ഫ്‌ളാറ്റ് പൊളിക്കല്‍: കമ്പനിയെ ചൊവ്വാഴ്ച കണ്ടെത്തും, പുനരധിവാസത്തിന് അപേക്ഷിച്ചില്ലെങ്കില്‍ സൗകര്യം ഒരുക്കില്ലെന്ന് നഗരസഭയുടെ നോട്ടിസ്
കൊച്ചി: ഫ്‌ളാറ്റ് പൊളിക്കല്‍ സംബന്ധിച്ച തുടര്‍നടപടിയുമായി നഗരസഭ മുന്നോട്ട്. ഇന്ന് വൈകിട്ട് മൂന്ന് മണിക്കകം പുനരധിവാസം വേണ്ടവര്‍ അറിയിക്കണമെന്ന് ആവശ്യപ്പെട്ട് ഫ്‌ളാറ്റുടമകള്‍ക്ക് നോട്ടിസ് നല്‍കി. പുനരധിവാസം ആവശ്യപ്പെട്ട് അപേക്ഷിക്കാത്തവര്‍ക്ക് പുനരധിവാസത്തിന് സൗകര്യം ഒരുക്കില്ലെന്നും അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേ സമയം ഫ്‌ളാറ്റ് പൊളിക്കാനുള്ള കമ്പനിയെ ചൊവ്വാഴ്ച കണ്ടെത്തും. 13 കമ്പനികള്‍ താല്‍പര്യപത്രം സമര്‍പ്പിച്ചിട്ടുണ്ട്. ചെന്നൈ, ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങളില്‍ നിന്നുള്ള കമ്പനികളാണ് താല്‍പര്യം അറിയിച്ചത്.
പരിചയസമ്പന്നരായ ഏജന്‍സിയെ ഇന്ന് വിദഗ്ധരുടെ നേതൃത്വത്തില്‍ കണ്ടെത്തുമെന്ന് നഗരസഭാ അധികൃതര്‍ അറിയിച്ചു. പുനരധിവാസം വേണ്ടവര്‍ ഇന്ന് വൈകിട്ട് മൂന്ന് മണിക്കകം അറിയിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭ ഫ്‌ളാറ്റുടമകള്‍ക്ക് നോട്ടിസ് നല്‍കി. ആല്‍ഫ വെഞ്ചേഴ്‌സ്, ഗോള്‍ഡന്‍ കായലോരം, ഹോളി ഫെയ്ത്ത്, ജെയിന്‍ ഹൗസിംങ് എന്നീ ഫ്‌ളാറ്റ് സമുച്ഛയങ്ങളിലാണ് നോട്ടിസ് പതിച്ചത്.
പുനരധിവാസം ആവശ്യപ്പെട്ട് അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്ക് പുനരധിവാസത്തിന് സൗകര്യം ഒരുക്കില്ലെന്നും അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതുസംബന്ധിച്ച് നഗരസഭാ അധികൃതര്‍ ഫ്‌ളാറ്റുകളില്‍ നോട്ടിസ് പതിച്ചു. ശക്തമായ പ്രതിഷേധത്തിന് നടുവിലാണ് നോട്ടിസ് പതിച്ചത്. തീരദേശ പരിപാലന നിയമം പാലിക്കാതെ നിര്‍മിച്ച ഫ്‌ളാറ്റുകള്‍ പൊളിച്ച് നീക്കം ചെയ്യണമെന്ന സുപ്രിംകോടതി വിധി നടപ്പാക്കുന്നതിന്റെ ഭാഗമായി മരട് നഗരസഭ ഫ്‌ളാറ്റില്‍ നിന്ന് അഞ്ച് ദിവസത്തിനകം ഒഴിഞ്ഞ് പോകണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ചൊവ്വാഴ്ച ഉടമകള്‍ക്ക് നോട്ടിസ് നല്‍കിയിരുന്നു.
ഞായറാഴ്ചയോടെ കാലാവധി അവസാനിച്ചിരുന്നു. തുടര്‍ന്ന് ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരമാണ് ഒഴിപ്പിക്കല്‍ നടപടികളുമായി നഗരസഭ മുന്നോട്ടു പോകുന്നത്. പുനരധിവാസത്തിന് ഇടം കണ്ടെത്താനും ജില്ലാ ഭരണകൂടം ശ്രമം തുടങ്ങിയി. വില്ലേജ് ഓഫിസര്‍മാര്‍ വഴി ഇതിനുള്ള വിവര ശേഖരണം നടത്തി. പുനരധിവാസം ആവശ്യമുള്ളവര്‍ അപേക്ഷ നല്‍കണമെന്ന നോട്ടിസ് ഇന്നലെ വൈകിട്ടാണ് നഗരസഭാ സെക്രട്ടറി പുറപ്പെടുവിച്ചത്.
എന്നാല്‍ ഫ്‌ളാറ്റുകള്‍ ഒഴിയണമെന്ന അധികൃതരുടെ നിര്‍ദേശം ഉടമകള്‍ തള്ളി. ഒഴിഞ്ഞ് എവിടേയ്ക്കുമില്ലെന്ന നിലപാടിലാണ് അവര്‍. യാതൊരു മാനദണ്ഡവും പാലിക്കാതെയാണ് ഒഴിയല്‍ നോട്ടിസെന്നാണ് ഉടമകളുടെ പക്ഷം.
അതേസമയം ഫ്‌ളാറ്റ് പൊളിച്ചുമാറ്റുന്നതിനെതിരേ പ്രതിഷേധം ശക്തമാകുകയാണ്. ഇന്നലെ കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി, മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ ഫ്‌ളാറ്റുടമകള്‍ക്ക് പിന്തുണയറിയിച്ച് സമരപന്തലിലെത്തി. നോട്ടിസ് നല്‍കിയതിലെ അപാകത ചൂണ്ടിക്കാണിച്ച് ഈമാസം 19ന് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിക്കുമെന്ന് ഫ്‌ളാറ്റുടമകള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."