ഗുരുവായൂര്‍ ദേവസ്വത്തിന്റെ 52കാരനായ ഒറ്റക്കൊമ്പന്‍ ചെരിഞ്ഞു
ഗുരുവായൂര്‍: ദേവസ്വം 52കാരനായ ഒറ്റകൊമ്പന്‍ രാമു ഇന്നലെ പുലര്‍ച്ചെ മൂന്നരയോടെ ആനകോട്ടയില്‍ വെച്ച് ചെരിഞ്ഞു. മദപ്പാടില്‍ തളച്ചിരുന്ന ആനയെ ഇക്കഴിഞ്ഞ 21നാണ് അഴിച്ചത്. മദപ്പാടില്‍ നിന്ന് അഴിച്ചെങ്കിലും തീരെ അവശനായ ഒറ്റകൊമ്പന്‍ 26ന് രാവിലെ കിടപ്പിലായി. ക്രൈന്‍ ഉപയോഗിച്ച് എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചെങ്കിലും അവശതമൂലം ആനക്ക് എഴുന്നേറ്റുനില്‍ക്കാനായില്ല. ദേവസ്വം വെറ്ററിനറി ഡോക്ടര്‍മാരായ ഡോ. പി.ബി ഗിരിദാസ്, ഡോ. കെ. വിവേക്, ഡോ. കെ.കെ മുരളീധരന്‍ എന്നിവരുടെ നേതൃത്വത്തില്‍ തീവ്രപിചരണത്തില്‍ ചികിത്സയിലായിരുന്നെങ്കിലും ഇന്നലെ പുലര്‍ച്ചെ ചെരിയുകയായിരുന്നു. ചേര്‍ത്തല പുരുഷോത്തമനെന്ന ഭക്തനാണ് 02.03.1981ല്‍ രാമുവിനെ ശ്രീഗുരുവായൂരപ്പന് മുന്നില്‍ നടയിരുത്തിയത്.
വി.എന്‍ ബാലകൃഷ്ണന്‍, കെ.വി ബാലന്‍, സി.വി സുധീര്‍ എന്നിവരാണ് രാമുവിന്റെ പാപ്പാന്മാര്‍. തൃശ്ശൂര്‍ ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസര്‍ കെ.ടി സജീവിന്റെ നേതൃത്വത്തില്‍ അസി. കണ്‍സര്‍വേറ്റര്‍ എ. ജയമാധവന്‍, ഫോറസ്റ്റര്‍മാരായ യു. സജീവ്കുമാര്‍, ടി.എം ഷിവാസ് എന്നിവരുടെ നേതൃത്വത്തില്‍ ആനകോട്ടയില്‍വെച്ച് ഇന്‍ക്വസ്റ്റ് തയാറാക്കി ജഡം എറണാകുളം കോടനാട്ടേക്ക് കൊണ്ടുപോയി. അവിടെവെച്ച് വിശദമായ പോസ്റ്റ്‌മോര്‍ട്ടം നടത്തി കോടനാട് വനത്തില്‍ സംസ്‌കരിച്ചു.
രണ്ട് ഒറ്റകൊമ്പന്മാരും രണ്ട് മോഴയും അഞ്ച് പിടിയാനയുമടക്കം ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഗജസമ്പത്ത് ഇതോടെ 48 ആയി കുറഞ്ഞു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അവസാനമായി ആനയെ നടയിരുത്തിയത് 2011 ഡിസംബര്‍ 21ന് പാലക്കാട് കല്ലടികോട് സ്വദേശി കെ.ബി ഗോപിനാഥനെന്ന ഭക്തനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."