യമനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ജിം മാറ്റിസ്
വാഷിങ്ടണ്‍: യമനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും അതിനായി യു.എന്നിന് കീഴിലുള്ള സമാധാന ചര്‍ച്ചയില്‍ മുഴുവന്‍ വിഭാഗങ്ങളും പങ്കെടുക്കണമെന്നും യു.എസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ്.
യമനിലെ സംഘര്‍ഷങ്ങള്‍ ദീര്‍ഘകാലമായി നിരീക്ഷിക്കുകയാണ്. അവിടെ സമാധാന ചര്‍ച്ചക്കായുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോകേണ്ടതുണ്ട്. വരുംദിവസങ്ങളില്‍ ഏതെങ്കിലും സമയത്ത് ചര്‍ച്ച നടത്താന്‍ നമുക്ക് പറയാനാവില്ല. 30 ദിവസത്തിനുള്ളില്‍ ഇക്കാര്യങ്ങള്‍ ചെയ്യേണ്ടിയിരിക്കുന്നു. യു.എന്‍ പ്രത്യേക പ്രതിനിധി മാര്‍ട്ടിന്‍ ഗ്രിഫിത്തിസിന്റെ നേതൃത്വത്തില്‍ സ്വീഡനില്‍ ഈ മാസം നടക്കുന്ന ചര്‍ച്ചയില്‍ മുഴുവന്‍ ഗ്രൂപ്പുകളും പങ്കെടുത്ത് തീരുമാനങ്ങളില്‍ എത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതിനിടെ യമനിലെ ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ ആവശ്യപ്പെട്ടു. യു.എന്നിന്റെ നേതൃത്വത്തിലുള്ള ചര്‍ച്ചകള്‍ ഈ മാസം ആരംഭിക്കും. ഇറാന്‍ പിന്തുണയോടെയുള്ള ഹൂതികളുടെയും സഊദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേനയുടെയും മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ അവസാനിപ്പിക്കണം. യമനിലെ ജനവാസ മേഖലയിലെ സഊദി സഖ്യത്തിന്റെ ആക്രമണത്തിന് നിര്‍ബന്ധമായും അറുതിവരുത്തണമെന്നും പോംപിയോ പറഞ്ഞു.
യമനില്‍ യു.എന്നിന്റെ നേതൃത്വത്തിലുള്ള സമാധാനശ്രമങ്ങളെ ട്രംപ് ഭരണകൂടം നേരത്തെ പിന്തുണച്ചിരുന്നു. ഹൂതികള്‍ പിടിച്ചെടുത്ത പ്രദേശങ്ങളില്‍ നിന്ന് പിന്‍വാങ്ങണമെന്നായിരുന്നു യു.എസിന്റെ ആവശ്യം. എന്നാല്‍, ഹൂതികള്‍ ഇക്കാര്യം തള്ളിയതോടെ ചര്‍ച്ചകള്‍ വഴിമുട്ടി.
എന്നാല്‍, യമനിലെ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണമെന്ന യു.എസിന്റെ ആവശ്യത്തോട് ഹൂതികളും സഊദിയും ഇതുവരെ പ്രതികരിച്ചിട്ടില്ല. 2015 മുതല്‍ യമനില്‍ ആരംഭിച്ച ആഭ്യന്തര സംഘര്‍ഷത്തില്‍ ഇതുവരെ 6660 സിവിലിയന്മാര്‍ കൊല്ലപ്പെട്ടു. 10,560 പേര്‍ക്ക് പരുക്കേറ്റു. പോഷകാഹാരക്കുറവ്, മോശം ആരോഗ്യാവസ്ഥ, രോഗങ്ങള്‍ എന്നിവമൂലം ആയിരക്കണക്കിനുപേരും മരണപ്പെട്ടു. 14 ദശലക്ഷം പേര്‍ യമനില്‍ പട്ടിണിയുടെ വക്കിലാണെന്നും രാജ്യം വന്‍ ദുരന്തത്തിലേക്കാണ് നീങ്ങുന്നതെന്നും യു.എന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."