HOME
DETAILS

സൈബര്‍ സാമൂഹിക വിരുദ്ധതകള്‍

  
backup
June 13 2017 | 23:06 PM

%e0%b4%b8%e0%b5%88%e0%b4%ac%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%be%e0%b4%ae%e0%b5%82%e0%b4%b9%e0%b4%bf%e0%b4%95-%e0%b4%b5%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%95

 

സോഷ്യല്‍ മീഡിയ, നവമാധ്യമങ്ങള്‍ എന്നൊക്കെ വിശേഷിപ്പിക്കപ്പെടുന്ന ഫേസ്ബുക്ക്, വാട്‌സ് ആപ്പ്, ട്വിറ്റര്‍ തുടങ്ങിയ വിവരസാങ്കേതിക വിനിമയസൗകര്യങ്ങള്‍ സമകാലികസമൂഹത്തെ സംബന്ധിച്ച് കേവലം മാധ്യമങ്ങള്‍ മാത്രമല്ല, ജീവിതചലനങ്ങളുടെ അനിവാര്യഘടകങ്ങള്‍ തന്നെയായി മാറിക്കഴിഞ്ഞിരിക്കുകയാണ്. വര്‍ത്തമാനകാലസമൂഹത്തെ സംബന്ധിച്ച് നവമാധ്യമ വിനിയോഗ വിനിമയങ്ങള്‍ ഇല്ലാതെ ഒരു നിലനില്‍പിനെക്കുറിച്ച് ചിന്തിക്കുക പോലും അസാധ്യമായിരിക്കുന്നു. കംപ്യൂട്ടറുകളുടെയും സാറ്റലൈറ്റ് വിവര ശൃംഖലകളുടെയും വ്യാപനത്തോടെ മാധ്യമസങ്കല്‍പങ്ങളില്‍ വന്ന മാറ്റങ്ങള്‍ സമകാലിക ജീവിതത്തെ തന്നെ മാറ്റിമറിക്കുകയുണ്ടായി.
നിക്ഷിപ്തവും നിയന്ത്രിതവുമായ വിധത്തില്‍ മാത്രമാണ് പരമ്പരാഗത മാധ്യമങ്ങളിലെ വൈയക്തിക ഇടപെടലുകള്‍ക്ക് അവസരം കിട്ടിയിരുന്നത്. തെരഞ്ഞെടുക്കപ്പെട്ട ഉള്ളടക്കങ്ങളും, സവിശേഷ പരിഗണന കല്‍പിക്കപ്പെടുന്ന ആശയ പ്രകാശനങ്ങളും ചില മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം അംഗീകരിക്കപ്പെടുന്ന രചനകളുമാണ് പരമ്പരാഗത മാധ്യമങ്ങളെ നിര്‍ണയിച്ചിരുന്നതും അവയില്‍ നിന്ന് വൈയക്തിക പ്രാതിനിധ്യങ്ങളെ അകറ്റിനിര്‍ത്തിയിരുന്നതും. പലതവണ ശ്രമിച്ചാല്‍ മാത്രമേ ഒരു വ്യക്തിക്ക് ഒരു പത്രത്തിലോ അച്ചടി മാധ്യമത്തിലോ തന്റെ ഒരു ചെറിയ ആശയത്തെ പോലും പൊതുസമൂഹത്തിനു മുന്‍പില്‍ തുറന്നവതരിപ്പിക്കാന്‍ അവസരം കിട്ടിയിരുന്നുള്ളൂ. നവമാധ്യമങ്ങള്‍ ഓരോ വ്യക്തിക്കും സ്വതന്ത്രവും തുറന്നതുമായ പ്രകാശന സാധ്യതകള്‍ ഒരുക്കുന്നു. ആരുടെയും നിയന്ത്രണങ്ങള്‍ക്ക് വിധേയമാകാതെ ഓരോ വ്യക്തികള്‍ക്കും സ്വയം പ്രകാശിപ്പിക്കുവാനും സ്വന്തം ആശയങ്ങളും കാഴ്ചപ്പാടുകളും സമൂഹത്തിനു മുന്നിലെത്തിക്കാനും നവമാധ്യമങ്ങള്‍ നല്‍കുന്ന സാധ്യതകളെ അടിസ്ഥാനമാക്കിയാണ് അവയെ 'സമൂഹമാധ്യമങ്ങള്‍' എന്ന് വിശേഷിപ്പിച്ചുവരുന്നത്.
