ശ്രീലങ്കയില്‍ ഭരണപ്രതിസന്ധി ഇല്ലെന്ന് സിരിസേന
കൊളംബോ: ശ്രീലങ്കയില്‍ ഭരണപ്രതിസന്ധിയില്ലെന്നും രാജ്യം പൂര്‍ണമായും സുസ്ഥിരാവസ്ഥയിലാണെന്നും പ്രസിഡന്റ് മൈത്രിപാല സിരിസേന. രാഷ്ട്രീയ അട്ടിമറി നടന്നിട്ടില്ല. മഹിന്ദ രാജപക്സയെ പ്രധാനമന്ത്രിയാക്കിയത് ശ്രീലങ്കയിലെ ആഭ്യന്തര രാഷ്ട്രീയം മാത്രമാണ്. രാജ്യത്തിന്റെ സ്ഥിരതക്കായുള്ള വ്യത്യസ്തമായ രാഷ്ടീയ നീക്കം മാത്രമാണിതെന്നും അദ്ദേഹം പറഞ്ഞു. ദേശീയ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ആസ്ത്രേലിയയില്‍ പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്ളിനെ നീക്കിയപ്പോള്‍ മൂന്നാം ലോക രാജ്യങ്ങള്‍ അട്ടിമറിയെന്നും രാഷ്ട്രീയ പ്രതിസന്ധിയെന്നുമാണ് വിളിച്ചത്. പാര്‍ലമെന്റ് വിളിച്ചുചേര്‍ക്കണമെന്ന് നയതന്ത്ര പ്രതിനിധികളും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ പാര്‍ലമെന്റ് ചേരുന്നതിനെ അനിശ്ചിതകാലത്തേക്ക് നീട്ടിയത് പ്രസിഡന്റിന്റെ അധികാരം ഉപയോഗിച്ചാണ്. പ്രസിഡന്റിന്റെ അധികാരത്തില്‍പ്പെട്ട വിഷയമാണത്. നവംബര്‍ 16ന് പാര്‍ലമെന്റ് വിളിച്ചുചേര്‍ക്കുമെന്നും സിരിസേന വ്യക്തമാക്കി.
അതിനിടെ പാര്‍ലമെന്റ് ഉടന്‍ വിളിച്ചുചേര്‍ക്കണമെന്നാവശ്യപ്പെട്ട് 126 എം.പിമാര്‍ സ്പീക്കര്‍ കരു ജയസൂര്യക്ക് കത്ത് നല്കി. ആകെ 225 അംഗങ്ങളാണ് പാര്‍ലമെന്റിലുള്ളത്. പുറത്താക്കപ്പെട്ട പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയെ പിന്തുണച്ച് നൂറുകണക്കിന് പേര് കഴിഞ്ഞ ദിവസം തെരുവിലിറങ്ങിയിരുന്നു. മഹിന്ദ രാജപക്സയെ പ്രധാനമന്ത്രിയാക്കി നിയോഗിച്ചതിനുശേഷം ആദ്യമാണ് ജനങ്ങള്‍ തെരുവില്‍ പ്രതിഷേധിക്കുന്നത്.
പ്രധാനമന്ത്രിയുടെ വസതിയായ ടെംമ്പിള്‍ ട്രീസില്‍നിന്ന് ഒഴിവാകാന്‍ വിക്രമസിംഗെ ഇതുവരെ തയാറായിട്ടില്ല. വസതിയിലെ മുഴുവന്‍ സുരക്ഷാ ഉദ്യോഗസ്ഥരെയും കഴിഞ്ഞ ദിവസം പിന്‍വലിച്ചിരുന്നു. പാര്‍ലമെന്റിലെ ഭൂരിപക്ഷ പിന്തുണ തനിക്കാണെന്നാണ് വിക്രമസിംഗെയുടെ വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."