സംഘര്‍ഷങ്ങള്‍ നിലനിര്‍ത്തേണ്ടത് സി.പി.എം-ബി.ജെ.പി ആവശ്യം: ടി. സിദ്ദീഖ്
കോഴിക്കോട്: പരസ്പര സംഘര്‍ഷങ്ങള്‍ നിലനിര്‍ത്തേണ്ടത് സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും ആവശ്യമാണെന്ന് ഡി.സിസി പ്രസിഡന്റ് അഡ്വ. ടി. സിദ്ദീഖ്. ഡി.സി.സി ഓഫിസില്‍ നടന്ന കോണ്‍ഗ്രസ് നേതൃയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പിയുമായി നിരന്തരം സംഘര്‍ഷത്തിലേര്‍പ്പെടുന്നത് സി.പി.എം തന്ത്രമായി കാണുകയാണ്. അതുപോലെ ബി.ജെ.പിയും കരുതുന്നു. ഇരട്ട ഹര്‍ത്താലുമായി ബന്ധപ്പെട്ട് നൂറിലേറെ അക്രമങ്ങളാണ് ജില്ലയിലുണ്ടായതെന്നും സിദ്ദീഖ് പറഞ്ഞു.
നാല്‍പ്പതോളം എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഹര്‍ത്താലുകള്‍ കച്ചവട മേഖലയെ സ്തംഭിപ്പിച്ചു. പലയിടങ്ങളിലും പൊലിസ് നിഷ്ക്രിയരാവുകയാണ്. വടകരയിലെ തോടന്നൂര്‍, തിരുവള്ളൂര്‍ മേഖലകളില്‍ അക്രമികള്‍ അഴിഞ്ഞാടുകയാണ്. അക്രമങ്ങള്‍ക്കെതിരേ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 'സ്വസ്ഥ കോഴിക്കോട് ' മുദ്രാവാക്യവുമായി സത്യഗ്രഹം നടത്തും. 17ന് നടക്കുന്ന സത്യഗ്രഹത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും സ്വാതന്ത്ര്യസമര സേനാനി ഗാന്ധിയന്‍ ഗോപിനാഥന് നായരും പങ്കെടുക്കും. യോഗത്തില്‍ കോണ്‍ഗ്രസ് നേതാക്കളായ അഡ്വ. ജയന്ത്, കെ.പി ബാബു, ദിനേശ് മണി, എം.ടി പത്മ, പി.എം നിയാസ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."