ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ട്രോമകെയര്‍ സംവിധാനം ഉടന്‍
ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ഉള്‍പ്പടെ ഈ സര്‍ക്കാരിന്റെ കാലയളവിനുള്ളില്‍ സംസ്ഥാനമാകെ ട്രോമകെയര്‍ സംവിധാനം കൊണ്ടുവരുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ വ്യക്തമാക്കി. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ മാതൃകയിലാകും ഇത്.
ആദ്യഘട്ടത്തില്‍ എം.ജി.റോഡുകള്‍ കേന്ദ്രീകരിച്ച് ഇതിനുള്ള യൂണിറ്റുകള്‍ തുടങ്ങും. റോഡു സുരക്ഷപദ്ധതിയില്‍ ഇതുമായി ബന്ധപ്പെട്ട് അനുവദിച്ച തുകയും ചേര്‍ത്ത് വിശദമായ പദ്ധതി തയ്യാറാക്കുമെന്നും നഴ്‌സുമാര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പൂര്‍വവിദ്യാര്‍ഥി നല്‍കിയ അഞ്ചുലക്ഷം രൂപയുപയോഗിച്ച് വാങ്ങിയ സ്ട്രച്ചറുകളും വീല്‍ചെയറുകളും സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.ആലപ്പുഴ മെഡിക്കല്‍ കോളേജിനെ മികവിന്റെ കേന്ദ്രമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. മികവിന്റെ കേന്ദ്രമെന്നത് ഇവിടെ വളര്‍ത്തിയെടുക്കേണ്ട ഒരു സംസ്‌കാരമാണ്.
ആലപ്പുഴ ഉള്‍പ്പടെ അഞ്ചു മെഡിക്കല്‍ കോളേജുകള്‍ പരസ്പരം മല്‍സരിക്കുന്നതിന്റെ ഭാഗമായി മാസ്റ്റര്‍ പ്ലാനുകള്‍ തയ്യാറാക്കിവരികയാണ്. ഇതു ലഭിക്കുന്നതോടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും. എല്ലാ മെഡിക്കല്‍ കോളേജുകള്‍ക്കും മെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരം നേടിയെടുക്കാന്‍ കഴിഞ്ഞുവെന്നത് വലിയ നേട്ടമായെന്ന് ടീച്ചര്‍ പറഞ്ഞു.1961നു ശേഷം നമ്മുടെ സ്റ്റാഫ്പാറ്റേണില്‍ മാറ്റമുണ്ടായിട്ടില്ല. 3200 പുതിയ തസ്തികകള്‍ ഈ ഒരുവര്‍ഷത്തിനകം നേടിയെടുത്തത് ചരിത്രസംഭവമാണ്. ഇതിന്റെയെല്ലാം ഗുണത്തിന്റെ പങ്ക് ആലപ്പുഴയ്ക്കും ലഭിച്ചിട്ടുണ്ടെന്നും പരിമിതമായ സൗകര്യങ്ങളില്‍ നിന്ന് മികച്ച സേവനം നല്‍കാന്‍ ജീവനക്കാര്‍ക്ക് കഴിയുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ആരോഗ്യമേഖലയുടെ സമഗ്രമാറ്റത്തിനായുള്ള ആര്‍ദ്രം പദ്ധതിയുടെ ഗുണഫലം രണ്ടുവര്‍ഷത്തിനകം കണ്ടുതുടങ്ങും. ആശുപത്രികളുടെ നവീകരണത്തിന് ജനങ്ങളുടെ ഭാഗത്തു നിന്നും മികച്ച സഹകരണം ഉണ്ടാകേണ്ടതുണ്ട്. ആലപ്പുഴ മെഡിക്കല്‍ കോളേജിന്റെ വികസനത്തിനായി പ്രത്യേക ദൗത്യം തന്നെയുണ്ടാകണമെന്ന് ടീച്ചര്‍ നിര്‍ദേശിച്ചു.ശുചിത്വം പരിപാലിക്കുന്നതില്‍ തദ്ദേശഭരണസ്ഥാപനങ്ങള്‍ വേണ്ടത്ര ശുഷ്‌കാന്തി കാണിക്കാതിരുന്ന സ്ഥലങ്ങളിലാണ് പകര്‍ച്ചപ്പനിയുള്‍പ്പടെയുള്ളവ പടര്‍ന്നുപിടിച്ചതെന്ന് കാണാന്‍ കഴിയും. പല തദ്ദേശസ്ഥാപനങ്ങളുടെയും ശ്രദ്ധക്കുറവാണ് പലയിടത്തും ഡങ്കിയുള്‍പ്പടെയുള്ള കൊതുകുജന്യ രോഗങ്ങള്‍ക്ക് കാരണമായത്. പനിയുടെ എണ്ണം കുറഞ്ഞുവരികയാണെന്നും ഭീതി വേണ്ടെങ്കിലും ശ്രദ്ധവേണമെന്ന് ടീച്ചര്‍ മുന്നറിയിപ്പു നല്‍കി.
ചടങ്ങില്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.മെറിയം വര്‍ക്കി, വൈസ് പ്രിന്‍സിപ്പല്‍ ഡോ.സൈറ, സൂപ്രണ്ട് ഡോ.രാംലാല്‍ തുടങ്ങിവര്‍ പങ്കെടുത്തു. കോളേജിലെ പുതിയ സ്‌ട്രോക്ക് പരിചരണ വിഭാഗം തുറന്നു കൊടുത്ത മന്ത്രി പിന്നീട് പനിവാര്‍ഡിലെത്തി രോഗികളുമായും സംസാരിച്ചശേഷമാണ് മടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."