അവര്‍ പരിധി നിശ്ചയിക്കാതെ വായിക്കട്ടെ
അക്ഷരങ്ങള്‍ കൂട്ടി വായിക്കാന്‍ തുടങ്ങിയ കാലം മുതല്‍ക്കു തന്നെ പുസ്തകങ്ങളോട് കൂട്ടുകൂടിയിരുന്നു. വായനയ്ക്ക് യാതൊരു പരിധിയും മുതിര്‍ന്നവര്‍ നിശ്ചയിക്കാതിരുന്നതു കൊണ്ട് കൈയില്‍ കിട്ടിയതൊക്കെ വായിച്ചു. മീന്‍ പൊതിഞ്ഞു കിട്ടുന്ന കടലാസു മുതല്‍ ബഷീറും പൊറ്റെക്കാടും തകഴിയും വരെ വായന നീണ്ടുപോയ അക്കാലത്ത് പലതും മനസിലാകാതെയാണ് വായിച്ചിരുന്നതെന്നത് വേറെ കാര്യം. കുറച്ചു മുതിര്‍ന്നപ്പോള്‍ നെല്ലും പതിരും മനസിലാക്കിയെടുക്കാനായി.
കുട്ടികളെ വായനയുടെ ലോകത്തേക്കെത്തിക്കണമെങ്കില്‍ വീട്ടുകാര്‍ക്കു വലിയ പങ്കുണ്ട്. കുഞ്ഞുപ്രായത്തിലേ കുട്ടികള്‍ക്ക് കൊച്ചു കൊച്ചു കഥകള്‍ പറഞ്ഞു കൊടുത്തു നോക്കൂ.
അവര്‍ കഥ കേള്‍ക്കാനായി നമ്മുടെ പിന്നാലെ നടക്കും. പതിയെ പുസ്തകങ്ങള്‍ വായിച്ചു കൊടുത്ത്, പിന്നെ സ്വയം വായിപ്പിച്ച് കുട്ടികളെ വായനയിലേക്കെത്തിക്കാനാവും. നിലവാരം കുറഞ്ഞ ടി.വി പരിപാടികളും യാതൊരു പ്രയോജനവുമില്ലാത്ത കംപ്യൂട്ടര്‍ മാബൈല്‍ കളികളോ ചെയ്ത് സമയം കളയുന്നതിനേക്കാള്‍ എത്രയോ വിലപ്പെട്ടതാണ് ഒരു നല്ല പുസ്തകം വായിക്കുന്നത് എന്ന് കുട്ടികള്‍ക്കു മനസിലാക്കിക്കൊടുക്കണമെങ്കില്‍ മാതാപിതാക്കള്‍ ഇത്തരം കാര്യങ്ങളില്‍ സ്വയം നിയന്ത്രണമേര്‍പ്പെടുത്തേണ്ടതുണ്ടെന്ന് മറക്കാതിരിക്കുക.
ഇന്ന പ്രായത്തില്‍ ഇന്ന പുസ്തകം വായിക്കണമെന്ന നിബന്ധനയൊന്നുമില്ലായിരുന്നു എന്റെ വായനക്ക്. തകഴിയുടെ ചെമ്മീന്‍ വായിച്ച് കുറേക്കാലം കഴിഞ്ഞാണ് കുട്ടികള്‍ക്കുള്ള നോവല്‍ ടോട്ടോചാന്‍ വായിക്കുന്നത്.
എന്നിരുന്നാലും ഇളംപ്രായത്തില്‍ വായനയിലേക്ക് നമ്മെ പിടിച്ചുവലിക്കുന്ന ലാളിത്യമുള്ള, നന്മയുടെയും സ്‌നേഹത്തിന്റെയും സന്ദേശമുള്ള പുസ്തകങ്ങള്‍ മാതാപിതാക്കളും അധ്യാപകരും കുട്ടികള്‍ക്കു തിരഞ്ഞെടുത്തു കൊടുക്കുന്നത് വായനാശീലത്തെ പരിപോഷിപ്പിക്കുമെന്നുറപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."