കരിമണല്‍ ഖനനം സ്വകാര്യമേഖലക്ക്, പിന്നില്‍ അഴിമതിയെന്ന്: മുഖ്യമന്ത്രി അറിയാതെ മന്ത്രി ജയരാജന്‍ തീരുമാനമെടുക്കില്ലെന്നും എന്‍.കെ.പ്രേമചന്ദ്രന്‍
തിരുവനന്തപുരം: തീരദേശ കരിമണല്‍ ഖനനം സ്വകാര്യമേഖലയ്ക്കു നല്‍കാനുള്ള സര്‍ക്കാര്‍ നീക്കത്തിനുപിന്നില്‍ അഴിമതിയാണെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ എംപി. വ്യവസായ മന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഈ നീക്കം ഇടതുപക്ഷ നയമാണോയെന്നു മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കരിമണല്‍ ഖനനം പൊതുമേഖലയ്ക്കു മാത്രമേ നല്‍കാവൂ എന്നതു സംബന്ധിച്ചു കേന്ദ്രസര്‍ക്കാര്‍ ചട്ടം രൂപീകരിച്ചിട്ടുണ്ട്. ആ ചട്ടം മറികടന്നാണ് കോടിതി വിധിയുണ്ടെന്ന പേരില്‍ ഖനനം സ്വകാര്യമേഖലയ്ക്കു നല്‍കാന്‍ വ്യവസായ മന്ത്രി ശ്രമിക്കുന്നത്. മന്ത്രിയുടെ നീക്കം സി.പി.എം നേതൃത്വം കൂടി അറിഞ്ഞുകൊണ്ടുള്ളതാണെന്നും എന്‍.കെ.പ്രേമചന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
സ്വകാര്യവല്‍ക്കരണത്തിനെതിരേ നിരന്തരം സമരം നടത്തുന്ന സി.പി.എം ഈ വിഷയത്തില്‍ നിലപാടു വ്യക്തമാക്കണം. വ്യവസായ വകുപ്പു ഡയറക്ടര്‍ എതിര്‍ത്തതുകൊണ്ടു മാത്രമാണു ഫയല്‍ നിയമ വകുപ്പിന്റെ പരിഗണനയ്ക്കായി എത്തിയിട്ടുള്ളത്. മുഖ്യമന്ത്രി അറിയാതെ മന്ത്രി ഇ.പി.ജയരാജന്‍ ഇങ്ങനെയൊരു തീരുമാനമെടുക്കുമെന്നു വിശ്വസിക്കുന്നില്ല. അങ്ങനെയല്ലെങ്കില്‍ എല്‍.ഡി.എഫ് നയത്തിനെതിരേ പ്രവര്‍ത്തിച്ച മന്ത്രിക്കെതിരേ നടപടിയെടുക്കാന്‍ മുഖ്യമന്ത്രിയും സി.പി.എം നേതൃത്വവും തയാറാകണമെന്ന് പ്രേമചന്ദ്രന്‍ ആവശ്യപ്പെട്ടു. കേന്ദ്ര തീരുമാനം അട്ടിമറിച്ച് ഒരു സ്വകാര്യ കമ്പനിയുടെ സാമ്പത്തിക താല്‍പര്യം സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. 2004ല്‍ സി.എം.ആര്‍.എല്‍ കമ്പനി കോടതിയില്‍ നിന്നും സമ്പാദിച്ച വിധിയുടെ മറവിലാണു മന്ത്രിയുടെ ഗൂഢ നീക്കം. വിധിന്യായത്തില്‍ കമ്പനിയുടെ അപേക്ഷ പുനപ്പരിശോധിക്കാന്‍ മാത്രമാണു കോടതി പറഞ്ഞിട്ടുള്ളതെന്നും കരിമണല്‍ ഖനനം സ്വകാര്യ കുത്തകകള്‍ക്കു നല്‍കാനുള്ള മന്ത്രിയുടെ നീക്കം നിയമലംഘനവും അഴിമതിയുമാണെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."