സങ്കടക്കടലിലാണ് വയനാട്ടിലെ വൃക്കരോഗികളും കുടുംബങ്ങളും
നിസാം കെ അബ്ദുല്ല
കല്‍പ്പറ്റ: വയനാട് ജില്ലയിലെ വൃക്ക രോഗികളുടെ നിലവിലെ അവസ്ഥ അറിഞ്ഞതിനേക്കാള്‍ കുടുതല്‍ ദുരിതത്തിലാണ്. വൃക്ക രോഗികളുള്ള കുടുംബങ്ങളുടെ ജീവിതം മുന്നോട്ട് നീങ്ങുന്നത് ഏറെ പണിപ്പെട്ടാണ്. സാമ്പത്തികമായി ഏറെ ബാധ്യത വരുത്തിത്തീര്‍ക്കുന്ന ഈ രോഗത്തിന് കൃത്യമായ ചികിത്സക്കും ഡയാലിസിസിനുമായി ചുരമിറങ്ങുകയല്ലാതെ മറ്റ് നിര്‍വാഹങ്ങളൊന്നുമില്ലാതെ ബുദ്ധിമുട്ടുകയാണ് ഭൂരിഭാഗം കുടുംബങ്ങളും. ജില്ലയില്‍ ഉള്ള ഡയാലിസിസ് സെന്ററുകളില്‍ പലതും പ്രവര്‍ത്തന സജ്ജമല്ലാത്തതും ഇവരുടെ ദുരിതം ഇരട്ടിപ്പിക്കുകയാണ്.
നിലവില്‍ വയനാട്ടില്‍ കിഡ്‌നി ഫെഡറേഷന്‍ എന്ന സംഘടനയില്‍ രജിസ്റ്റര്‍ ചെയ്ത 719 രോഗികളാണുള്ളത്. ഇതില്‍ 260 രോഗികള്‍ക്ക് മാത്രമാണ് വയനാട്ടില്‍ ഡയാലിസിസ് ചെയ്യാനുള്ള സൗകര്യമുള്ളത്. ബാക്കി 459 രോഗികളും ഡയാലിസിസിനായി ചരുമിറങ്ങുകയാണ്. ആഴ്ചയില്‍ മൂന്നു തവണയാണ് ഓരോ രോഗികളും ഇങ്ങിനെ ചുരമിറങ്ങുന്നത്. വയനാട്ടില്‍ നിന്നും കോഴിക്കോടേക്ക് ബസില്‍ യാത്ര ചെയ്യുകയെന്നത് ഇവരെക്കൊണ്ട് സാധിക്കാത്ത കാര്യമാണ്. അതുകൊണ്ട് തന്നെ പലരും വാഹനങ്ങള്‍ വാടകക്ക് വിളിച്ചാണ് ചികിത്സക്കായി പോകുന്നത്. ഒരുതവണ കോഴിക്കോട് പോയിവരാന്‍ ഏറ്റവും ചുരുങ്ങിയത് 2000 രൂപ വാഹനത്തിന് വാടക മാത്രമാവും. 1500 രൂപയാണ് ഒരു ഡയാലിസിസിന് വരുന്ന ചെലവ്. രോഗിക്കും സഹായിക്കും ഭക്ഷണമടക്കമുള്ള ചെലവുകളും ഏറ്റവും ചുരുങ്ങിയത് 500 രൂപയാവും.
ഇങ്ങനെ മാസത്തില്‍ 12 ദിവസം രോഗികള്‍ ചുരമിറങ്ങേണ്ടതായി വരുമ്പോള്‍ ഒരു രോഗിക്ക് മാസത്തിലുണ്ടാകുന്ന ചെലവ് ഡയാലിസിസിനായി 18000 രൂപയും വാഹന വാടകയായി 24000 രൂപയും ഭക്ഷണമടക്കമുള്ള ചെലവുകള്‍ 6000 രൂപയുമാണ്. ഇതിന് പുറമെ മരുന്നുകള്‍ക്ക് 8000 രൂപയോളവും ചെലവ് വരും. ആകെ 56000 രൂപയോളമാണ് ഇത്തരത്തില്‍ ഒരു രോഗിക്ക് വരുന്ന ചെലവ്. ഇതിന് പുറമെ കുടുംബത്തിന്റെ ചെലവുകളും കഴിഞ്ഞ് പോകണം.
