മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ കാരുണ്യ ഫാര്‍മസി സേവനം ആരംഭിച്ചു
മണ്ണാര്‍ക്കാട്: ദിനംപ്രതി 1,500 ലധികം രോഗികള്‍ വന്നുപോകുന്നതും സംസ്ഥാനത്തെ ആദിവാസി ഭൂരിപക്ഷ മേഖലയായ അട്ടപ്പാടി ഉള്‍പ്പെടുന്നതുമായ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ കാരുണ്യ ഫാര്‍മസിയുടെ സേവനമാരംഭിച്ചു. പൊതുജനങ്ങള്‍ക്ക് ഏറെ സഹായകരമാവുന്ന തരത്തിലാണ് സര്‍ക്കാര്‍ സംരംഭമായ കാരുണ്യയുടെ ശാഖ മണ്ണാര്‍ക്കാട് ആശുപത്രിയിലും തുറന്നത്. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സരസ്വതി അധ്യക്ഷയായി. ചടങ്ങില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ എം.കെ സുബൈദ ഫാര്‍മസിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
ആരോഗ്യ മേഖലയിലെ വികസനങ്ങള്‍ക്ക് നിര്‍ണായക പങ്കുവഹിക്കുന്ന സര്‍ക്കാര്‍ സംരംഭമായ കാരുണ്യയുടെ സേവനം മണ്ണാര്‍ക്കാടിന് പുതുജീവന്‍ നല്‍കുകയാണ്. അര്‍ബുദമുള്‍പ്പെടെ മാരക രോഗങ്ങള്‍ക്ക് അടിമകളായവര്‍ക്ക് ഏറെ ആശ്വാസകരമാണ് ഫാര്‍മസിയുടെ പ്രവര്‍ത്തനം. എ.പി.എല്‍,ബി.പി.എല്‍ വ്യത്യാസമില്ലാതെ 40 മുതല്‍ 90 ശതമാനം വരെ ഇളവില്‍ മരുന്നുകള്‍ ജനങ്ങളിലെത്തിക്കും. ചടങ്ങില്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ ടി.ആര്‍ സെബാസ്റ്റ്യന്‍, കൗണ്‍സിലര്‍മാരായ സലീം, ശ്രീനിവാസന്‍, മാസിത സത്താര്‍, ആരോഗ്യ വകുപ്പ് ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. രചന ചിദംബരം, സെക്രട്ടറി ബീന, കെ.എം.എസ്.സി.എല്‍ ജനറല്‍ മാനേജര്‍ ദിലീപ്, ആശുപത്രി സൂപ്രണ്ട് ഡോ. പമീലി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."