പൊലിസ് സ്റ്റേഷനുകളില്‍ ഇനി 'സ്മാര്‍ട്ട് തൊണ്ടിമുറി'
#സന്തോഷ് സദാശിവമഠം
തിരുവല്ല: പത്തനംതിട്ട മാതൃകയില്‍ സംസ്ഥാനത്തെ എല്ലാ പൊലിസ് സ്റ്റേഷനുകളിലെയും തൊണ്ടിമുറി ഇനി സ്മാര്‍ട്ടാകും. കേസുകളില്‍ തൊണ്ടിയായി പിടിച്ചെടുക്കുന്ന വസ്തുക്കള്‍ സൂക്ഷിക്കുന്ന മുറി മാറാലയും പൊടിയും പിടിച്ച് വൃത്തിഹീനമായി കിടക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ഇതിനു പരിഹാരമായാണ് ഇപ്പോള്‍ ക്യൂ.ആര്‍ കോഡ് ഉപയോഗിച്ച് തൊണ്ടിമുറി സ്മാര്‍ട്ടാക്കാമെന്ന ആശയത്തിലേക്ക് എത്തിയതെന്ന് ജില്ലാ പൊലിസ് മേധാവി ജി. ജയ്‌ദേവ് പറഞ്ഞു.
തൊണ്ടിമുതലുകള്‍ കൃത്യമായും ശാസ്ത്രീയമായും സൂക്ഷിക്കാതെ അലങ്കോലപ്പെടുത്തുന്നതും കോടതികളില്‍ അവ ശരിയായവിധം എത്തിക്കാന്‍ കഴിയാതിരിക്കുകയും ചെയ്യുന്ന സാഹചര്യമാണ് ജില്ലാ പൊലിസിനെ ഹൈടെക് ചിന്തയിലേക്ക് എത്തിച്ചത്. പുത്തന്‍ സാങ്കേതികവിദ്യ പരീക്ഷണാടിസ്ഥാനത്തില്‍ കൊടുമണ്‍ പൊലിസ് സ്റ്റേഷനില്‍ നടപ്പാക്കുകയായിരുന്നു. തുടര്‍ന്ന് ജില്ലയിലെ പ്രധാന പൊലിസ് സ്റ്റേഷനുകളിലൊന്നായ പത്തനംതിട്ട പൊലിസ് സ്റ്റേഷനിലും പദ്ധതി വിജയകരമായി പൂര്‍ത്തിയാക്കുകയും ഓഗസ്റ്റ് 31ന് സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഔദ്യോഗികമായി ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്തു. ഈ സംവിധാനം സംസ്ഥാനത്തെ എല്ലാ പൊലിസ് സ്റ്റേഷനുകളിലേക്കും വ്യാപിപ്പിക്കുമെന്നും അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു. ജില്ലാ സൈബര്‍ സെല്ലിലെ പൊലിസ് ഉദ്യോഗസ്ഥരുടെ സഹകരണത്തോടെയാണ് ക്യൂ.ആര്‍ കോഡ് ഉപയോഗിച്ച് തൊണ്ടിമുറി സ്മാര്‍ട്ടാക്കുന്ന പദ്ധതി നടപ്പാക്കിയത്. തൊണ്ടിമുതലുകള്‍ കൃതൃമായി രേഖപ്പെടുത്തുകയും വൃത്തിയാക്കുകയും ചെയ്യുകയുമായിരുന്നു ആദ്യപടി. അടുത്തപടിയായി അവയുടെ വിവരങ്ങള്‍ ശേഖരിച്ച് കംപ്യൂട്ടറില്‍ രേഖപ്പെടുത്തുകയും തുടര്‍ന്ന് കേരള പൊലിസിന്റെ ഓണ്‍ലൈന്‍ സംവിധാനമായ ക്രൈം ഡ്രൈവുമായി ബന്ധിപ്പിക്കുകയും കേസിന്റെ അനുബന്ധവിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് സൃഷ്ടിച്ചെടുത്ത ക്യൂ.ആര്‍ കോഡ് എല്ലാ തൊണ്ടി മുതലുകളിലും പതിപ്പിക്കുകയും ചെയ്തു.
തൊണ്ടിമുറിയിലുള്ള എല്ലാ വസ്തുക്കളിലും ക്യൂ.ആര്‍ കോഡ് പതിപ്പിച്ചശേഷം ശാസ്ത്രീയമായും ചിട്ടയായും ക്രമീകരിക്കുകയാണ് ചെയ്തതെന്ന് ജില്ലാ പൊലിസ് മേധാവി വിശദമാക്കി. ഇതേ തുടര്‍ന്ന് മൊബൈല്‍ ഫോണിലെ ഏതെങ്കിലും ക്യൂ.ആര്‍ കോഡ് സ്‌കാനര്‍ ഉപയോഗിച്ച് ഒരു തൊണ്ടിമുതലിലെ കോഡ് സ്‌കാന്‍ ചെയ്താല്‍ അതിനെ സംബന്ധിച്ച എല്ലാ വിവരങ്ങളും അറിയാന്‍ സാധിക്കുമെന്ന സ്ഥിതിയുണ്ടായി. കേസിന്റെ നമ്പര്‍, കുറ്റച്ചുരുക്കം, കോടതിയുടെ പേര്, കേസിന്റെ നിലവിലെ അവസ്ഥ തുടങ്ങിയ വിശദാംശങ്ങള്‍ ക്രൈം ഡ്രൈവ് ലിങ്ക് മുഖേന ലഭ്യമാകും. കൃത്യമായി തൊണ്ടിമുതലുകള്‍ കോടതികളില്‍ വിചാരണ വേളയില്‍ എത്തിക്കാനും അവ യഥാവിധം തീര്‍പ്പാക്കാനും കഴിയുമെന്നതാണ് പുതിയ സംവിധാനത്തിന്റെ ഫലം. സംസ്ഥാനത്തെ എല്ലാ ജില്ലാ പൊലിസ് മേധാവികള്‍ക്കും ഒക്ടോബര്‍ 15നകം ഇതു നടപ്പാക്കാനാണ് സംസ്ഥാന പൊലിസ് മേധാവിയുടെ നിര്‍ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."