വടക്കുമ്പാട് സ്‌കൂളില്‍ വിദ്യാര്‍ഥി മന്ത്രിസഭ നാളെ അധികാരമേല്‍ക്കും
തലശ്ശേരി: വടക്കുമ്പാട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മുഖ്യമന്ത്രിയുള്‍പ്പെടെ ആറ് മന്ത്രിമാരും സ്പീക്കറും പ്രതിപക്ഷ നേതാവും നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഇവരുടെ സത്യപ്രതിജ്ഞാ ചടങ്ങിനു സാക്ഷ്യം വഹിക്കാന്‍ സംസ്ഥാന കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍, എ.എന്‍ ഷംസീര്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് ഉള്‍പ്പെടെയുള്ള വി.ഐ.പികളുടെ നീണ്ട നിര തന്നെയുണ്ടാകും. സ്‌കൂള്‍ അച്ചടക്കവും അധ്യയനവും മികവുറ്റതാക്കുകയെന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ച് വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളിന്റെ അധികാരം നല്‍കുന്നതിന്റെ ഭാഗമായാണ് കുട്ടി വിദ്യാര്‍ഥി മന്ത്രിമാര്‍ സ്ഥാനമേല്‍ക്കുന്നത്.
അധികാരം ജനങ്ങള്‍ക്ക് നല്‍കി ലോകോത്തര മാതൃക സൃഷ്ടിച്ച കേരള സംസ്ഥാനത്തെ ജനാധിപത്യ ഭരണ സമ്പ്രദായത്തിന്റെ രീതിയിലാണ് ഇവിടെ കുട്ടികള്‍ ഭരണം നടത്തുകയെന്ന് എരഞ്ഞോളി പഞ്ചായത്ത് പ്രസിഡന്റ് എ.കെ രമ്യയും ജനറല്‍ കണ്‍വീനര്‍ മുകുന്ദന്‍ മഠത്തിലും പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയന്ത്രണത്തില്‍ സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞ ദിവസം നടന്നു. സഭാ നേതാവിനെയും തെരഞ്ഞെടുത്ത് കഴിഞ്ഞു. മുഖ്യമന്ത്രിയുള്‍പ്പടെ ആറ് മന്ത്രിമാരെയും സ്പീക്കറെയും പ്രതിപക്ഷ നേതാവിനെയും തെരഞ്ഞെടുത്തു. ഇനി ഇവരുടെ സത്യപ്രതിജ്ഞയാണ് സംസ്ഥാന കൃഷി മന്ത്രിയുടെ സാന്നിധ്യത്തില്‍ നടക്കുക.
വിദ്യാര്‍ഥി മുഖ്യമന്ത്രിക്കുള്‍പ്പെടെ ഉപദേശകന്‍മാരെയും നിയമിച്ച് കഴിഞ്ഞു. പി.ടി.എയുടെ നിയന്ത്രണത്തിലാണ് മന്ത്രിസഭ പ്രവര്‍ത്തിക്കുക.
തെരഞ്ഞെടുക്കപ്പെട്ട ക്ലാസ് പ്രതിനിധികള്‍ക്കുള്ള ശില്‍പശാലയ്ക്ക് കിലാ ഫാക്കല്‍റ്റിയും ജനകീയാസൂത്രണ മാതൃകയുടെ ശില്‍പിയുമായ ടി. ഗംഗാധരന്‍, പവിത്രന്‍, എ.വി രത്‌നകുമാര്‍, ജി.പി ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ നേതൃത്വം കൊടുക്കുമെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.പി വത്സലന്‍ അറിയിച്ചു. ഇനിയുള്ള കാലം മുഴുവന്‍ സ്‌കൂളിന്റെ ഭരണം ഇത്തരം നിയമസഭാ മോഡലിലുള്ള വിദ്യാര്‍ഥി പ്രതിനിധികളുടെ കൈകളിലായിരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നാളെ രാവിലെ 11.30ന് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങ് ഗംഭീരമാക്കാന്‍ നാട്ടുകാരുള്‍പ്പെടെ രംഗത്ത് ഇറങ്ങിക്കഴിഞ്ഞു. നാസിക് ബാന്‍ഡ് മേളത്തിന്റെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ നിയുക്ത മന്ത്രിമാരെ ആനയിച്ച് ഘോഷയാത്ര നടക്കും. സ്‌കൂളും പരിസരവും ബാനറും കമാനങ്ങളും കൊണ്ട് അലങ്കരിച്ച് സത്യപ്രതിജ്ഞാ ചടങ്ങ് ജനകീയ ഉത്സവമാക്കാനുള്ള തിരക്കിലാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."