സുഗന്ധഗിരിയിലെ കൈവശ പ്രശ്‌നങ്ങള്‍; 89 പരാതികള്‍ തീര്‍പ്പാക്കി
വൈത്തിരി: താലൂക്കിലെ സുഗന്ധഗിരി പ്രദേശത്തെ കൈവശക്കാരുടെ 112 പരാതികളില്‍ 89 എണ്ണം തീര്‍പ്പാക്കി. ജില്ലാ കലക്ടര്‍ എ.ആര്‍ അജയകുമാറിന്റെ നേതൃത്വത്തില്‍ പ്രദേശത്ത് നടന്ന ജനസമ്പര്‍ക്ക പരിപാടിയിലാണ് പ്രശ്‌നത്തിന് പരിഹാരമായത്. അവശേഷിക്കുന്ന പരാതികള്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ പരിഹരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ഭൂമി സംബന്ധമായ പരാതികളാണ് അദാലത്തില്‍ കൂടുതലും വന്നത്. സര്‍ക്കാര്‍ 1978 ലാണ് വനം വകുപ്പില്‍ നിന്നും കൈമാറിയ പ്രദേശത്ത് കാര്‍ഡമം പ്രൊജക്ട് തുടങ്ങുന്നത്. പിന്നീട് 1990നു ശേഷം പദ്ധതി ഉപേക്ഷിച്ചിരുന്നു. തുടര്‍ന്ന് 2004 മുതല്‍ അന്ന് കാര്‍ഡമം പ്രൊജക്ടിന്റെ ഭാഗമായിരുന്ന പട്ടികവര്‍ഗ തോട്ടം തൊഴിലാളികള്‍ക്ക് അഞ്ചേക്കറും പട്ടിക ജാതിക്കാരായ തോട്ടം തൊഴിലാളികള്‍ക്ക് ഒരേക്കര്‍ ഭൂമിയും പതിച്ചു നല്‍കുകയായിരുന്നു.
ഇത്തരത്തില്‍ ഇരുന്നൂറിലധികം തോട്ടം തൊഴിലാളികള്‍ക്ക് പ്രദേശത്ത് ഭൂമി പതിച്ചു നല്‍കിയിരുന്നു. എന്നാല്‍ അനര്‍ഹര്‍ സ്ഥലം കൈയേറിയതടക്കമുള്ള പരാതികളും തൊഴിലാളികള്‍ക്ക് വീടില്ലാത്ത പ്രശ്‌നങ്ങളും ഉയര്‍ന്നു. പ്രളയാനന്തരം പ്രദേശത്തിന്റെ ചിലഭാഗങ്ങള്‍ വാസയോഗ്യമല്ലാതായി തീരുകയും ചെയ്തിരുന്നു.
ഈ പശ്ചാത്തലത്തിലാണ് പ്രശ്‌നങ്ങള്‍ക്കെല്ലാം ശാശ്വത പരിഹാരം കാണാന്‍ ജില്ലാ ഭരണകൂടത്തിന്റെയും ജനപ്രതിനിധികളുടെയും ശ്രമം. അവശേഷിക്കുന്ന പരാതികള്‍കൂടി ഉടന്‍ തീര്‍പ്പുകല്‍പ്പിക്കുന്നതിനായി പൊഴുതന ഗ്രാമപഞ്ചായത്തില്‍ നവംബര്‍ ഒന്നിന് സബ് കമ്മിറ്റി ചേരാനും തീരുമാനച്ചിട്ടുണ്ട്.
സുഗന്ധഗിരി ട്രൈബല്‍ എക്‌സ്റ്റന്‍ഷന്‍ ഓഫിസില്‍ നടന്ന പരിപാടിയില്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എ, പൊഴുതന ഗ്രാമപഞ്ചായത്ത് അധ്യക്ഷന്‍ എന്‍.സി പ്രസാദ്, ജില്ലാ പൊലിസ് മേധാവി കറപ്പസ്വാമി, സബ് കലക്ടര്‍ എന്‍.എസ്.കെ ഉമേഷ്, വൈത്തിരി തഹദില്‍ദാര്‍ ശങ്കരന്‍ നമ്പൂതിരി, തഹദീല്‍ദാര്‍ (ഭൂരേഖ) ടി.പി അബ്ദുല്‍ ഹാരിസ്, ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."