ഇനി വറുതിക്കാലം
കാസര്‍കോട്: മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനുമായി ജില്ലയില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ ജൂലൈ 31 അര്‍ധ രാത്രി വരെ ട്രോളിങ് നിരോധനം നിലവില്‍ വരും. ജില്ലയിലാകെ 162 യന്ത്രവല്‍കൃത ബോട്ടുകളും 2015 യന്ത്രവല്‍ക്കൃത വള്ളങ്ങളും 96 യന്ത്രം ഘടിപ്പിച്ചിട്ടില്ലാത്ത വള്ളങ്ങളുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് ഫിഷറിസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.വി അനില്‍കുമാര്‍ പറഞ്ഞു. ഇവയെല്ലാം ഇന്ന് അര്‍ധരാത്രി മുതല്‍ കടലിലിറങ്ങില്ല.
മണ്‍സൂണ്‍ കാലത്ത് മത്സ്യത്തൊഴിലാളികള്‍ക്കു കടലില്‍ വച്ചുണ്ടാകുന്ന അപകടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനു ഫിഷറിസ് ഡെപ്യൂട്ടി കാര്യാലയത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്. കണ്‍ട്രോള്‍ റൂം മുഖേന മത്സ്യത്തൊഴിലാളികള്‍ക്കു കാലാവസ്ഥാ മുന്നറിയിപ്പു നല്‍കും. അപകടത്തില്‍പെടുന്ന മത്സ്യത്തൊഴിലാളികളെ സഹായിക്കുന്നതിനു യഥാസമയം ഉചിതമായ നടപടികള്‍ സ്വീകരിക്കുന്നതിനു വകുപ്പിലെ എല്ലാ ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പൊലിസിന്റെ സഹായവും ലഭിക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ട്രോളിങ് നിരോധന കാലയളവില്‍ കടല്‍ പട്രോളിങ് നടത്തുന്നതിനും അപകടങ്ങളില്‍ രക്ഷാസംവിധാനം ഏര്‍പ്പെടുത്തുന്നതിനുമായി ഒരു യന്ത്രവല്‍കൃത ബോട്ട്, ഒരുയന്ത്രവല്‍കൃത ഫൈബര്‍ വള്ളം എന്നിവ തയാറാക്കി നിര്‍ത്തിയിട്ടുണ്ട്. ദിവസ വാടക അടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തുന്ന യാനങ്ങളിലെ സ്ഥിരം ജോലിക്കാര്‍ക്കു പുറമെ പരിശീലനം ലഭിച്ച മത്സ്യത്തൊഴിലാളികളില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തകരുടെ സേവനവും ഉറപ്പുവരുത്തുമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ പറഞ്ഞു.
ട്രോളിങ് നിരോധന കാലയളവില്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കു സൗജന്യ റേഷന്‍ ഉള്‍പ്പെടെയുളള സഹായം ലഭ്യമാക്കാനുള്ള നീക്കവും ഫിഷറിസ് വകുപ്പ് നടത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."