യുവതിയുടെ മൃതദേഹം കൊണ്ടോട്ടിയില്‍ ഖബറടക്കി
കൊണ്ടോട്ടി: വാടക ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയുടെ മൃതദേഹം പള്ളിയില്‍ സംസ്‌കരിക്കാന്‍ ബന്ധുക്കള്‍ രേഖാമൂലം അനുമതി നല്‍കി. ഇതോടെ സംഭവത്തില്‍ വര്‍ഗീയ നിറം ചാര്‍ത്താനുളള കുല്‍സിത ശ്രമത്തിനു തിരിച്ചടിയായി. കൊല്ലം കിളികൊല്ലൂര്‍ സ്വദേശിനിയും ഒരു വര്‍ഷമായി പുളിക്കല്‍ പെരിയമ്പലത്തു താമസക്കാരിയുമായി രാജേശ്വരി എന്ന റഹീന ബാനുവിനെ(26)യാണു കഴിഞ്ഞ വെള്ളിയാഴ്ച ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നത്.
ഭര്‍ത്താവായ പുളിക്കല്‍ ആന്തിയൂര്‍കുന്ന് സ്വദേശി മുഹമ്മദ് സക്കറിയയാണു മൃതദേഹം ആദ്യം കണ്ടത്. പിന്നീട് പൊലിസില്‍ അറിയിക്കുകയായിരുന്നു. നേരത്തെ വിവാഹിതയും രണ്ടു മക്കളുടെ മാതാവുമായ രാജേശ്വരി ഭര്‍ത്താവുമായി മൂന്നുവര്‍ഷം മുമ്പു ബന്ധം ഉപേക്ഷിച്ചതാണ്. ഒരു വര്‍ഷം മുമ്പു തന്നോടൊപ്പം ടെക്‌സ്‌റ്റൈയില്‍സില്‍ ജോലി ചെയ്തുവരികയായിരുന്ന മുഹമ്മദ് സക്കറിയോടൊത്തു പുളിക്കലിലെത്തിയത്. പിന്നീട് ഇവരുവരും വിവാഹിതരായി വാടക ക്വാര്‍ട്ടേഴ്‌സില്‍ കഴിയുകയായിരുന്നു. രാജേശ്വരി മതം മാറുകയും ചെയ്തു.
യുവതി ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ചതോടെ ചിലര്‍ ലൗജിഹാദിന്റെ കഥകളുമായി രംഗത്തെത്തിയിരുന്നു. സ്ത്രീയുടെ കുടംബത്തെ സ്വാധീനിച്ചുളള ശ്രമം പക്ഷെ വീട്ടുകാര്‍ വഴങ്ങാതെ വന്നതോടെ പൊളിഞ്ഞു. യുവതി മരിച്ച വിവരം കൊല്ലത്തുളള ബന്ധുക്കളെ പൊലിസ് വിവരമറിയിച്ചെങ്കിലും ആദ്യദിനം ഇവര്‍ എത്തിയില്ല. ഇതോടെ പോസ്റ്റ് മോര്‍ട്ടം നടത്താനാവാതെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കുകയായിരുന്നു. ഇന്നലെ യുവതിയുടെ അമ്മ ഉള്‍പ്പടെയുളള ബന്ധുക്കള്‍ പൊലിസ് സാന്നിധ്യത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തി മൃതദേഹം തിരിച്ചറിഞ്ഞു. തുടര്‍ന്നു തങ്ങള്‍ക്കു പരാതിയില്ലെന്നും മൃതദേഹം ഭര്‍ത്താവായ സക്കറിയക്കു സംസ്‌കരിക്കാന്‍ വിട്ടുകൊടുക്കുന്നതായും ഇവര്‍ രേഖാമൂലം എഴുതി നല്‍കി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം പുളിക്കല്‍ ചാമപ്പറമ്പ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.സംഭവത്തില്‍ചിലര്‍ വര്‍ഗീയ മുതലെടുപ്പിന് ശ്രമിക്കുന്നതിനിടെയാണു യുവതിയുടെ കുടംബം പരാതിയില്ലെന്നു രേഖാമൂലം എഴുതി നല്‍കിയത്.
ചിത്രം-രാജേശ്വരി എന്ന റഹീന ബാനു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."