ജില്ലാ പഞ്ചായത്ത് 2016-2018 പദ്ധതി: വലിയ ക്രമക്കേടുകള്‍ ഇല്ലെന്ന് അക്കൗണ്ടന്റ് ജനറലിന്റെ ഓഡിറ്റ് റിപ്പോര്‍ട്ട്
വി.കെ പ്രദീപ്
കാസര്‍കോട്: ജില്ലാ പഞ്ചായത്തിന്റെ 2016-2017, 2017-2018 വര്‍ഷത്തെ പദ്ധതി നടത്തിപ്പുകളെ കുറിച്ചുള്ള അക്കൗണ്ടന്റ് ജനറലിന്റെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ വലിയ ക്രമക്കേടുകളൊന്നും കണ്ടെത്താനായില്ല.
2016-2017, 2017-2018 സാമ്പത്തിക വര്‍ഷം ആസൂത്രണം ചെയ്ത പദ്ധതി, നടപ്പാക്കിയ പദ്ധതി, ചെലവ് എന്നിവയാണ് ഓഡിറ്റിന് വിധേയമാക്കിയത്. ഇതിലാണ് വലിയ ക്രമക്കേടുകളൊന്നും കണ്ടെത്താനായില്ലെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ഇന്നലെ ജില്ലാ ചേര്‍ന്ന ജില്ലാ പഞ്ചായത്ത് യോഗം ഓഡിറ്റ് റിപ്പോര്‍ട്ട് വിശദമായി ചര്‍ച്ച ചെയ്തു.
ജില്ലയില്‍ തെരുവ്‌നായ വന്ധ്യംകരണ പദ്ധതി നടപ്പാക്കിയപ്പോള്‍ കാസര്‍കോട് ബ്ലോക്കില്‍ മാത്രമായി ഒതുങ്ങിപോയെന്നും മറ്റ് ബ്ലോക്കുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കാത്തതും ഇതുവരേ ചെലവഴിച്ച 1.19 കോടി രൂപയുടെ ചെലവ് കഴിച്ച് 62.09 രൂപ ഇപ്പോഴും അക്കൗണ്ടില്‍ ബാക്കി നില്‍ക്കുന്നതും വീഴ്ച്ചയായി ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. നീലേശ്വരം ബ്ലോക്കില്‍ തെരുവുനായ വന്ധ്യംകരണ കേന്ദ്രം ഉടന്‍ പ്രാവര്‍ത്തികമാകുമെന്നും മറ്റിടങ്ങളില്‍ പ്രവൃത്തി ഊര്‍ജ്ജിതമാക്കുമെന്ന് കാണിച്ച് ഓഡിറ്റ് പരാമര്‍ശത്തിന് മറുപടി നല്‍കാന്‍ യോഗം തീരുമാനിച്ചു.
ജില്ലാ പഞ്ചായത്ത് വളപ്പില്‍ ശില്‍പ്പോദ്യാനത്തിന് ചെലവാക്കിയ 17.75 ലക്ഷം രൂപ പദ്ധതി പൂര്‍ണ്ണമായും നടപ്പിലാവാത്തതിനാല്‍ നിഷ്ഫലമായെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടിലുണ്ട്. 10 വര്‍ഷമായിട്ടും പദ്ധതി പൂര്‍ത്തികരിക്കാന്‍ കഴിയാത്തതിനാല്‍ ഇത്രയും തുകയുടെ ഗുണഫലം ഇല്ലാതെ പോയെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടിലുണ്ട്. ശില്‍പ്പി കാനായി കുഞ്ഞിരാമനോട് ശില്‍പോദ്യാന പദ്ധതി ത്വരിതഗതിയില്‍ പുനരാരംഭിക്കാന്‍ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌ക്കരിച്ചതായും തുടര്‍ ചെലവിനാവാശ്യമായ തുകയെത്ര വരുമെന്ന് ശില്‍പിയോട് രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഈ പരാമര്‍ശത്തിന് മറുപടി നല്‍കും.വയോജനങ്ങള്‍ക്കായി ചെലവഴിക്കേണ്ട തുക പൊതു ആവശ്യത്തിനായി ചെലവഴിച്ചത് ശരിയായില്ലെന്നും ഓഡിറ്റ് റിപ്പോര്‍ട്ടിലുണ്ട്. ജില്ലാ ആയൂര്‍വേദ ആശുപത്രിയിലേക്ക് ഔഷധിയില്‍ നിന്ന് മരുന്ന് വിതരണം ചെയ്തതില്‍ നിന്ന് കാലതാമസം വന്നതായും മരുന്ന് ലഭ്യമാക്കാന്‍ കാലതാമസം നേരിട്ട സംഭവത്തില്‍ ഔഷധിയില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്നും ഓഡിറ്റ് റിപ്പോര്‍ട്ടിലുണ്ട്. ഇക്കാര്യത്തില്‍ജില്ലാ പഞ്ചായത്തിന് നിര്‍വഹണ ഉദ്യോഗസ്ഥന്‍ ഇതേവരേ മറുപടി നല്‍കിയില്ലെന്നും മറുപടി ലഭിക്കുന്ന മുറയ്ക്ക് മറുപടി നല്‍കാനും തീരുമാനിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഏ.ജി.സി ബഷീര്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് അഡ്വ. ശാന്തമ്മ ഫിലിപ്പ്, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പെഴ്‌സണ്‍മാരായ ഷാനവാസ് പാദൂര്‍, എ.പി ഉഷ, അംഗങ്ങളായ ജോസ് പതാലില്‍, കെ.നാരായണന്‍, ഇ.പത്മാവതി, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി ജാനകി ചര്‍ച്ചകളില്‍ പങ്കെടുത്തു.
