മാന്ദ്യം മറികടക്കാന്‍ ധനമന്ത്രി പ്രഖ്യാപിച്ച പദ്ധതികളില്‍ മന്‍മോഹന്റെ നിര്‍ദേശങ്ങളും
-അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പുതിയ കയറ്റുമതി മേഖലകള്‍ കണ്ടെത്തുകയെന്നതും മന്‍മോഹന്റെ ആശയമാണ്
ന്യൂഡല്‍ഹി: രാജ്യം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക മാന്ദ്യം മറികടക്കാനായി ഇന്നലെ ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ച പദ്ധതികളില്‍ സാമ്പത്തിക വിദഗ്ധന്‍ കൂടിയായ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന്റെ ഉപദേശങ്ങളും നിര്‍ദേശങ്ങളും.
ഭവനനിര്‍മാണ മേഖലക്ക് ഊന്നല്‍ നല്‍കി ഭവനപദ്ധതികള്‍ക്ക് ധനസഹായം നല്‍കുന്നതിന് 10,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് അനുവദിച്ചത് മന്‍മോഹന്‍സിങിന്റെ ഉപദേശപ്രകാരമായിരുന്നുവെന്ന് വ്യക്തമാണ്. കേന്ദ്രസര്‍ക്കാരിന് മുന്നില്‍ മന്‍മോഹന്‍സിങ് വച്ച അഞ്ച് ഉപദേശങ്ങളില്‍ മൂലധനം ഉണ്ടാക്കുന്നതിനായി ലിക്വിഡിറ്റി വര്‍ധിപ്പിക്കരുതെന്ന നിര്‍ദേശവുമുണ്ടായിരുന്നു. സാമ്പത്തിക വളര്‍ച്ച പുനരുജ്ജീവിപ്പിക്കുന്നതിനുള്ള മൂലധന രൂപീകരണത്തിനായി ലിക്വിഡിറ്റി വര്‍ധിപ്പിക്കരുതെന്നും ടെക്‌സ്‌റ്റൈല്‍സ്, ഓട്ടോമൊബൈല്‍, ഇലക്ട്രോണിക്‌സ്, മിതമായ നിരക്കില്‍ ഭവനനിര്‍മാണം തുടങ്ങിയ പ്രധാന മേഖലകളെ പുനരുജ്ജീവിപ്പിക്കണമെന്നും മന്‍മോഹന്റെ ഉപദേശങ്ങളില്‍ ഉണ്ടായിരുന്നു.
കയറ്റുമതിക്ക് വായ്പ നല്‍കു ന്ന ബാങ്കുകള്‍ക്ക് ഉയര്‍ന്ന ഇന്‍ഷുറന്‍സ് പരിരക്ഷയും ജനുവരി ഒന്ന് മുതല്‍ തുണി കയറ്റുമതിക്കായി പുതിയ പദ്ധതിയും വിമാനത്താവളത്തിലെ സമയം കുറയ്ക്കുന്നതിനുള്ള കര്‍മപദ്ധതിയും നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചിരുന്നു. ഇവയെല്ലാം മന്‍മോഹന്‍സിങ് മുന്നോട്ടുവച്ച നിര്‍ദേശങ്ങളോട് സാമ്യമുള്ളതാണ്.
ജി.എസ്.ടി നിരക്കുകള്‍ താഴ്ത്തി പുനഃക്രമീകരിക്കുമെന്നും ഗ്രാമീണ മേഖലയുടെ ഉപഭോഗശേഷി വര്‍ദ്ധിപ്പിക്കുമെന്നും ഇന്നലെ നിര്‍മല പ്രഖ്യാപിച്ചിരുന്നു. കൂടാതെ വാര്‍ഷിക മേഖല പുനരുദ്ധരിക്കല്‍, ബാങ്കുകള്‍, മറ്റ് ധനകാര്യസ്ഥാപനങ്ങള്‍ എന്നിവയില്‍ പണലഭ്യത, ടെക്‌സ്റ്റെല്‍, ഓട്ടോ, ഇലക്ട്രോണിക് രംഗങ്ങളില്‍ കൂടുതല്‍ വായ്പ ലഭ്യമാക്കുക തുടങ്ങിയ നിര്‍മലയുടെ പദ്ധതികളും മന്‍മോഹന്റെ ഉപദേശമനുസരിച്ചുള്ളതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."