പുലിമുട്ട് നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കണം: എന്‍.കെ പ്രേമചന്ദ്രന്‍ എം.പി
കൊല്ലം: ഇരവിപുരം തീരപ്രദേശത്ത് ഉണ്ടായിരിക്കുന്ന ശക്തമായ കടലാക്രമണത്തെ പ്രതിരോധിക്കാന്‍ പുലിമുട്ട് നിര്‍മാണം യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ആവശ്യപ്പെട്ടു.
കടലാക്രമണം നടന്ന പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് അപകടാവസ്ഥ ബോദ്ധ്യപ്പെട്ടതിനു ശേഷമാണ് എം.പി ആവശ്യം ഉന്നയിച്ചത്. അന്‍പത് മീറ്റര്‍, മുപ്പത് മീറ്റര്‍, ഇരുപത് മീറ്റര്‍ എന്നീ വ്യത്യസ്ത ദൈര്‍ഘ്യമുള്ള ഇരുപത്തിയാറ് പുലിമുട്ടുകള്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഭരണാനുമതി നല്‍കിയിരുന്നു.
12.8 കോടി രൂപയുടെ ഇരുപത്തിയാറ് പുലിമുട്ടുകള്‍ക്ക് കഴിഞ്ഞ സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയെങ്കിലും നാളിതുവരെയായി നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടില്ല. തീവ്രമായ കടലാക്രമണ ഭീഷണി മുന്നില്‍ കണ്ടുകൊണ്ടാണ് പുലിമുട്ട് നിര്‍മാണത്തിനുള്ള പദ്ധതി അംഗീകരിച്ചത്.
എന്നാല്‍ വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് സമയബന്ധിതമായി പുലിമുട്ട് നിര്‍മാണം പൂര്‍ത്തീകരിക്കുവാന്‍ കാര്യക്ഷമമായ നടപടി സ്വീകരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു.
മുന്‍ഗണന നല്‍കി യുദ്ധകാലാടിസ്ഥാനത്തില്‍ പുലിമുട്ട് നിര്‍മാണം പൂര്‍ത്തീകരിച്ചില്ലെങ്കില്‍ ഇരവിപുരം തീരം പൂര്‍ണമായും കടലാക്രമണത്തില്‍ നശിക്കുന്ന അവസ്ഥയിലാണെന്നും എന്‍.കെ പ്രേമചന്ദ്രന്‍ എം.പി പറഞ്ഞു. എം.പിയോടൊപ്പം സജി ഡി. ആനന്ദ്, ബെന്‍സി, സക്കറിയ ക്ലമന്റ്, ബോബന്‍, ബെഞ്ചമിന്‍ എന്നിവര്‍ ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."