മാലിന്യ പ്രശ്‌നത്തെ ചൊല്ലി കൊച്ചി നഗരസഭയില്‍ ബഹളം
കൊച്ചി: മാലിന്യ പ്രശ്‌നത്തില്‍ കൊച്ചി നഗരസഭ വീണ്ടും പ്രക്ഷുബ്ദം. ഇന്നലെ ചേര്‍ന്ന പ്രത്യേക കൗണ്‍സില്‍ യോഗം നാടകീയ രംഗങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. മാലിന്യ നീക്കം നിലച്ച നഗരത്തില്‍ വെള്ളക്കെട്ടു കൂടിയായതോടെ ജനജീവിതം വഴിമുട്ടിയെന്നാരോപിച്ച് കൗണ്‍സിലര്‍മാര്‍ ഒന്നടങ്കം രംഗത്തെത്തി. വീഴ്ച്ച സമ്മതിച്ച് ഡെപ്യൂട്ടി മേയര്‍ ടി.ജെ വിനോദ് കൂടി രംഗത്തെത്തിയതോടെ കൗണ്‍സില്‍യോഗം പ്രക്ഷുബ്ദമായി. പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ മേയര്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കുത്തിയിരിപ്പ് സമരം ആരംഭിച്ചതോടെ മാലിന്യ നീക്കത്തിനു നല്‍കിയ കരാര്‍ റദ്ദാക്കാന്‍ നഗരസഭ തീരുമാനിച്ചു.
അതേസമയം മേയര്‍ക്ക് പിഴവ് സംഭവിച്ചതായി ഭരണ പക്ഷ കൗണ്‍സിലര്‍മാരും നിലപാടെടുത്തത് കൗണ്‍സിലിനെ ബഹളമയമാക്കി. ഇതിനിടെ കൗണ്‍സിലര്‍മാര്‍ പ്ലക്കാര്‍ഡുകളുമായി നടുത്തളത്തിലിറങ്ങി. ഇതോടെയാണ് ഡെപ്യൂട്ടിമേയര്‍ ടി.ജെ വിനോദ് മാലിന്യ നീക്കത്തില്‍ പാളിച്ച പറ്റിയതായി തുറന്നു സമ്മതിച്ചത്. ലോറികള്‍ വിട്ടു നല്‍കുന്നതില്‍ ചില പ്രായോഗിക ബുദ്ധിമുട്ടുകള്‍ നേരിട്ടതായും വിനോദ് പറഞ്ഞു. സ്ഥിരം സമിതി അധ്യക്ഷന്‍ പി.എം ഹാരിസ്, കെ.ആര്‍ പ്രേം കുമാര്‍, എം പ്രേമചന്ദ്രന്‍, ആന്റണി പൈനൂത്തറ തുടങ്ങിയവരും മാലിന്യ നീക്കം കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാണിച്ചു. ബി.ജെ.പി അംഗമായ ശ്യാമള വി പ്രഭു നഗരം മുമ്പെങ്ങും ഇല്ലാത്തവിധം ചീഞ്ഞു നാറുകയാണെന്ന് പറഞ്ഞു. പ്രതിപക്ഷ നേതാവ് കെ.ജെ ആന്റണി, കൗണ്‍സിലര്‍മാരായ വി.പി ചന്ദ്രന്‍, പി.എസ് പ്രകാശന്‍, ബെനഡിക്റ്റ് ഫെര്‍ണാണ്ടസ്, സി.കെ പീറ്റര്‍, ഡോ. പൂര്‍ണിമ നാരായണന്‍തുടങ്ങിയവര്‍ മാലിന്യ നീക്കം കാര്യക്ഷമമല്ലാത്തതിനാല്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കുനുള്ള സാഹചര്യം ചൂണ്ടിക്കാണിച്ചു.
പ്രതിഷേധം രൂക്ഷമായതോടെ നിലവിലെ മാലിന്യ നീക്കത്തിനുള്ള കരാര്‍ പിന്‍വലിക്കുന്നതായി മേയര്‍ യോഗത്തെ അറിയിച്ചു. മാലിന്യ നീക്കത്തിനു നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കിയതോടെയാണ് പ്രതിഷേധം അവസാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."