നവമാധ്യമങ്ങളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളെ വേറിട്ടുതന്നെ കാണുകയും കണക്കാക്കുകയും ചെയ്തുകൊണ്ടുള്ള നിയമങ്ങള്‍ ഇന്ന് ലോകത്ത് എല്ലാ രാഷ്ട്രങ്ങളിലുമുണ്ട്. ചില രാഷ്ട്രങ്ങളില്‍ ഇന്നു റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കുറ്റകൃത്യങ്ങളില്‍ 88-92 ശതമാനം വരെയും നവമാധ്യമങ്ങളുമായി മാത്രം ബന്ധപ്പെട്ടവയാണ്.
കഴിഞ്ഞ ഒരു പതിറ്റാണ്ടിന്റെ മൊത്തത്തിലുള്ള ആഗോളാനുഭവങ്ങളെ മുന്‍നിര്‍ത്തി ചിന്തിക്കുകയും അപഗ്രഥിക്കുകയും ചെയ്യുമ്പോള്‍ നവമാധ്യമങ്ങള്‍ വലിയ ആശയങ്ങളുടെയും ചിന്തകളുടെയും വ്യാപനത്തിനും ലോകത്തെ അതിന്റെ സൂക്ഷ്മാംശങ്ങളില്‍ മാനവരാശിക്ക് മുന്നിലെത്തിക്കുന്നതിനും സഹായകമായിട്ടുണ്ട്. പല രാഷ്ട്ര-സമൂഹങ്ങളിലും അധികാര വ്യവസ്ഥയെ അട്ടിമറിക്കുന്നതില്‍ പോലും നവമാധ്യമ വിനിമയം പങ്കുവഹിച്ചു. അറബ് വസന്തം എന്നു കൊട്ടിഘോഷിക്കപ്പെട്ട പശ്ചിമേഷ്യന്‍ രാഷ്ട്രീയ ചലനങ്ങളില്‍ സോഷ്യല്‍ മീഡിയയുടെ ഭാഗധേയത്തെക്കുറിച്ച് വലിയ ചര്‍ച്ചകള്‍ നടന്നതോര്‍ക്കുക. നാമിന്ന് നവമാധ്യമങ്ങളുടെ സ്വാധീന-നേട്ടങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ പലരും ഉന്നയിക്കുന്നതും വലിയൊരു സംഭവ വികാസമായി ചൂണ്ടിക്കാണിക്കുന്നതുമായ കാര്യങ്ങളിലൊന്നാണ് അറബ് വസന്തം, മുല്ലപ്പൂ വിപ്ലവം എന്നൊക്കെ വിശേഷിപ്പിക്കപ്പെടുന്ന രാഷ്ട്രീയ താളംതെറ്റലുകള്‍. എന്നാല്‍, നവമാധ്യമങ്ങള്‍ രൂപപ്പെടുത്തിയെടുക്കുന്ന സാമൂഹികചലനങ്ങള്‍ അത്രമാത്രം ബാലിശവും ഹൃസ്വവുമാണ് എന്നതിന്റെ ഏറ്റവും മികച്ച ദൃഷ്ടാന്തവും ഇതേ മുല്ലപ്പൂ വിപ്ലവം തന്നെയാണ്.
പല രാഷ്ട്രങ്ങളെയും ശിഥിലവും അസ്ഥിരവുമാക്കുന്നതിലാണ് അത് ആത്യന്തികമായി ചെന്നത്തിയത്. ഈജിപ്തിന്റെയും ലിബിയയുടെയും സിറിയയുടെയും അവസ്ഥ നോക്കുക, ഒരു തുണീഷ്യ മാത്രം കഷ്ടിച്ചു പിടിച്ചുനിന്നു. എന്നാല്‍, മറ്റു രാഷ്ട്രങ്ങളിലെ വ്യവസ്ഥിതിക്കെതിരായ വിപ്ലവത്തില്‍ നവമാധ്യമങ്ങള്‍ വഹിച്ച പങ്കാളിത്തം നിലനില്‍ക്കുന്നതും സാര്‍ഥകവുമായ ഫലങ്ങള്‍ സൃഷ്ടിക്കയുണ്ടായില്ല. ഇന്ത്യയില്‍തന്നെ ആം ആദ്മിയുടെ ആദ്യഘട്ട കുതിപ്പില്‍ സോഷ്യല്‍ മീഡിയ വഹിച്ച പങ്ക് പിന്നീട് ചെന്നെത്തിയത് മോദിസത്തിന്റെ കാല്‍ക്കീഴിലേക്കാണ്.