ഒരു മൂന്നു വര്‍ഷം രോഗി ഇതേ നിലയില്‍ ചികിത്സ തുടര്‍ന്നാല്‍ 20 ലക്ഷത്തിന് മുകളിലാണ് ചികിത്സാ ചെലവ് വരിക. അവരുടെ ജീവന്‍ നിലനിര്‍ത്തണമെങ്കില്‍ ഈ ചികിത്സയില്ലാതെ സാധിക്കുകയുമില്ല. വയനാടിന്റെ ആരോഗ്യമേഖലയിലെ ദയനീയ സ്ഥിതിയാണ് ഇവരെയും കുടുംബങ്ങളെയും ഇത്രവലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നതിന്റെ പ്രധാന കാരണം. അതില്‍ ജില്ലാ ഭരണകൂടത്തിനും വിവിധ വകുപ്പുകള്‍ക്കും അവരുടേതായ പങ്കുമുണ്ട്. ഈ കുടുംബങ്ങളെ ഇത്രവലിയ ഒരു സാമ്പത്തിക ബാധ്യതയില്‍ നിന്ന് കരകയറ്റാന്‍ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ജില്ലാ ഭരണകൂടത്തിനുമേ സാധിക്കൂ. അതിനവര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയം ഇപ്പോള്‍തന്നെ അതിക്രമിച്ചിരിക്കുകയാണ്.
പിന്‍പറ്റാം മലപ്പുറത്തിന്റെ മോഡല്‍
വൃക്ക രോഗികള്‍ക്ക് ചികിത്സയടക്കമുള്ള സഹായങ്ങള്‍ക്ക് വയനാടിന് പിന്‍പറ്റാവുന്ന മോഡലാണ് മലപ്പുറം ജില്ലയുടേത്. കേരളത്തില്‍ ആദ്യമായി കിഡ്‌നി രോഗികളെ സഹായിക്കാന്‍ ഒരു ഫെഡറേഷന്‍ രൂപീകരിച്ചതും മലപ്പുറത്താണ്. 2006ലാണ് അവിടെ അങ്ങനെയൊരു പദ്ധതിക്ക് രൂപം നല്‍കുന്നത്. അന്ന് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളില്‍ നിന്ന് ആദ്യ സംഭാവനയായി 2000 രൂപ സ്വീകരിച്ചാണ് കിഡ്‌നി പേഷ്യന്റ്‌സ് വെല്‍ഫെയര്‍ സൊസൈറ്റി സാമൂഹിക പ്രവര്‍ത്തകരായ ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് രൂപീകരിച്ചത്. തുടര്‍ന്ന് 1000 ആളുകളില്‍ നിന്ന് 2000 രൂപ വീതം സമാഹരിച്ചു. ഒപ്പം ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ നിന്ന് ലോക കിഡ്‌നി ദിനത്തില്‍ 10 രൂപ വീതം സ്വീകരിച്ച് പ്രവര്‍ത്തനം ശക്തിപ്പെടുത്തി. ഇത് പിന്നീട് 2007ല്‍ മലപ്പുറം ജില്ലാ പഞ്ചായത്ത് ഏറ്റെടുത്തു.
വൃക്ക രോഗികള്‍ മറ്റെല്ലാം രോഗികളില്‍ നിന്നും വിത്യസ്തമായി അനുഭവിച്ച് കൊണ്ടിരിക്കുന്ന മാനസികവും സാമ്പത്തികവുമായ പ്രയാസങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഇത്തരമൊരു സംരംഭത്തെ കുറിച്ച് അവര്‍ ആലോചിച്ചത്. ഡയാലിസിസ് നടത്തി കൊണ്ടിരിക്കുന്ന രോഗികള്‍ക്ക് സാമ്പത്തിക സഹായം നല്‍കല്‍. വൃക്ക മാറ്റിവച്ച രോഗികള്‍ക്ക് മരുന്ന് വിതരണം, ഗവ: ആശുപത്രികളോട് ചേര്‍ന്ന് സൗജന്യമായി ഡയാലിസിസ് നടത്തുന്നതിനുള്ള യൂനിറ്റുകള്‍ സ്ഥാപിക്കല്‍, വൃക്ക രോഗം സംബന്ധിച്ച് ബോധവല്‍കരണത്തിനായി ക്ലാസുകള്‍, ലഘു ലേഖ വിതരണം, ഡോക്യുമെന്ററി പ്രദര്‍ശനം, വൃക്കരോഗ സാധ്യത മുന്‍കൂട്ടി കണ്ടെത്തുന്നതിന് വേണ്ടി വൃക്ക രോഗ നിര്‍ണയ ക്യാംപുകള്‍ സംഘടിപ്പിക്കല്‍, വൃക്കദാനം സംബന്ധിച്ച ബോധവല്‍കരണവും പ്രോത്സാഹനവും, വൃക്ക രോഗികള്‍ക്ക് സൗജന്യ നിരക്കില്‍ മെഡിക്കല്‍ പരിശോധനക്കുള്ള സൗകര്യമൊരുക്കല്‍ തുടങ്ങിയവയാണ് സൊസൈറ്റിക്ക് കീഴില്‍ ഇപ്പോള്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍.
