ഒളിംപിക്‌സ് സ്റ്റാമ്പ് ശേഖരവുമായി യുവ അധ്യാപകന്‍
മഞ്ചേരി: കഴിഞ്ഞകാല ഒളിംപിക്‌സ് മത്സരങ്ങളുടെ സ്മരണകള്‍ ആലേഖനം ചെയ്യപ്പെട്ട സ്റ്റാമ്പുകളുടെ അത്യപൂര്‍വ ശേഖരണം കൗതുകമാവുന്നു. മഞ്ചേരി തൃപ്പനച്ചി എ.യു.പി സ്‌കൂള്‍ അധ്യാപകനായ അബ്ദുല്‍ അലിയാണ് 1936 മുതലുള്ള നൂറിലേറെ വിദേശ രാഷ്ട്രങ്ങളുടെ ഒളിംപിക്‌സ് സ്റ്റാമ്പുകള്‍ അമൂല്യ നിധിപോലെ സൂക്ഷിച്ചുപോരുന്നത്. ക്യൂബ, മലേഷ്യ, ബള്‍ഗേറിയ, അമേരിക്ക, ബെല്‍ജിയം തുടങ്ങിയ വിവിധ രാഷ്ട്രങ്ങള്‍ പുറത്തിറക്കിയവയാണിത്. എല്ലാ സ്റ്റാമ്പുകളും പച്ച, ചുവപ്പ്, മഞ്ഞ, നീല, കറുപ്പ് എന്നീ അഞ്ചുനിറങ്ങളിലുള്ള വളയങ്ങളോടുകൂടിയുള്ളവയാണ് . ഒരോ വളയങ്ങളും വ്യത്യസ്ത ഭൂഖണ്ഡങ്ങളെ സൂചിപ്പിക്കുന്നു. ഒളിംപിക്‌സിലെ വിവിധ മത്സരയിനങ്ങളായ ജിംനാസ്റ്റിക്ക്, റണ്ണിംഗ്, ഗുസ്തി, വോളിബോള്‍ എന്നിവയിലെ മികച്ച താരങ്ങളുടെ പ്രകടനങ്ങളാണ് ഇവകളില്‍ ആലേഖനം ചെയ്തിരിക്കുന്നത്. ഈശേഖരണത്തില്‍ ഇന്ത്യ പുറത്തിറക്കിയതും ഉള്‍പ്പെട്ടിട്ടുണ്ട്. 1968ലാണ് ഇന്ത്യ ആദ്യമായി ഒളിമ്പിക്‌സ് സ്റ്റാമ്പുകള്‍ പുറത്തിറക്കിയത്. സ്റ്റാമ്പ് ശേഖരണ കൂട്ടായ്മയായ ഫിലാറ്റലി ക്ലബ് വഴിയും അമേരിക്ക, ഈജിപ്ത്, യു.എ.ഇ, സൗദി തുടങ്ങിയ രാഷ്ട്രങ്ങളിലെ മലയാളി സുഹൃത്തുക്കള്‍ മുഖാന്തിരവുമാണ് ഈ അധ്യാപകന്‍ അപൂര്‍വങ്ങളായ സ്റ്റാമ്പുകള്‍ ശേഖരിച്ചത്. ഇതിനുപുറമെ 150 രാഷ്ട്രങ്ങളിലെ പന്ത്രണ്ടായിരത്തിലേറെയുള്ള സ്റ്റാമ്പുകളും ഇദ്ദേഹം സൂക്ഷിച്ചുപോരുന്നു. ദേശീയ നേതാക്കന്‍മാര്‍, കായികതാരങ്ങള്‍, കലാകാരന്‍മാര്‍, സാഹിത്യപ്രതിഭകള്‍ തുടങ്ങിയവരുടെ ചിത്രങ്ങളോടുകൂടിയതാണ്. ഇന്ത്യന്‍ തപാല്‍ വകുപ്പ് പുറത്തിറക്കുന്ന മൈ സ്റ്റാമ്പും ശേഖരണത്തിലെ മറ്റൊരിനമാണ് . തപാല്‍ വകുപ്പിന്റെ എക്‌സിബിഷന്‍ സമയത്ത് 300 രൂപയും ഫോട്ടോയും ഐ.ഡി പ്രൂഫും നല്‍കിയാല്‍ സ്വന്തം ഫോട്ടോകളടങ്ങിയ സ്റ്റാമ്പുകള്‍ തപാല്‍വകുപ്പ് അടിച്ചുനല്‍കാറുണ്ട്. അതാണ് മൈസ്റ്റാമ്പ് പദ്ധതി. ബ്രസീലിലെ റിയോയില്‍ ലോക കായിക താരങ്ങള്‍ അണിനിരക്കുന്ന മത്സരങ്ങള്‍ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്പോള്‍ ചരിത്രത്തിലെ ഒളിംപിക്‌സ് മത്സരങ്ങളെക്കുറിച്ച് സ്റ്റാമ്പുകള്‍ വഴി അറിവു പകരുകയാണ് ഈ യുവ അധ്യാപകന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."