രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി പാകിസ്താനെ കുറിച്ച് ബി.ജെ.പി ഇല്ലാത്തത് പറയുകയാണെന്ന് ശരത് പവാര്‍
ന്യൂഡല്‍ഹി: പാകിസ്താനിലുള്ളര്‍ സന്തോഷത്തോടെ ജീവിക്കുന്നവരാണെന്നും എന്നാല്‍, അവരെ കുറിച്ച് രാഷ്ട്രീയ നേട്ടത്തിനായി ബി.ജെ.പി നുണ പ്രചരിപ്പിക്കുകയാണെന്നും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും എന്‍.സി.പി അധ്യക്ഷനുമായ ശരത് പവാര്‍. പാകിസ്താനിലെ ജനങ്ങള്‍ സന്തുഷ്ടരല്ലെന്ന പ്രചാരണം തെറ്റാണ്. ആളുകള്‍ സന്തോഷത്തോടെ ജീവിക്കുന്ന ഇസ്‌ലാമിക രാജ്യമാണ് പാകിസ്താന്‍. അവിടെയുള്ളവര്‍ക്ക് നീതി ലഭിക്കുന്നില്ലെന്നു പറയുന്നത് അസത്യമാണ്. എന്നാല്‍, രാഷ്ട്രീയ ലക്ഷ്യത്തിനും ന്യൂനപക്ഷങ്ങള്‍ക്കു നേരെ ആക്രമണമഴിച്ചുവിടാനും ബി.ജെ.പി നുണപ്രചാരണം നടത്തുകയാണെന്നും പവാര്‍ പറഞ്ഞു. മുംബൈയില്‍ എന്‍.സി.പിയുടെ ന്യൂനപക്ഷ സെല്ലിന്റെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പിന്നീട് വാര്‍ത്ത ഏജന്‍സിയുമായുള്ള അഭിമുഖത്തിലും ഇക്കാര്യങ്ങള്‍ അദ്ദേഹം ആവര്‍ത്തിച്ചു.
ഞാന്‍ പാകിസ്താന്‍ സന്ദര്‍ശിച്ചിട്ടുണ്ട്. അവിടെ ഹൃദ്യമായ സ്വീകരണമാണ് തനിക്ക് ലഭിച്ചത്. ഇന്ത്യയിലുള്ളവരുമായി പാകിസ്താനികള്‍ക്ക് കുടുംബബന്ധമുണ്ട്. അവര്‍ ഇന്ത്യയിലുള്ളവരെയും ഇന്ത്യയിലുള്ള ബന്ധുക്കള്‍ പാകിസ്താനിലുള്ള ബന്ധുക്കളെയും കാണാന്‍ ആഗ്രഹിക്കുന്നുണ്ട്. പക്ഷേ ജനങ്ങള്‍ പറയുന്നത് പാക് പൗരന്‍മാര്‍ക്ക് സന്തോഷമില്ലെന്നും അവിടെ അനീതി നടക്കുന്നുണ്ടെന്നുമാണ്. എന്നാല്‍, അധികാരത്തിലുള്ളവര്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്കു വേണ്ടിയാണ് ഇങ്ങനെ തെറ്റിദ്ധാരണ പരത്തുന്നത്- അദ്ദേഹം പറഞ്ഞു. പാകിസ്താനിലെ സാധാരണജനങ്ങള്‍ ഇന്ത്യയുമായി യുദ്ധം ആഗ്രഹിക്കുന്നില്ല. നമ്മുടെ ക്രിക്കറ്റ് ടീം പാകിസ്താനിലേക്കു കളിക്കാന്‍ പോയിട്ടുണ്ട്. അപ്പോഴെല്ലാം നല്ല സ്വീകരണമാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് പ്രത്യേക സമുദായവിഭാഗങ്ങള്‍ ആക്രമിക്കപ്പെടുകയാണ്. എന്നാല്‍, അതിന്റെ ഗൂഢാലോചനക്കാരെ കുറ്റവിചാരണ ചെയ്യുന്നില്ല. നേരത്തെ ആള്‍ക്കൂട്ട ആക്രമണമെന്ന പദം നമുക്ക് പരിചയമില്ലായിരുന്നു. ഇപ്പോഴത് വ്യാപകമായിരിക്കുന്നു. അത്തരം സംഭങ്ങള്‍ക്കെതിരെ നാം ശക്തമായി രംഗത്തുവരേണ്ടിയിരിക്കുന്നു- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പവാറിന്റെ പ്രസ്താവന ബി.ജെ.പി വിവാദമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."