ജില്ല പഞ്ചായത്ത് അംഗങ്ങളും ഉദ്യോഗസ്ഥരും പങ്കെടുത്തില്ല
കാസര്‍കോട്: ജില്ലാ പഞ്ചായത്തിന്റെ വളരെ സുപ്രധാനമായ ഓഡിറ്റ് റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുന്ന ജില്ലാ പഞ്ചായത്ത് യോഗത്തില്‍ ഏതാനും പദ്ധതി നിര്‍വഹണ ഉദ്യോഗസ്ഥരും ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരും അംഗങ്ങളും പങ്കെടുത്തില്ല.
ഇതേ തുടര്‍ന്ന് പദ്ധതി നിര്‍വഹണ ഉദ്യോഗസ്ഥരോട് രേഖാമൂലം വിശദീകരണം തേടാന്‍ ഇന്നലെ ചേര്‍ന്ന ജില്ലാ പഞ്ചായത്ത് യോഗം തീരുമാനിച്ചു.
സ്റ്റാന്റിംങ് കമ്മറ്റിയംഗങ്ങളും ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍ ഇക്കാര്യത്തില്‍ ഗൗരവം ഉള്‍ക്കൊള്ളണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഏ.ജി.സി ബഷീര്‍ യോഗത്തെ അറിയിച്ചു.ഓഡിറ്റ് റിപ്പോര്‍ട്ടില്‍ തെരുവ്‌നായ വന്ധ്യംകരണ പദ്ധതിയെ കുറിച്ച് പരാമര്‍ശമുള്ള ഭാഗത്തില്‍ മറുപടി പറയാന്‍ നിര്‍വഹണ ഉദ്യോഗസ്ഥനായ മൃഗസംരക്ഷണ വകുപ്പ് മേധാവിയെ വിളിച്ചപ്പോള്‍ അദ്ദേഹമോ, വകുപ്പില്‍ നിന്ന് മറ്റാരുമോ വന്നിട്ടില്ലെന്ന് മനസിലായി. ഇതോടെ സി.പി.എമ്മിലെ ജോസ് പതാലില്‍ വിമര്‍ശനവുമായി എഴുന്നേറ്റു.
പ്രധാനപ്പെട്ട യോഗങ്ങളില്‍ നിര്‍വഹണ ഉദ്യോഗസ്ഥര്‍ പങ്കെടുക്കാതിരിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഉദ്യോഗസ്ഥരെ വിളിച്ചു വരുത്താന്‍ കഴിയാത്തത്ര നിഷ്‌ക്രിയമായിരിക്കുന്നു ജില്ലാ പഞ്ചായത്ത് ഭരണസമിതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിര്‍വഹണ ഉദ്യോഗസ്ഥരെ കൂടാതെ രണ്ട് സ്റ്റാന്റിംങ് കമ്മിറ്റിയംഗങ്ങളും ഏതാനും ജില്ലാ പഞ്ചായത്ത് അംഗങ്ങളും ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളും യോഗത്തില്‍ പങ്കെടുക്കാത്തതും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭരണ നിര്‍വഹണ ഉദ്യോഗസ്ഥരുടെ കുത്തഴിഞ്ഞ അവസ്ഥ അംഗീകരിക്കാനാവില്ലെന്നും യോഗത്തില്‍ പങ്കെടുക്കാത്ത ഇത്തരം ഉദ്യോഗസ്ഥരോട് രേഖാമൂലം വിശദീകരണം തേടാനും യോഗം തീരുമാനിച്ചു.
യോഗത്തില്‍ പങ്കെടുക്കാത്ത അംഗങ്ങള്‍ യോഗത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ടിട്ടില്ലെന്ന് വേണം കരുതാനെന്നും അംഗങ്ങള്‍ യോഗങ്ങളുടെ ഗൗരവം ഉള്‍ക്കൊള്ളണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഏ.ജി.സി ബഷീര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."