എല്ലാ മാസവും അവസാനത്തില്‍ സൊസൈറ്റിയുടെ മീറ്റിങ് ചേര്‍ന്ന് അന്വേഷണ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച് സഹായം നല്‍കുന്നതിന് ശുപാര്‍ശ ചെയ്തവയെല്ലാം അതേപടി അംഗീകരിക്കുകയും സാമ്പത്തിക ശേഷിയുള്ളവരുടെ കാര്യത്തില്‍ പിന്നീട് പരിഗണിക്കുന്നതിനായി മാറ്റി വക്കുകയുമാണ് ചെയ്യുന്നത്. ഈ വിവരം രോഗിയെയും പാലിയേറ്റീവ് ക്ലിനിക്കിനെയും രേഖാമൂലം അറിയിക്കും.
രോഗികള്‍ കിഡ്‌നി സൊസൈറ്റിയില്‍ നിന്ന് ലഭിക്കുന്ന അറിയിപ്പുമായി അവരുടെ പരിധിയില്‍ വരുന്ന പാലിയേറ്റീവ് ക്ലിനിക്കിലെത്തിയാല്‍ അവര്‍ക്ക് ഒരു ഡയാലിസിസിന് 250 രൂപ തോതില്‍ ഒരു മാസം പരമാവധി 2000 രൂപ സാമ്പത്തിക സഹായം അനുവദിക്കും. അവരില്‍ നിന്ന് സ്വീകരിക്കുന്ന റസിപ്റ്റുകള്‍ ഓരോ മാസത്തിലും ജില്ലാ പഞ്ചായത്തില്‍ സമര്‍പ്പിച്ച് ഓരോ ക്ലിനിക്കും വിതരണം ചെയ്ത തുകക്കുള്ള ചെക്ക് പിന്നീട് കൈപറ്റും. ആദ്യം സഹായം നല്‍കുന്നത് പാലിയേറ്റീവ് ക്ലിനിക്കുകള്‍ അവരുടെ ഫണ്ടില്‍ നിന്നായിരിക്കും.
ഈ തുക പിന്നീട് പാലീയേറ്റീവ് ക്ലിനിക്കുകള്‍ക്ക് റീം ഇംപേഴ്‌സ് ചെയ്യുകയാണ് സഹായ വിതരണ രീതി. വൃക്ക മാറ്റിവച്ചവര്‍ക്കുള്ള മരുന്നും ഇതേ രീതിയിലാണ് വിതരണം ചെയ്യുന്നത്.
സ്‌നേഹസ്പര്‍ശം വയനാട്ടിലും ആരംഭിക്കും: കെ.ബി നസീമ
കല്‍പ്പറ്റ: വൃക്കരോഗികളെയും കാന്‍സര്‍ ബാധിച്ചവരെയും ദത്തെടുക്കാനുള്ള പദ്ധതികള്‍ ജില്ലാ പഞ്ചായത്തിന്റെ പണിപ്പുരയിലാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ സുപ്രഭാതത്തോട് പറഞ്ഞു. പദ്ധതിയുടെ ഭാഗമായുള്ള പഠനങ്ങള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്.
അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഇതിന്റെ രൂപരേഖ തയാറാക്കാനാണ് ഉദ്ദേശിക്കുന്നത്. ജില്ലയിലെ ഈ രണ്ട് വിഭാഗങ്ങളിലുംപ്പെടുന്ന മുഴുവന്‍ രോഗികള്‍ക്കും ഉപകാരപ്പെടുന്ന രീതിയിലായിരിക്കും പദ്ധതി നടപ്പിലാക്കുക. മുഴുവന്‍ രോഗികള്‍ക്കും ജില്ലയില്‍ തന്നെ ഡയാലിസിസ് ചെയ്യാനുള്ള സൗകര്യമൊരുക്കാനുള്ള ശ്രമങ്ങളും നടത്തും. ജില്ലക്ക് പുറത്ത് നിന്ന് ഡയാലിസിസ് ചെയ്യുന്നവര്‍ക്ക് സാമ്പത്തിക സഹായം നല്‍കാനുള്ള ശ്രമങ്ങളും പദ്ധതിയില്‍ ഉണ്ടാകും. സമൂഹത്തില്‍ ഏറ്റവും ദുരിതമനുഭവിക്കുന്ന ഈ രോഗികള്‍ക്ക് കൈത്താങ്ങാവുകയാണ് ജില്ലാ പഞ്ചായത്തിന്റെ ലക്ഷ്യമെന്നും പ്രസിഡന്റ് പറഞ്ഞു.
