തിരിച്ചടിക്കാന്‍ തിരനിറച്ച് കാത്തിരിക്കുകയാണ്: ട്രംപ്
തിരിച്ചടിക്കാന്‍ തങ്ങള്‍ക്ക് ശേഷിയുണ്ടെന്ന് സഊദി
ടെഹ്‌റാന്‍വാഷിങ്ടണ്‍: സഊദി എണ്ണക്കമ്പനി അരാംകോയുടെ രണ്ട് എണ്ണ ശുദ്ധീകരണശാലകളില്‍ യെമനിലെ ഹൂതി വിമതര്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തിനുപിന്നില്‍ ഇറാനാണെന്ന് യുഎസ്.
അരാംകോയിലെ ആക്രമണത്തിന്റെ ഉത്തരവാദിത്തം യെമനിലെ ഹൂതി വിമതര്‍ ഏറ്റെടുത്തിരുന്നുവെങ്കിലും ആക്രമണം യെമനില്‍ നിന്നാണെന്നതിനു തെളിവുകള്‍ ഇല്ലെന്നും ആക്രമണത്തിനു പിന്നില്‍ ഇറാനാണെന്നും യു.എസ് ആരോപിച്ചു.
ഇറാനെതിരെ പേരെടുത്തു പറയാതെയായിരുന്നു യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വിമര്‍ശനം. 'ഇതിനു പിന്നിലെ ഉത്തരവാദികളെ ഞങ്ങള്‍ക്കറിയാം എന്ന് പറയാന്‍ കാരണങ്ങളുണ്ട്. ഞങ്ങള്‍ തിര നിറച്ച് തയാറായി നില്‍ക്കുകയാണ്. ആക്രമണത്തിന്റെ ഉത്തരവാദികള്‍ ആരാണെന്നാണ് സഊദി വിശ്വസിക്കുന്നതെന്ന് അറിയാന്‍ കാത്തിരിക്കുകയാണ് ഞങ്ങള്‍.' ട്രംപ് ട്വീറ്റ് ചെയ്തു. അതേസമയം, അരാംകോയ്ക്കു നേരെയുള്ള ആക്രമണത്തിന്റെ ഉത്തരവാദികള്‍ ആരാണെന്നു സഊദി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
എന്നാല്‍ ഭീകരാക്രമണത്തിനെതിരെ തിരിച്ചടിക്കാന്‍ സഊദിക്ക് പ്രാപ്തിയുണ്ടെന്നും തങ്ങള്‍ അതിനു തയാറാണെന്നും ട്രംപിനോട് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ യു.എസ് ആരോപണങ്ങള്‍ തള്ളി ഇറാന്‍ വിദേശകാര്യമന്ത്രാലയം രംഗത്തെത്തി. അര്‍ഥമില്ലാത്ത ആരോപണങ്ങളാണ് യു.എസ് ഇറാനെതിരെ ഉന്നയിക്കുന്നതെന്നും ഇറാനെതിരായ ആക്രമണങ്ങളെ ന്യായീകരിക്കുന്നതിനു വേണ്ടിയാണ് ഇത്തരം ആരോപണങ്ങളെന്നും വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു.
തങ്ങളെ ആക്രമിക്കാന്‍ പഴുത് തേടുകയാണ് അമേരിക്കയെന്നു ഇറാന്‍ വിദേശമന്ത്രാലയ വക്താവ് അബ്ബാസ് മൂസവി കുറ്റപ്പെടുത്തി. ഇറാനെ സമര്‍ദത്തിലാക്കാനാണ് യു.എസ് ശ്രമം. എല്ലാ ശ്രമങ്ങളും പരാജയപ്പെടുമ്പോള്‍ അവര്‍ നുണ ആയുധമാക്കുന്നു- മൂസവി പറഞ്ഞു.
ആക്രമണത്തിനു ഇറാനെ കൊണ്ട് കണക്ക് പറയിക്കുമെന്ന പോംപെയോയുടെ ഭീഷണിക്കു മറുപടി പറയുകയായിരുന്നു ഇറാന്‍ വിദേശമന്ത്രാലയ വക്താവ്. സഊദിയിലെ ആക്രമണത്തിന്റെ പേരില്‍ തങ്ങള്‍ക്കെതിരേ നീങ്ങാനാണ് അമേരിക്കയുടെ പദ്ധതിയെങ്കില്‍ ഇറാന്‍ പൂര്‍ണതോതിലുള്ള യുദ്ധത്തിന് സജ്ജമാണെന്ന് ഇസ്‌ലാമിക് റവല്യൂഷണറി ഗാര്‍ഡ് കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ജനറല്‍ അമീര്‍ അലി ഹാജിസാദി പ്രതികരിച്ചു.
ഡെമോക്രാറ്റിക് നേതാക്കളും യു.എസ് ആരോപണത്തെ നിഷേധിച്ച് രംഗത്തെത്തി. അടുത്ത വര്‍ഷം പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, യുദ്ധഭ്രാന്ത് വളര്‍ത്തി അധികാരം പിടിച്ചെടുക്കാനാണ് ട്രംപ് ഭരണകൂടം ശ്രമിക്കുന്നതെന്നായിരുന്നു ഡെമോക്രാറ്റിക് നേതാക്കളുടെ ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."