ശുദ്ധജല വിതരണ പദ്ധതിയുടെ പൈപ്പ് പൊട്ടി വെള്ളം റോഡിലൂടെ പരന്നൊഴുകുന്നു
ഫറോക്ക്: ശുദ്ധജല വിതരണ പദ്ധതിയുടെ ഭൂഗര്‍ഭ പൈപ്പ് പൊട്ടി വെള്ളം റോഡിലൂടെ പരന്നൊഴുകുന്നു. കല്ലമ്പാറ - തണ്ണിച്ചാല്‍ റോഡില്‍ മൂത്തേടത്ത് ജങ്ഷനിലും എടക്കാട്ടിലുമാണ് ഫറോക്ക് - കരുവന്‍തിരുത്തി കുടിവെള്ള വിതരണ പദ്ധതിയുടെ പൈപ്പ് പൊട്ടിയത്. പൊട്ടിയ പൈപ്പ് നന്നാക്കാന്‍ നടപടിയില്ലാത്തതിനാല്‍ മൂന്ന് ദിവസമായി ലിറ്റര്‍ കണക്കിനുള്ള വെള്ളമാണ് പാഴായിപോകുന്നത്.
ചെത്തലത്ത് കോളനിയിലെ സംഭരണിയില്‍ നിന്ന് നഗരസഭയിലെ 21, 22, 23 ഡിവിഷനുകളിലേക്ക് വെള്ളം വിതരണത്തിനായുള്ള പൈപ്പാണ് പൊട്ടിയിരിക്കുന്നത്. വെള്ളം റോഡിലൂടെ പരന്നൊഴുകി സമീപത്തെ വീടുകളുടെ മുറ്റത്തേക്കും തണ്ണിച്ചാലിലേക്കുമാണ് പോകുന്നത്. റോഡിലൂടെ വെള്ളമൊഴുകുന്നതാണ് സ്‌കൂള്‍ വിദ്യാര്‍ഥികളടക്കമുള്ള കാല്‍നടയാത്രികര്‍ പ്രയാസമാവുകയാണ്. മൂന്ന് ദിവസമായി തുടര്‍ച്ചയായി വെള്ളമൊഴുകുന്നത് കാരണം റോഡിനും കേടുപാടുകള്‍ വന്നിട്ടുണ്ട്. പ്രദേശത്ത് ഇടയ്ക്കിടെ ഭൂഗര്‍ഭ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നതായി നാട്ടുകാര്‍ പറഞ്ഞു. പൈപ്പ് സ്ഥാപിക്കാനെടുത്ത ചാലിനു വേണ്ടത്ര താഴ്ചയില്ലാത്തതാണ് പൈപ്പ് പൊട്ടി ജലചോര്‍ച്ചക്കിടയാക്കുന്നതെന്നാണ് ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."