അമിത വേഗതയില്‍ വന്ന മത്സ്യബന്ധന ബോട്ട് കല്‍കെട്ടിലിടിച്ചു
മട്ടാഞ്ചേരി: അമിതവേഗതയില്‍ അശ്രദ്ധയോടെ സഞ്ചരിക്കുകയായിരുന്ന മത്സ്യബന്ധന ബോട്ട് കല്‍കെട്ടിലിടിച്ചു. സമീപത്ത് മറ്റ് ജലയാനങ്ങളില്ലാതിരുന്നതിനാല് വന്‍ അപകടം ഒഴിവായി. ഇന്നലെ പുലര്‍ച്ചയോടെ ബ്രൈറ്റ് എന്ന ബോട്ടാണ് അപകടകരമായ രീതിയില്‍ സഞ്ചരിച്ചത്. ആസ്പിന്‍ വാളിന്റേയും ബ്രണ്ടന്‍ ബോട്ട് യാര്‍ഡിന്റേയും സമീപത്തെ കല്‍ക്കെട്ടിലാണ് ബോട്ട് ഇടിച്ച് കയറിയത്. ഇതിന് സമീപത്ത് തന്നെയാണ് വൈപ്പിന്‍ ജങ്കാര്‍ ജെട്ടിയും ഫെറിയും സ്ഥിതി ചെയ്യുന്നത്. ബോട്ട് അമിത വേഗതയില്‍ വരുന്ന സമയത്ത് ജങ്കാറും യാത്രാ ബോട്ടും അക്കരയിലായിരുന്നു.
ഒന്നര വര്‍ഷം മുമ്പ് അമിത വേഗതയില്‍ വന്ന മത്സ്യബന്ധന യാനം ഫോര്‍ട്ട്കൊച്ചി വൈപ്പിന്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന എം.ബി ഭരത് എന്ന യാത്രാ ബോട്ടിന് ഇടിച്ച് ബോട്ട് തകരുകയും പതിനൊന്ന് പേര് മരണപ്പെടുകയും ചെയ്തിരുന്നു. അപകടത്തിന് കാരണം മത്സ്യബന്ധന ബോട്ടിന്റെ അമിത വേഗതയും അശ്രദ്ധയുമാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
കൊച്ചി അഴിമുഖത്ത് കൂടി ഇത്തരം യാനങ്ങളുടെ വേഗത നിയന്ത്രിക്കുവാന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു. കോസ്റ്റല്‍ പൊലിസ് കസ്റ്റഡിയിലെടുത്ത ബോട്ടും സ്രാങ്ക് എഡിസനേയും എസ്.ഐ മോഹന്‍ന്റെ റിപ്പോര്‍ട്ട് സഹിതം ഹാര്‍ബര്‍ പൊലിസിന് കൈമാറി. സംഭവത്തില്‍ ഹാര്‍ബര്‍ പൊലിസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."