പദ്ധതികള്‍ പരിഗണനയില്‍: ഡി.എം.ഒ
കല്‍പ്പറ്റ: വയനാട്ടിലെ വൃക്ക രോഗികള്‍ക്കായി ജില്ലാ പഞ്ചായത്തുമായി സഹകരിച്ച് ഒരു പദ്ധതി നടപ്പിലാക്കാനുള്ള ഒരുക്കത്തിലാണ് ജില്ലയിലെ ആരോഗ്യവിഭാഗം. ഇതിനായി ഒരു പ്രൊപ്പോസല്‍ ജില്ലാ പഞ്ചായത്തിന് മുന്നില്‍ സമര്‍പ്പിക്കും. ഒപ്പം കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് സെന്റര്‍ ആരംഭിക്കാനുള്ള നടപടികള്‍ക്കും ആക്കം കൂട്ടും. ഇതിനായി ജില്ലാ പഞ്ചായത്തുമായി കൂടിയാലോചന നടത്തും. തുടര്‍ന്ന് രോഗികള്‍ക്ക് ഉതകുന്ന രീതിയിലുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കാന്‍ ശ്രമിക്കുമെന്നും ഡി.എം.ഒ ഡോ. ആര്‍ രേണുക സുപ്രഭാതത്തോട് പറഞ്ഞു.
ഡയാലിസിസ് സെന്ററുകള്‍ വര്‍ധിപ്പിക്കണം: ഗഫൂര്‍ തനേരി
കല്‍പ്പറ്റ: ജില്ലയില്‍ ഏറ്റവും പരിതാപകരമായ രീതിയില്‍ ജീവിതം മുന്നോട്ട് തള്ളിനീക്കുന്നവരാണ് വൃക്കരോഗികള്‍. ഇവരുടെ ഉന്നമനത്തിനായി മറ്റ് ജില്ലകള്‍ പല പദ്ധതികളും ആരംഭിക്കുമ്പോഴും നമ്മുടെ നാട്ടില്‍ ഒരു പ്രവര്‍ത്തനവും അവര്‍ക്ക് വേണ്ടി നടക്കുന്നില്ല.
ജില്ലയിലെ താലൂക്ക് ആശുപത്രികളിലും ജനറല്‍ ആശുപത്രികളിലും 10 ഡയാലിസിസ് മെഷീനെങ്കിലും സ്ഥാപിച്ച് പ്രവര്‍ത്തിപ്പിക്കുകയും ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് മെഷീനുകളുടെ എണ്ണത്തില്‍ വര്‍ധന വരുത്തിയും ഒരുപരിധിവരെ ഇവരുടെ ദുരിതങ്ങള്‍ക്ക് അറുതി വരുത്താന്‍ സാധിക്കും. ഒപ്പം മാസത്തില്‍ രണ്ട് തവണയെങ്കിലും ജില്ലയില്‍ ഒരു നെഫ്രോളജിസ്റ്റിന്റെ സേവനം ലഭ്യമാക്കാനും അധികൃതരുടെ ഭാഗത്ത് നിന്ന് നടപടിയുണ്ടാകണം. ഒപ്പം ജില്ലാ പഞ്ചായത്തിന് കീഴില്‍ മറ്റ് ജില്ലകളില്‍ ആരംഭിച്ചത് പോലുള്ള ഒരു പദ്ധതിക്കും രൂപം നല്‍കിയാല്‍ രോഗം കൊണ്ട് ഏറ്റവും അധികം ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന വൃക്ക രോഗികള്‍ക്ക് അതൊരാശ്വാസമായിരിക്കുമെന്ന് വയനാട് ഇനീഷ്യേറ്റീവ് ഇന്‍ പാലിയേറ്റീവ് കെയര്‍ പ്രസിഡന്റ് ഗഫൂര്‍ തെനേരി സുപ്രഭാതത്തോട് പറഞ്ഞു.
