അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരാനൊരുങ്ങി മീനങ്ങാടി സ്‌കൂള്‍
മീനങ്ങാടി: അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരാനൊരുങ്ങി മീനങ്ങാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ജില്ലയിലെ മൂന്ന് സ്‌കൂളുകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള നടപടികള്‍ തുടങ്ങിയെങ്കിലും കെട്ടിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത നല്‍കി മീനങ്ങാടി സ്‌കൂള്‍ ഒന്നാമതാവാനുള്ള ഒരുക്കത്തിലാണ്. മീനങ്ങാടിയെ കൂടാതെ കല്‍പ്പറ്റ ജി.വി.എച്ച്.എസ്, ജി.വി.എച്ച്.എസ്.എസ് മാനന്തവാടി എന്നീ സ്‌കൂളുകളെയാണ് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നത്. മറ്റുരണ്ടു സ്‌കൂളുകളിലും കെട്ടിട നിര്‍മാണ പ്രവൃത്തികള്‍ തുടങ്ങാനിരിക്കെ വേഗതയിലാണ് മീനങ്ങാടിയില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നത്.
826 എം സ്‌ക്വയറിലുള്ള മൂന്നുനില കെട്ടിടത്തിന്റെ അക്കാദമിക്ക് ബ്ലോക്കായി പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിക്കുന്ന ആദ്യ നിലയുടെ കോണ്‍ക്രീറ്റ് പ്രവര്‍ത്തിയാണ് ഇപ്പോള്‍ നടക്കുന്നത്. അടുത്ത അധ്യയന വര്‍ഷത്തില്‍ തന്നെ കെട്ടിടം ഉപയോഗപ്പെടുത്തുവാനുള്ള കഠിന ശ്രമത്തിലാണ് പി.ടി.എയും, നാട്ടുകാരും.
കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എജുക്കേഷന്‍(കൈറ്റ്), ഊരാലുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ടേഴ്‌സ് കോ-ഓപ്പറേറ്റിവ് സൊസൈറ്റിയും, വാപ്‌കോസ് പ്രൊജക്റ്റിന്റെയും നേതൃത്വത്തിലാണ് നിര്‍മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്നത്.
5.84 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന നിര്‍മാണ പ്രവൃത്തിക്ക് അഞ്ച് കോടി രൂപയാണ് ഗവണ്‍മെന്റിന്റെ ഭാഗത്ത് നിന്നും അനുവദിച്ചത്. ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ 50 ലക്ഷവും അനുവദിച്ചിട്ടുണ്ട്. പിന്നീട് വരുന്ന 34 ലക്ഷം രൂപ പി.ടി.എയാണ് കണ്ടത്തേണ്ടത്. എല്ലാ ക്ലാസ്മുറികളിലും ലാപ്‌ടോപ്പ്, പ്രൊജക്ടര്‍, യു.എസ്.ബി സ്പീക്കര്‍, മൗണ്ടിങ് കിറ്റ്, വൈറ്റ്‌ബോര്‍ഡ് എന്നിവ സ്ഥാപിച്ച് കംപ്യൂട്ടര്‍ ലാബുമായി അതിവേഗ ഇന്റര്‍നെറ്റ് ലഭിക്കാനുള്ള മള്‍ട്ടിഫങ്ഷന്‍ പ്രിന്റര്‍, വെബ്ക്യാം, ഡിജിറ്റല്‍ കാമറ തുടങ്ങിയ സംവിധാനങ്ങളാണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്‌കൂളുകളില്‍ ഒരുക്കുന്നത്. നിലവിലുണ്ടായിരുന്ന ഓട്‌മേഞ്ഞ പഴയ മൂന്ന് കെട്ടിടങ്ങള്‍ പൊളിച്ച് മാറ്റിയാണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്‌കൂള്‍ എന്ന ലക്ഷ്യവുമായി കെട്ടിടത്തിന്റെ പണികള്‍ പുരോഗമിക്കുന്നത്. 26 ക്ലാസ് റൂമുകള്‍ക്ക് പുറമെ ഫിസിക്‌സ് ലാബ്, ബയോളജി ലാബ്, കെമിസ്ട്രി ലാബ്, കൗണ്‍സലിങ് റൂം, മെഡിക്കല്‍ റൂം എന്നിവയും കെട്ടിടത്തിലുണ്ടാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."