പട്ടികജാതി യുവാവിനെതിരേ വധശ്രമം: ദേശീയ പട്ടികജാതി കമ്മിഷന്‍ കേസെടുക്കാന്‍ ഉത്തരവിട്ടു
നെന്മാറ: പട്ടികജാതിക്കാരനായ നെന്‍മാറ പോത്തുണ്ടി അയ്യപ്പന്‍കുന്ന് അയ്യപ്പന്‍ മകന്‍ പ്രവീണിനെ (27)ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മുഴുവന്‍ പ്രതികള്‍ക്കെതിരെയും പട്ടികജാതി പട്ടികവര്‍ഗ അതിക്രമ നിരോധനനിയമപ്രകാരം കേസെടുക്കാന്‍ ദേശീയ പട്ടികജാതി കമ്മിഷന്‍ ഉത്തരവിട്ടു. പട്ടികജാതിമോര്‍ച്ച ദേശീയ വൈസ് പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട് ദേശീയ പട്ടികജാതി കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ അഡ്വ.എല്‍.മുരുകന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. 1989ലെ പട്ടികജാതി അതിക്രമനിരോധന നിയമപ്രകാരവും 2015ലെ അമെയ്‌മെന്റ് ആക്ട് പ്രകാരവും കേസ്സെടുക്കണമെന്നും ഉത്തരവില്‍ പറയുന്നു. സംഭവത്തിന്റെ എഫ്.ഐ.ആര്‍ന്റെ കോപ്പിയും ചാര്‍ജ് ഷീറ്റും അന്വേഷണ പുരോഗതിയും സമര്‍പ്പിക്കാന്‍ പാലക്കാട് ജില്ലാ പൊലിസ് സൂപ്രണ്ടിനോടും ഡി.ജി.പിയോടും ആവശ്യപ്പെട്ടു. രണ്ടുദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പിക്കാനാണ് ദേശീയ പട്ടികജാതി കമ്മിഷന്‍ ഉത്തരവിട്ടത്.
എട്ട് ദിവസം മുമ്പാണ് നെന്‍മാറ ബോയ്‌സ് സ്‌കൂളിന് സമീപത്ത് സി.പി.എം. സംഘം പോലീസിന്റെയും നാട്ടുകാരുടേയും സാന്നിദ്ധ്യത്തില്‍ പ്രവീണിനെ ആക്രമിച്ച് തലയ്ക്ക് വെട്ടി പരുക്കേല്‍പ്പിച്ചത്. വലതു കണ്ണിന്റെ കാഴ്ച്ചശക്തി ഭാഗികമായി നഷ്ടപ്പെടുകയും ചെയ്ത പ്രവീണിനെ പാലക്കാട് ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. പ്രവീണിനെ മര്‍ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. അക്രമികളെക്കുറിച്ച് വ്യക്തമായ തെളിവുകള്‍ സഹിതം പരാതി നല്‍കിയിട്ടും വളരെ ദുര്‍ബലമായ ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ചേര്‍ത്താണ് പൊലിസ് കേസ്സ് രജിസ്റ്റര്‍ ചെയ്തത്. സംഭവത്തിലെ യഥാര്‍ത്ഥ പ്രതികളെ ഒഴിവാക്കാന്‍ സി.പി.എം. നേതൃത്വത്തിന്റെ സമര്‍ദ്ദത്തിന് വഴങ്ങി പൊലിസ് ശ്രമിച്ചതിനെത്തുടര്‍ന്നാണ് പട്ടികജാതിമോര്‍ച്ച ദേശീയ വൈസ് പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട് ദേശീയ പട്ടികജാതി കമ്മിഷന് പരാതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."