മഞ്ചേരിയിലെ ഗതാഗത പരിഷ്കാരം; അധികൃതരും യാത്രക്കാരും ആശയക്കുഴപ്പത്തില്‍
മഞ്ചേരി: മഞ്ചേരിയിലെ ഗതാഗത പരിഷ്കാരത്തില്‍ ഏതുതരം മാറ്റം വരുത്തണമെന്ന കാര്യത്തില്‍ അധികൃതരും നഗരത്തില്‍ നിന്നും യാത്രചെയ്യുന്ന കാര്യത്തില്‍ യാത്രക്കാരും ആശയക്കുഴപ്പത്തിലായി. റോഡ് -അഴുക്കുച്ചാല്‍ നിര്‍മാണ പ്രവൃത്തികളുടെ ഭാഗമായി താല്‍ക്കാലിക ഗതാഗത പരിഷ്കാരമെന്നോണം രണ്ടാഴ്ച മുന്‍പ് നടപ്പാക്കിയ നിലവിലെ പരിഷ്കാരം തുടരണമോ അതല്ല അതിനു മുന്‍പത്തെ രീതിയിലേക്ക് തന്നെ മാറണോ എന്നതാണ് അധികൃതരെ കുഴക്കിയിരിക്കുന്നത്. മഞ്ചേരി നഗരത്തില്‍ എത്തിയാല്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് പോവാനുള്ള ബസുകള്‍ എവിടെ നിന്നാണ് ഓപ്പറേറ്റ് ചെയ്യുകയെന്നറിയാത്തതാണ് യാത്രക്കാര്‍ക്കുള്ള പ്രതിസന്ധി.
ഗതാഗത പരിഷ്കാരത്തില്‍ നിലവിലെ രീതി തുടരണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കച്ചേരിപ്പടി പ്രദേശവാസികളും കച്ചവടക്കാരും രംഗത്തുവന്നിരുന്നു. ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയുടെ പുതിയ തീരുമാനം ഇതിനു എതിരായാല്‍ ശക്തമായ പ്രക്ഷോഭം നേരിടേണ്ടിവരുമെന്നാണ് ഇവര്‍ നല്കുന്ന മുന്നറിയിപ്പ് . അതേസമയം നിലവിലെ രീതിയില്‍ മെഡിക്കല്‍ കോളജ് ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളിലേക്കു പോവേണ്ട സാധാരണ യാത്രക്കാര്‍ക്കു കനത്ത ദുരിതമാണ് നേരിടേണ്ടിവരുന്നത്. ഇത്തരം ദുരിതമനുഭവിക്കുന്ന യാത്രക്കാരുടെ പ്രശ്നങ്ങള്‍ ഗൗനിക്കണമെന്ന നിലപാടാണ് അധികൃതരെ പുതിയ രീതികൈകൊള്ളാന് പ്രേരിപ്പിക്കുന്നത് .
എന്നാല്‍ ഗതാഗത പരിഷ്കാരത്തില്‍ ഇനിയും മാറ്റങ്ങള്‍ കൊണ്ടുവരികയാണെങ്കില്‍ അത് കൂടുതല്‍ വ്യാപാരികളേയും ഓട്ടോതൊഴിലാളികളേയും അതൃപ്തരാക്കുമെന്നും വീണ്ടും സമരങ്ങള്‍ക്ക് വേദിതുറക്കുമെന്നും അധികൃതര്‍ വിലയിരുത്തുന്നുണ്ട്. ഗതാഗത പരിഷ്കാരം ഏതു വിധേനെ മുന്നോട്ടു പോവണമെന്ന കാര്യത്തില്‍ ട്രാഫിക്ക് പൊലിസ് അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തിവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."