ഫ്‌ളക്‌സ് ബോര്‍ഡ് പൊട്ടിവീണ് യാത്രക്കാരിയുടെ മരണം: അണ്ണാ ഡി.എം.കെ നേതാവിനെതിരേ കേസ്, ഹോര്‍ഡിങ്ങുകള്‍ ഒഴിവാക്കാന്‍ ആരാധകരോട് തമിഴ് നടന്‍മാര്‍
ചെന്നൈ: ഫ്‌ളക്‌സ് ബോര്‍ഡ് പൊട്ടിവീണ് ബൈക്ക് യാത്രക്കാരി ദാരുണമായി മരിച്ച സംഭവത്തില്‍ അണ്ണാ ഡി.എം.കെ നേതാവിനെതിരേ കേസ്. അണ്ണാ ഡി.എം.കെ കൗണ്‍സിലര്‍ ജയഗോപാലിനെതിരേ ചെന്നൈ പൊലിസ് ആണ് കേസെടുത്തത്. ഇദ്ദേഹത്തിന്റെ മകന്റെ വിവാഹത്തോടനുബന്ധിച്ച് സ്ഥാപിച്ച ഫ്‌ളക്‌സ് പൊട്ടിവീണാണ് 23 കാരിയായ ഐ.ടി ജീവനക്കാരി ശുഭശ്രീ മരിച്ചത്.
ഉപമുഖ്യമന്ത്രി ഒ. പനീര്‍ഷെല്‍വം ഉള്‍പ്പെടെയുള്ള അണ്ണാ ഡി.എം.കെ നേതാക്കളും വിവാഹചടങ്ങില്‍ പങ്കെടുത്തിരുന്നു. സംഭവത്തില്‍ കോടതിയുടെ ഭാഗത്തുനിന്നുണ്ടായ വിമര്‍ശനത്തിന് പിന്നാലെയാണ് നടപടി. മരണകാരണമായതുള്‍പ്പെടെയുള്ള ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടും അത് നീക്കം ചെയ്യാതെ കിടന്നതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ മദ്രാസ് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
റോഡരികില്‍ നിയമവിരുദ്ധമായി സ്ഥാപിച്ച കൂറ്റന്‍ ഫ്‌ളക്‌സ് ബോര്‍ഡ് വീണ് യുവതി മരിച്ച സംഭവം തമിഴ്‌നാട്ടില്‍ വന്‍ പ്രതിഷേധത്തിന് വഴിവച്ചിരുന്നു. ഇതിന് പിന്നാലെ ഭരണകക്ഷിയായ അണ്ണാ ഡി.എം.കെയും ഡി.എം.കെയും തങ്ങളുടെ പ്രവര്‍ത്തകരോട് നിയമവിരുദ്ധമായി സ്ഥാപിച്ച ബോര്‍ഡുകള്‍ നീക്കാന്‍ ചെയ്യാന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കോടതിയില്‍ നിന്ന് സര്‍ക്കാരിന് വിമര്‍ശനമുണ്ടായ സാഹചര്യത്തില്‍ രണ്ടുദിവസത്തിനുള്ളില്‍ നൂറുകണക്കിന് ബോര്‍ഡുകളാണ് നീക്കം ചെയ്തത്.
അതിനിടെ അനധികൃത ഹോര്‍ഡിങ്ങുകളും ഫ്‌ളെക്‌സ് ബോര്‍ഡുകളും ഒഴിവാക്കാന്‍ നടന്മാരായ വിജയ്, സൂര്യ തുടങ്ങിയവര്‍ ആരാധകരോട് ആഹ്വാനം ചെയ്തു. തങ്ങളുടെ ചിത്രങ്ങളുടെ റിലിസ് ദിനത്തില്‍ വലിയ കട്ടൗട്ടുകളും ഫ്‌ളക്‌സുകളും ഒഴിവാക്കണമെന്നും താരങ്ങള്‍ ആവശ്യപ്പെട്ടു. റിലിസ് ചെയ്യാനിരിക്കുന്ന ബിഗ് ബജറ്റ് ചിത്രമായ ബിഗിലിന്റെ കട്ടൗട്ടുകള്‍ പൂര്‍ണമായി ഒഴിവാക്കണമെന്നു പറഞ്ഞ വിജയ്, ജില്ലാ ഭരണകൂടം ഇത് ഉറപ്പുവരുത്തണമെന്നും അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."