'അതിരുകള്‍ കടന്ന്' ആഘോഷം: തലശ്ശേരി-മാഹി ബൈപാസിന് ശിലയിട്ടു
തലശ്ശേരി: നാലുപതിറ്റാണ്ടായുള്ള ജില്ലയുടെ സ്വപ്നപദ്ധതിയായ തലശ്ശേരി-മാഹി നാലുവരി ദേശീയപാതാ ബൈപാസിന്റെ നിര്‍മാണത്തിന് ഉത്സവാന്തരീക്ഷത്തില്‍ ശിലയിട്ടു. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയും ഒരുമിച്ചാണു തിരികൊളുത്തി ശിലാസ്ഥാപന കര്‍മം നിര്‍വഹിച്ചത്. എരഞ്ഞോളി ചുങ്കം മിനി സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ ജനങ്ങളുടെ ഹര്‍ഷാരവങ്ങള്‍ക്കിടെയായിരുന്നു ജില്ലയുടെ ഗതാഗത വികസനത്തില്‍ നാഴികക്കല്ലാകുന്ന പദ്ധതിക്കു ശിലയിട്ടത്. ടെന്‍ഡര്‍ നല്‍കി നാലുമാസം മുന്‍പ് പ്രവൃത്തി തുടങ്ങിയെങ്കിലും കേന്ദ്രമന്ത്രിയുടെ അസൗകര്യം കാരണം ഉദ്ഘാടനം നീളുകയായിരുന്നു.
കേന്ദ്രത്തിലും കേരളത്തിലും വ്യത്യസ്ത കക്ഷികളാണ് ഭരിക്കുന്നതെങ്കിലും വികസനകാര്യത്തില്‍ രാഷ്ട്രീയം ഒരിക്കലും പ്രതിബന്ധമാകില്ലെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞു. രാജ്യത്തിലെ ജനങ്ങള്‍ക്ക് വേണ്ടിയാണ് വികസനം. ഇക്കാര്യത്തില്‍ സംസ്ഥാനവുമായി സഹകരിച്ച് മുന്നോട്ടുപോകും. പ്രകൃതി വിഭവങ്ങളാള്‍ സമ്പന്നമാണ് നമ്മുടെ നാട്. എന്നാല്‍ രാജ്യത്തിലെ വലിയ വിഭാഗം ജനങ്ങള്‍ ദാരിദ്ര്യത്തില്‍ കഴിയുകയാണ്. ഗതാഗത സംവിധാനങ്ങള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസനത്തിലൂടെ മാത്രമേ കാര്‍ഷികസേവന മേഖലകളുടേതടക്കം പുരോഗതി സാധ്യമാകൂവെന്നും ഗഡ്കരി ചൂണ്ടിക്കാട്ടി.
ബൈപാസ് ഗതാഗതക്കുരുക്കിന് പരിഹാരമാകുന്നതോടൊപ്പം നാടിന്റെ പുരോഗതിയില്‍ വലിയ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ഭാവിയില്‍ അത്തരം ദുരന്തങ്ങളെ അതിജീവിക്കാന്‍ പാകത്തിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വിമാനത്താവളത്തോടൊപ്പം റോഡുകളും വികസിക്കേണ്ടതുണ്ട്. ഇതിന് സ്ഥലമെടുപ്പ് വേണ്ടിവരും. ചില വിഷമങ്ങളുണ്ടാകുമെങ്കിലും നാടിന്റെ നന്‍മയ്ക്കായി എല്ലാവരും സഹകരിക്കണമെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.
എരഞ്ഞോളി ചുങ്കം മിനി സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ മന്ത്രിമാരായ ജി. സുധാകരന്‍, കെ.കെ ശൈലജ, കടന്നപ്പള്ളി രാമചന്ദ്രന്‍, ടി.പി രാമകൃഷ്ണന്‍, എ.കെ ശശീന്ദ്രന്‍, എം.പിമാരായ പി.കെ ശ്രീമതി, വി. മുരളീധരന്‍, എന്‍. ഗോകുലകൃഷ്ണന്‍, എം.എല്‍.എമാരായ എ.എന്‍ ഷംസീര്‍, വി. രാമചന്ദ്രന്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, കലക്ടര്‍ മീര്‍ മുഹമ്മദലി, പൊതുമാരമത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറി കമല വര്‍ധനറാവു, സബ് കലക്ടര്‍ എസ്. ചന്ദ്രശേഖര്‍, അസി. കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, ദേശീയപാതാ അതോറിറ്റി സി.ജി.എം അലോക് ദീപാങ്കര്‍, നഗരസഭാ ചെയര്‍മാന്‍ സി.കെ രമേശന്‍, ദേശീയപാതാ വിഭാഗം പ്രൊജക്ട് ഡയരക്ടര്‍ നിര്‍മല്‍ സാഥേ സംസാരിച്ചു. നീലേശ്വരം റെയില്‍വേ ഓവര്‍ ബ്രിഡ്ജ് നിര്‍മാണം, പാലക്കാട് നാട്ടുകാല്‍ മുതല്‍ താണാവ് വരെയുള്ള രണ്ടുവരി പാതാ വിപുലീകരണം എന്നിവയുടെ ഉദ്ഘാടനവും വിഡിയോ കോണ്‍ഫറന്‍സിലൂടെ കേന്ദ്രമന്ത്രിയും മുഖ്യമന്ത്രിയും ചേര്‍ന്ന് നിര്‍വഹിച്ചു. മുഴപ്പിലങ്ങാട് മുതല്‍ കോഴിക്കോട് ജില്ലയിലെ അഴിയൂര്‍ വരെ 18.6 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തലേശ്ശരി-മാഹി ബൈപാസിന് 1181 കോടി രൂപയാണു ചെലവ് പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."