പനിച്ചുവിറച്ച് ജില്ല
മാനന്തവാടി: പകര്‍ച്ച വ്യാധികള്‍ക്കെതിരേ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോഴും ജില്ലയില്‍ പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു.
കാലവര്‍ഷം തുടങ്ങിയ ജൂണ്‍ ഒന്നു മുതല്‍ 12 വരെ ജില്ലയിലെ വിവിധ ആശുപത്രികളില്‍ 6285 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്.
ഇതോടെ ഈ വര്‍ഷം ജനുവരി മുതല്‍ ഇതുവരെയായി പനി ബാധിച്ചവരുടെ എണ്ണം 68838 ആയി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 52291 പേര്‍ക്കാണ് പനി ബാധിച്ചിരുന്നത്.
ഇത്തവണത്തെ കണക്കില്‍ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയവരുടെ കണക്ക് കൂടി ഉള്‍പ്പെടുമ്പോള്‍ പനി ബാധിതരുടെ എണ്ണം ഒരുലക്ഷം കവിയുമെന്നാണ് അനൗദ്യോഗിക കണക്കുകള്‍. ഡെങ്കിപ്പനി, എച്ച്.വണ്‍ എന്‍.വണ്‍ ബാധിതരുടെ എണ്ണത്തിലും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വര്‍ധനവുണ്ടായിട്ടുണ്ട്.
കഴിഞ്ഞവര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെ 70 പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചതെങ്കില്‍ ഈ വര്‍ഷം രോഗബാധിതരുടെ എണ്ണം 84 ആയി. ജൂണ്‍ മാസത്തില്‍ മാത്രം 20 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2016ല്‍ രണ്ടു എച്ച്.വണ്‍ എന്‍.വണ്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
ഈ വര്‍ഷം ഇതുവരെ 86 പേര്‍ക്കാണ് എച്ച്.വണ്‍ എന്‍.വണ്‍ ബാധിച്ചിട്ടുള്ളത്.
ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജൂണ്‍ മാസത്തില്‍ മാത്രം ഇതുവരെ എട്ടുപേര്‍ ചികിത്സ തേടിയിട്ടുണ്ട്. ഡിഫ്തീതീരിയ ബാധിതരുടെ എണ്ണവും ക്രമാതീതമായി വര്‍ധിക്കുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
2016ല്‍ ഒരു ഡിഫ്തീരിയ കേസ് മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. എന്നാല്‍ ഈ വര്‍ഷം ഇതിനകം തന്നെ ഒന്‍പത് പേര്‍ക്ക് ഡിഫ്തീരിയ സ്ഥിരീകരിച്ചിട്ടുണ്ട്. ജൂണില്‍ മാത്രം 5 ഡിഫ്തീതീരിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
മഞ്ഞപ്പിത്തം ബാധിച്ചവരുടെ എണ്ണത്തിലും വന്‍ വര്‍ധനവാണുണ്ടായിരിക്കുന്നത്. 2016ല്‍ 89 പേര്‍ക്ക് മഞ്ഞപ്പിത്തം ബാധിച്ചതായാണ് ആരോഗ്യവകുപ്പ് കണക്കുകള്‍. ഈ വര്‍ഷം ഇതുവരെ 407 പേര്‍ക്ക് രോഗം കണ്ടെത്തുകയും ആറു മരണങ്ങള്‍ സംഭവിക്കുകയും ചെയ്തു. ഈമാസം മാത്രം 31 പേര്‍ മഞ്ഞപിത്തം ബാധിച്ച് ചികിത്സ തേടി.
പനി ബാധിതരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ജില്ലയിലെ വീടുകള്‍ കേന്ദ്രീകരിച്ച് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പനി സര്‍വേ ആരംഭിച്ചിട്ടുണ്ട്. ഒരാഴ്ചക്കുള്ളില്‍ സര്‍വേ പൂര്‍ത്തിയാക്കി സംശയകരമായ രീതിയിലുള്ള രോഗികളുടെ സാമ്പിളുകള്‍ എടുത്ത് പരിശോധന നടത്തി ചികിത്സക്ക് കൊണ്ട് പോകുമെന്നും എച്ച്.വണ്‍.എന്‍.വണ്‍ കേസുകളില്‍ അടിയന്തിരമായി ചെയ്യെണ്ട കാര്യങ്ങളെ കുറിച്ച് സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്ക് ഉള്‍പ്പെടെ ക്ലാസുകള്‍ നല്‍കിയതായും ഡി.എസ്.ഒ. ഡോ: വി ജിതേഷ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."