കശ്മിരില്‍ കുട്ടികളെ തടവിലാക്കിയത് ആശങ്കാജനകം: മലാല
ഇസ്‌ലാമാബാദ്: കശ്മിര്‍ വിഷയത്തില്‍ പ്രതികരണവുമായി സമാധാന നോബല്‍ പുരസ്‌കാര ജേതാവും വിദ്യാഭ്യാസ പ്രവര്‍ത്തകയുമായ മലാല യൂസഫ്‌സായി. കശ്മിരില്‍ സമാധാനം പുനഃസ്ഥാപിക്കാനായി ഇടപെടണമെന്നും കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാവുന്ന സാഹചര്യം ഒരുക്കണമെന്നും ലോക നേതാക്കളോടും ഐക്യരാഷ്ട്രസഭയോടും അവര്‍ അഭ്യര്‍ഥിച്ചു. കുട്ടികള്‍ ഉള്‍പ്പടെ, തടവിലാക്കപ്പെട്ട 4,000 ജനങ്ങളെക്കുറിച്ച് തനിക്ക് ആശങ്കയുണ്ടെന്നും ജമ്മുകശ്മിര്‍ പുറംലോകവുമായി പൂര്‍ണമായി ഒറ്റപ്പെട്ടിരിക്കുകയാണെന്നും മലാല ചൂണ്ടിക്കാട്ടി. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വിവിധ കുറിപ്പുകളിലൂടെയാണ് കശ്മീര്‍ വിഷയത്തില്‍ ഇതാദ്യമായി മലാല ഇന്നലെ പ്രതികരിച്ചത്.
കുട്ടികള്‍ ഉള്‍പ്പെടെ നാലായിരത്തോളം പേരെ വിവേചനരഹിതമായി തടവിലാക്കിയത് അങ്ങേയറ്റം ആശങ്കാജനകമാണ്. 40 ദിവസമായി കുട്ടികള്‍ക്ക് പുറത്തിറങ്ങാനും സ്‌കൂളിലേക്കു പോവാനും കഴിയുന്നില്ല. വീടിനു പുറത്തിറങ്ങാന്‍ പോലും കഴിയാത്ത പെണ്‍കുട്ടികളെ കുറിച്ചോര്‍ത്ത് ഞാന്‍ ഭയപ്പെടുകയാണ്-ഒരു ട്വീറ്റില്‍ മലാല പറഞ്ഞു.
ഏതാനും ആഴ്ചകളായി കശ്മിരികളുമായും പത്രപ്രവര്‍ത്തകരുമായും മനുഷ്യാവകാശ പ്രവര്‍ത്തകരുമായും വിദ്യാര്‍ഥികളുമായും സംസാരിക്കുകയായിരുന്നു ഞാന്‍. കശ്മിര്‍ ജനത പുറംലോകത്തുനിന്ന് ഒറ്റപ്പെട്ടിരിക്കുകയാണ്. 'പൂര്‍ണ നിശബ്ദത' എന്നാണ് കശ്മിരിലെ സാഹചര്യത്തെക്കുറിച്ച് എന്നോട് ഒരു പെണ്‍കുട്ടി പറഞ്ഞത്. പുറത്ത് എന്താണ് നടക്കുന്നതെന്ന് ആരും അറിയുന്നില്ല. സൈനികരുടെ കാലൊച്ചകള്‍ മാത്രമാണ് കേള്‍ക്കാന്‍ കഴിയുന്നത്. ജീവിതത്തിന്റെ ലക്ഷ്യം നഷ്ടപ്പെട്ടതായി മറ്റൊരു പെണ്‍കുട്ടി പറഞ്ഞു. സ്‌കൂളില്‍ പോകാനും പരീക്ഷ എഴുതാനും കഴിയുന്നില്ലെന്ന് മറ്റൊരു പെണ്‍കുട്ടിയും പരിഭവം പറഞ്ഞു. ഭാവിയെക്കുറിച്ച് ആശങ്കയാണ് അവര്‍ക്കെല്ലാം-അവര്‍ പറഞ്ഞു.
ജമ്മുകശ്മിരില്‍ എത്രയുംവേഗം സമാധാനം പുനഃസ്ഥാപിക്കണമെന്നും അവരെ കേള്‍ക്കണമെന്നും ലോകരാഷ്ട്ര നേതാക്കളോടും ഐക്യരാഷ്ട്രസഭയോടും അഭ്യര്‍ത്ഥിക്കുകയാണെന്നും മറ്റൊരു കുറിപ്പില്‍ മലാല അഭ്യര്‍ഥിച്ചു.
അതേസമയം, പാകിസ്താനിലെ ന്യൂനപക്ഷങ്ങള്‍ അവിടെ എങ്ങിനെയാണ് കഴിയുന്നതെന്നു കൂടി മലാല നോക്കണമെന്ന് ബി.ജെ.പി നേതാവ് ശോഭ കരന്‍ന്ദലജെ എം.പി പറഞ്ഞു.
പാകിസ്താനില്‍ ഹിന്ദുക്കള്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനും അടിച്ചമര്‍ത്തലിനും ഇരയായിക്കൊണ്ടിരിക്കുകയാണെന്നും അതേകുറിച്ചും മലാല സംസാരിക്കണമെന്നും ശോഭ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."