മാണി സി. കാപ്പന്റെ സ്ഥാനാര്‍ഥിത്വം: എന്‍.സി.പിയില്‍ പൊട്ടിത്തെറി നേതാക്കളടക്കം 42 പേര്‍ പാര്‍ട്ടി വിട്ടു
കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനെ പ്രതിസന്ധിയിലാക്കി എന്‍.സി.പിയില്‍ പൊട്ടിത്തെറി.
പാലാ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി മാണി സി. കാപ്പന്‍ മത്സരിക്കുന്നതില്‍ പ്രതിഷേധിച്ച് ഉഴവൂര്‍ വിജയന്‍ വിഭാഗത്തിലെ 42ഓളം പ്രവര്‍ത്തകരാണ് രാജിവച്ചത്.
എന്‍.സി.പി ദേശീയ സമിതി അംഗം ജേക്കബ് പുതുപ്പള്ളിയുടെ നേതൃത്വത്തിലാണ് രാജി. രാജിക്കത്ത് എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് തോമസ് ചാണ്ടിക്ക് നല്‍കി. വരുംദിവസങ്ങളില്‍ കൂടുതല്‍ പ്രവര്‍ത്തകര്‍ രാജിവയ്ക്കുമെന്നാണ് സൂചന.
ഉഴവൂര്‍ വിജയന്‍ വിഭാഗക്കാരായ തങ്ങളെ നേതൃത്വം അവഗണിച്ചുവെന്ന് ജേക്കബ് പുതുപ്പള്ളി ആരോപിക്കുന്നു. മാണി സി. കാപ്പന് പാലായില്‍ വിജയസാധ്യതയില്ലെന്ന് വ്യക്തമാക്കിയാണ് പാര്‍ട്ടിയില്‍ നിന്ന് നേതാക്കള്‍ കൂട്ടത്തോടെ പുറത്തുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം, പാലാ, കടുത്തുരുത്തി നിയോജക മണ്ഡലങ്ങളിലെ പ്രവര്‍ത്തകരാണ് രാജി സമര്‍പ്പിച്ചിരിക്കുന്നത്.
കെ.എം മാണിയുടെ മരണത്തിനുശേഷം പാലായില്‍ ഉപതെരഞ്ഞെടുപ്പുണ്ടാകുമെന്ന് ഉറപ്പായതിനുപിന്നാലെ മാണി സി. കാപ്പന്‍ സ്വയം സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കാനൊരുങ്ങിയത് എന്‍.സി.പിയിലും എല്‍.ഡി.എഫിലും അസ്വാരസ്യങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് മാണി സി. കാപ്പനെ സ്ഥാനാര്‍ഥിയാക്കരുതെന്ന് ആവശ്യപ്പെട്ട് ഒരുവിഭാഗം പ്രവര്‍ത്തകര്‍ പാര്‍ട്ടി ദേശീയ നേതൃത്വത്തെയും എല്‍.ഡി.എഫിനെയും സമീപിച്ചിരുന്നു.
മാണി സി.കാപ്പനെ സ്ഥാനാര്‍ഥിയാക്കിയത് സി.പി.എം നേതൃത്വത്തിന്റെയും കൂടി ഇടപെടലിനെ തുടര്‍ന്നായിരുന്നു.
തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കുമ്പോള്‍ എന്‍.സി.പിയില്‍ നിന്നുള്ള കൂട്ട രാജി എല്‍.ഡി എഫിനെയും പ്രതിസന്ധിയിലാക്കുന്നു. സംസ്ഥാന പ്രസിഡന്റ് തോമസ് ചാണ്ടി പാര്‍ട്ടിയില്‍ നടക്കുന്ന കാര്യങ്ങള്‍ അറിയുന്നില്ലെന്നും അദ്ദേഹത്തോടൊപ്പമുള്ള ചിലര്‍ അദ്ദേഹത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ഉഴവൂര്‍ വിഭാഗം നേതാക്കള്‍ ആരോപിക്കുന്നു.
എന്നാല്‍, രാജിവച്ച 42 പേരെയും സംഘടനാവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ മുന്‍പ് പുറത്താക്കിയതാണെന്നാണ് എന്‍.സി.പി നേതൃത്വം വിശദീകരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."