ആരംഭിക്കുന്നതോടെ മറ്റ് പല മത്സ്യബന്ധന തുറമുഖങ്ങളിലും ആളും ആരവവും ഒഴിഞ്ഞ അവസ്ഥയാകുമ്പോള്‍ വിഴിഞ്ഞം തീരം തിരക്കിന്റെ പിടിയിലമരും. തമിഴ്‌നാട്ടില്‍ നിന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മത്സ്യബന്ധനത്തിനായി വിഴിഞ്ഞത്തെത്തുന്ന മത്സ്യതൊഴിലാളികളും മീന്‍ വാങ്ങാനെത്തുന്നവരും ലേലക്കാരും ഉല്‍പ്പടെയുള്ളവരെ കൊണ്ട് നിറയുന്ന വിഴിഞ്ഞം തീരത്തിന് ഇനി ഉറക്കമില്ലാത്ത രാത്രികളാണ്.
രാവും പകലും വള്ളമിറക്കുന്നവര്‍ തീരം കൈയടക്കും. കടലമ്മ കനിഞ്ഞ് നല്‍കുന്ന ചാകരക്കൊയ്ത്തില്‍ വള്ളമിറക്കുന്നവരുടെ ആവേശവും വര്‍ധിക്കും. ഇത്തവണ വര്‍ഷകാലം നേരത്തെ എത്തിയത് വലിയ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ. മഴയും കാറ്റിനെയും തുടര്‍ന്ന് പ്രക്ഷുബ്ദ്ധമായ കടല്‍ ശാന്തമാകുന്നതും കാത്ത് വിവിധ സ്ഥലങ്ങളില്‍ നിന്ന് എത്തിയ മീന്‍പിടിത്തക്കാര്‍ ഒരാഴ്ച മുന്‍പേ വിഴിഞ്ഞത്ത് താവളമടിച്ച് കാത്തിരിപ്പുണ്ട്. ട്രോളറുകളില്ലാത്ത വിഴിഞ്ഞത്ത് ഇടവിട്ട് ചാകര വരുന്ന കാലമാണ് ട്രോളിങ് നിരോധന കാലം. പ്രതികൂല കാലാവസ്ഥയിലും ഇവിടെ മീന്‍ പിടിക്കാന്‍ വള്ളമിറക്കാമെന്ന പ്രത്യേകതയാണ് ഈ സീസണില്‍ മത്സ്യതൊഴിലാളികളെ വിഴിഞ്ഞത്തേക്ക് ആകര്‍ഷിക്കുന്നത്.
നല്ല മീന്‍ ലഭിക്കുമെന്നതിനാല്‍ ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍ നിന്നും ജനവും ഇങ്ങോട്ടൊഴുകും. ചാകരക്കാലമാണെങ്കില്‍ മനസിന് തൃപ്തിയായ മീനും വാങ്ങിയായിരിക്കും മടക്കം. ഈ അവസരം മുതലാക്കാന്‍ ചൂഷകരും തീരത്ത് സജീവമാകും. മീന്‍ വിലപേശി വാങ്ങാന്‍ അറിയാത്തവരാണ് ഇക്കൂട്ടരുടെ ഇര. തീരത്തെ തിരക്ക് വര്‍ധിക്കുന്നതോടെ റോഡ് സൈഡില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്ക് പോലും പാര്‍ക്കിങ് ഫീസ് എന്ന പേരില്‍ പല തരത്തില്‍ പിഴിയലും തീരത്ത് തകൃതിയായി നടക്കും.
ഇതിനിടയില്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവരുന്ന ഐസിട്ടമീന്‍ കടല്‍വെള്ളത്തില്‍ മുക്കിയെടുത്ത ശേഷം കടല്‍മണലും വിതറി ഫ്രഷ് മീനെന്ന വരുത്തി വില്‍പ്പന നടത്തുന്നവരും തീരത്തെത്തും. മീനിനെ കുറിച്ച് വലിയ പിടിപാടില്ലാത്ത പാവങ്ങളാണ് ഇവരുടെ കെണിയില്‍ വീഴുന്നത്.
അന്താരാഷ്ട്ര തുറമുഖ നിര്‍മാണം ആരംഭിച്ച ശേഷമുള്ള ആദ്യ സീസണാണ് ആരംഭിക്കുന്നത്. തുറമുഖ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് മത്സ്യലഭ്യതയെക്കുറിച്ചുള്ള തൊഴിലാളികളുടെ ആശങ്കകള്‍ക്കിയിലാണ് ചാകര കാത്ത് കടലിന്റെ മക്കള്‍ കടലിലിറങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."