അടിയന്തര നടപടികള്‍ വേണം: എം.എസ്.എസ്
കല്‍പ്പറ്റ: വൃക്ക രോഗികള്‍ വര്‍ദ്ധിച്ച് വരുന്ന പ്രത്യേക സാഹചര്യത്തില്‍ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ വൃക്കരോഗ വിദഗ്ധ ഡോക്ടറുടെ സേവനം ഉറപ്പാക്കണമെന്നും ഡയാലിസിസ് സെന്ററുകളുടെ കാര്യക്ഷമത ഉയര്‍ത്താനും മെഷീനുകളുടെ എണ്ണം കൂട്ടാനും അടിയന്തര നടപടിയുണ്ടാവണമെന്നും പ്രത്യേക പദ്ധതി രൂപീകരിക്കണമെന്നും മുസ്‌ലിം സര്‍വിസ് സൊസൈറ്റി(എം.എസ്.എസ്) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ജില്ലയിലെ സര്‍ക്കാര്‍-സ്വകാര്യ മേഖലയിലെ ഏഴ് സെന്ററുകളിലായി 719 വൃക്ക രോഗികള്‍ ഡയാലിസിസ് ചെയ്യുന്നതിനായി റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതില്‍ 260 പേര്‍ക്കുള്ള സൗകര്യമെ ജില്ലയിലുള്ളു. ജില്ലയിലെ മൊത്തം വൃക്ക രോഗികളും പരിശോധനക്കായും 459 രോഗികള്‍ ഡയാലിസിസിനായും തൊട്ടടുത്ത ജില്ലകളിലെ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. ഇത് ശാരീരികമായും മാനസികമായും സാമ്പത്തികമായും ഏറെ പ്രയാസമുണ്ടാക്കുന്നു. കൂടാതെ തൊട്ടടുത്ത ജില്ലകളിലേക്കുള്ള മണിക്കൂറുകളോളമുള്ള ചുരം യാത്രയും കാത്തിരിപ്പും ദുരിതപൂര്‍ണമാണ്. ഡോക്ടറുടെ സേവനം ജില്ലയില്‍ ഉറപ്പാക്കാനായാല്‍ രോഗികള്‍ക്കും ബന്ധുക്കള്‍ക്കും പരിചരിക്കുന്നവര്‍ക്കും ഏറെ ഗുണപരമാവുമെന്നും യോഗം അഭിപ്രായപ്പെട്ടു.
ജില്ലാ പ്രസിഡന്റ് കെ. അബ്ദുല്ല താനേരി അധ്യക്ഷനായി. പി. സുബൈര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി ഇബ്രാഹിം പുനത്തില്‍, പഞ്ചാര മുഹമ്മദ്, പോക്കര്‍ മങ്ങാടന്‍, ടി .റസാക്ക്, ഇബ്രാഹിം തെങ്ങില്‍, എം.കെ നാസര്‍, സി.കെ ഉമ്മര്‍, സലീം അറക്കല്‍, പോക്കു മുണ്ടോളി, പി.എം ബഷീര്‍, കെ.എം അഹമ്മദ് കുട്ടി, കെ.എം ബഷീര്‍, ഷമീര്‍ പാറമ്മല്‍, എ. അബ്ദുല്‍ നാസര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി.പി മുഹമ്മദ് സ്വാഗതം പറഞ്ഞു.
വൃക്ക രോഗികള്‍ക്ക് സൗജന്യ മരുന്ന്
കല്‍പ്പറ്റ: കോഴിക്കോട് ജില്ലാ പഞ്ചായത്ത് സ്‌നേഹസ്പര്‍ശം പദ്ധതിയില്‍ വയനാട് ജില്ലയിലെ വൃക്ക മാറ്റിവച്ചവര്‍ക്കുള്ള Tacrograf 5mg, Tacrograf 1mg, Renodapt 500mg, Renodapt S360 എന്നി മരുന്നുകള്‍ ഒരു മാസത്തേക്ക് സൗജന്യമായി നല്‍കുന്നു. ഈ മരുന്നുകള്‍ കഴിക്കുന്നവര്‍ ഡോക്ടറുടെ കുറിപ്പും ഫോട്ടോകോപ്പിയുമായി കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഡോക്ടറുടെ കുറിപ്പില്‍ ഈ മരുന്നുകള്‍ ഇല്ലാത്തവര്‍ക്ക് മരുന്ന് ലഭിക്കുകയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."