ചെറുപുഴയിലെ കരാറുകാരന്റെ മരണം: എട്ടുപേരെ ചോദ്യം ചെയ്തു
തളിപ്പറമ്പ് (കണ്ണൂര്‍): ചെറുപുഴയിലെ കരാറുകാരന്റെ മരണവുമായി ബന്ധപ്പെട്ട് കെ. കരുണാകരന്‍ സ്മാരക ട്രസ്റ്റ് ഭാരവാഹികളും ചെറുപുഴ ഡവലപ്പേഴ്‌സ് ഡയരക്ടര്‍മാരുമായ എട്ടുപേരെ അന്വേഷണ സംഘം ചോദ്യം ചെയ്തു. തളിപ്പറമ്പ് ഡിവൈ.എസ്.പി ഓഫിസില്‍വച്ച് ട്രസ്റ്റ് ചെയര്‍മാനും കെ.പി.സി.സി മുന്‍നിര്‍വാഹക സമിതി അംഗവുമായ കെ. കുഞ്ഞികൃഷ്ണന്‍ നായര്‍, സെക്രട്ടറിയും മുന്‍ ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റുമായ റോഷി ജോസ്, ലീഗ് നേതാവായ ടി.വി അബ്ദുല്‍സലീം, കെ.കെ സുരേഷ് കുമാര്‍, പി.എസ് സോമന്‍, സി.ഡി സ്‌കറിയ, ജെ. സെബാസ്റ്റ്യന്‍ എന്നിവരെയാണ് ചോദ്യം ചെയ്തത്.
അന്വേഷണ ഉദ്യോഗസ്ഥരായ പെരിങ്ങോം സി.ഐ രാജഗോപാല്‍, എസ്.ഐ മഹേഷ് കുമാര്‍, എ.എസ്.ഐ തമ്പാന്‍ എന്നിവരാണ് ചോദ്യം ചെയ്തത്. പൊലിസിന്റെ അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്ന് മൊഴിയെടുപ്പിനുശേഷം പുറത്തിറങ്ങിയ ഭാരവാഹികള്‍ മാധ്യമങ്ങളോട് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് ഞങ്ങള്‍ക്കറിയുന്ന കാര്യങ്ങള്‍ പൊലിസിനോട് പറഞ്ഞിട്ടുണ്ട്. ട്രസ്റ്റുമായി ബന്ധപ്പെട്ട ആരോപണങ്ങളുമായി ബന്ധപ്പെട്ടല്ല പൊലിസ് മൊഴിയെടുത്തത്. ചെറുപുഴ ഡവലപ്പേഴ്‌സുമായി ബന്ധപ്പെട്ടാണ്. ജോസഫിന്റെ മരണവുമായി ബന്ധപ്പെട്ട സത്യാവസ്ഥകള്‍ പുറത്തുവരണമെന്ന് ആഗ്രഹിക്കുന്നവരാണ് ഞങ്ങള്‍. ഞങ്ങളുടെ കൈവശമുള്ള രേഖകളെല്ലാം പൊലിസിന് കൈമാറിയിട്ടുണ്ട്. ജോസഫിന്റെ ബന്ധുക്കള്‍ നല്‍കിയ രേഖകളുമായി ബന്ധപ്പെട്ടും പൊലിസിന് വിവരം കൈമാറിയിട്ടുണ്ട്. ഒരു കാര്യവും ഞങ്ങള്‍ക്ക് മറിച്ചുവയ്ക്കാനില്ല. ഇനി ഞങ്ങളുടെ മുന്‍പിലുള്ള ലക്ഷ്യം ജോസഫിന്റെ കുടുംബത്തെ സഹായിക്കുക എന്നതാണ്. കുടുംബത്തിന്റെ സാമ്പത്തിക ബാധ്യത മുഴുവന്‍ ഞങ്ങളേറ്റെടുക്കും. കുടുംബത്തോടൊപ്പം ഞങ്ങളുണ്ടാകും. ജോസഫിന്റെ മരണം കൊലപാതകമാണെന്ന ആരോപണം പൊലിസാണ് തെളിയിക്കേണ്ടതെന്നും ട്രസ്റ്റ് ഭാരവാഹി കെ. കുഞ്ഞികൃഷ്ണന്‍ നായര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ജോസഫിന്റെ മരണം കൊലപാതകമാണെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് കുടുംബം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ആത്മഹത്യയാണെന്ന് പറയുന്നുണ്ടെങ്കിലും പോസ്റ്റ്‌മോര്‍ട്ടം നടത്തിയ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് സര്‍ജന്‍ ഡോ. ഗോപാലകൃഷ്ണ പിള്ളയുടെ മൊഴി രേഖപ്പെടുത്തിയാലേ വ്യക്തത കൈവരുകയുള്ളൂ. ട്രസ്റ്റിനായി ആശുപത്രി കെട്ടിടം പണിതവകയില്‍ നല്‍കാനുള്ള 1.34കോടി രൂപ ലഭിക്കാത്തതിനെ തുടര്‍ന്നാണ് ജോസഫിന്റെ മരണം എന്നാണ് കുടുംബത്തിന്റെ പരാതി. എന്നാല്‍, 65ലക്ഷം മാത്രമേ കരാര്‍പ്രകാരം ജോസഫിനു നല്‍കാനുള്ളൂവെന്നാണ് ഡവലപ്പേഴ്‌സ് ഡയരക്ടര്‍മാര്‍ ചോദ്യംചെയ്യലില്‍ പറഞ്ഞത്. 20നു വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇവര്‍ക്ക് നേരിട്ട് നോട്ടിസ് നല്‍കിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."