കാട്ടാന ശല്യത്തില്‍ പൊറുതിമുട്ടി അഞ്ഞണിക്കുന്ന് നിവാസികള്‍
പനമരം: അഞ്ഞണ്ണിക്കുന്നില്‍ കാട്ടാനശല്യം ദിനംതോറും വര്‍ധിക്കുന്നു. സന്ധ്യയാകുന്നതോടെ കാട്ടാനകള്‍ കൂട്ടത്തോടെ ജനവാസ കേന്ദ്രത്തില്‍ എത്തുകയും രാവിലെ വളരെ വൈകിയും തോട്ടങ്ങളില്‍ നിലയുറപ്പിക്കുകയും ചെയ്യുന്നത് പ്രദേശവാസികളില്‍ ഭീതിയുണര്‍ത്തുകയാണ്.
റമദാന്‍ കാലമായതിനാല്‍ രാത്രി വളരെ വൈകിയാണ് പള്ളികളില്‍ നിന്നു ആളുകള്‍ മടങ്ങി വരുന്നത്. ഈ സമയം പലപ്പോഴും ആനകളുടെ മുന്നില്‍ നിന്ന് തലനാരിഴക്കാണ് പലരും രക്ഷപ്പെടുന്നത്. ഈ അടുത്ത ദിവസമാണ് അമ്മാനിയില്‍ ഒരു യുവാവിനെ ആന ആക്രമിച്ചത്. ഇയാള്‍ ഒരു കാല് നഷ്ടപ്പെട്ട് മെഡിക്കല്‍ കോളജിലാണ്. ഈ സംഭവം നടന്ന പശ്ചാത്തലത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ ജനങ്ങള്‍ തടഞ്ഞുവയ്ക്കുകയും മാനന്തവാടി തഹസില്‍ദാര്‍ സ്ഥലത്ത് വന്ന് ജനങ്ങളുമായി ചര്‍ച്ച നടത്തി കാവലിന് 10 പേരെ നിയമിക്കുമെന്നും ഫെന്‍സിങ് ചെയ്ത് മൃഗശല്യത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കുമെന്ന് ഉറപ്പു നല്‍കുകയും ചെയ്തിരുന്നു. പക്ഷെ ഇതൊന്നും നടന്നില്ല. ജനങ്ങള്‍ വീണ്ടും ശക്തമായ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്. വന്യമൃഗങ്ങളില്‍ നിന്നും ജീവനും സ്വത്തിനും സംരക്ഷണം ലഭിക്കുന്നത് വരെ സമര പരിപാടികളുമായി മുന്നോട്ടു പോകാനാണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."