സോഷ്യല്‍ മീഡിയ രൂപപ്പെടുത്തുന്ന വികാരങ്ങളുടെയും ആശയങ്ങളുടെയും സ്വാധീനവും അനുരണനങ്ങളും കൃത്യമായി നിലനില്‍ക്കുകയോ ശ്രദ്ധേയവും ശാശ്വതവുമായ ഫലങ്ങള്‍ രൂപപ്പെടുത്തുകയോ ചെയ്യുന്നില്ല. പെട്ടെന്ന് ഒഴുകിയെത്തി അപ്രത്യക്ഷമാകുന്ന ഒരു പ്രതീതിയാണ് നവമാധ്യമ ഇടപെടലുകളില്‍ നിലനില്‍ക്കുന്നത്. അച്ചടി മാധ്യമങ്ങള്‍ക്ക് ഇക്കാര്യത്തിലുള്ള സവിശേഷമായ പരിഗണനയും പ്രാധാന്യവും സോഷ്യല്‍ മീഡിയക്ക് ഒരുകാലത്തും ലഭിച്ചിട്ടില്ല. ഇനി ലഭിക്കുകയുമില്ല. പരമ്പരാഗത മാധ്യമങ്ങളാല്‍ അവഗണിക്കപ്പെട്ടിരുന്ന വ്യക്തികള്‍ അവര്‍ക്ക് നവമാധ്യമങ്ങള്‍ നല്‍കുന്ന പ്രത്യുല്‍പാദനപരമോ നിര്‍മാണാത്മകമോ അല്ലാത്ത സാധ്യതകളെ മുന്‍നിര്‍ത്തി ഉയര്‍ത്തിക്കൊണ്ടുവന്ന മഹത്വവല്‍ക്കരണം ഏറ്റെടുക്കുവാന്‍ പരമ്പരാഗത മാധ്യമവിദഗ്ധരായ വലിയൊരാള്‍ക്കൂട്ടമുണ്ടായി എന്നതാണ് ഇവിടെ സോഷ്യല്‍ മീഡിയയെ പ്രശംസിക്കുന്നവരുടെ എണ്ണം കൂട്ടിയത്.
സമൂഹം അംഗീകരിക്കുകയും തിരിച്ചറിയുകയും ചെയ്യുന്ന നന്മകളെയും മേന്മകളെയും മാറ്റിവച്ച് ചിന്തിക്കുമ്പോള്‍ സോഷ്യല്‍ മീഡിയ വന്‍നഗരങ്ങളിലെ വന്‍മാലിന്യക്കൂമ്പാരങ്ങള്‍ പോലെയാണ്.
ഫേസ്ബുക്ക് മുതല്‍ ഇന്‍സ്റ്റഗ്രാം വരെയുള്ള എല്ലാ നവമാധ്യമ ഉപാധികളുടെയും അവസ്ഥ ഇതുതന്നെയാണ്. വ്യക്തികള്‍ക്ക് പരസ്പരം കാണാതെ അക്രമിക്കുവാനും പരദൂഷണ വ്യാപാരത്തിനുമുള്ള മികച്ച ഇടങ്ങള്‍ നവമാധ്യമങ്ങളാണ്. വ്യക്തിഹത്യയുടെയും പരനിന്ദയുടെയും വലിയൊരു വിനിമയശൃംഖല നവമാധ്യമലോകത്തു സജീവമാണ്.
വ്യക്തികളുടെ നന്മകളെയും മഹത്വത്തെയും കുറിച്ചുള്ള പരമ്പരാഗതവും വസ്തുനിഷ്ഠവുമായ അവബോധങ്ങളത്രയും നവമാധ്യമ വിനിമയങ്ങളില്‍ ബഹിഷ്‌കരിക്കപ്പെടുന്നത് കാണാം. ''ഞാനൊഴിച്ച് മറ്റാരും മഹാനല്ല'' എന്നതുപോലെയാണ് ചില ഫേസ്ബുക്ക് ആശയപ്രകാശനങ്ങളുടെ പോക്ക്. തന്നിലേക്ക് സമൂഹത്തെ ഹ്രസ്വവത്ക്കരിക്കുന്ന മനോഭാവ വൈകൃതം വളരെ പ്രകടമാണ്.
ആളാകാന്‍ വേണ്ടിയുള്ള ബാലിശ ശ്രമങ്ങള്‍, ചാടിക്കയറി ഏതുവിഷയത്തിലും പ്രതികരിച്ച് ശ്രദ്ധനേടാനുള്ള വ്യഗ്രത എന്നിവ നവമാധ്യമ വിനിമയങ്ങളെ വല്ലാതെ മലിനമാക്കുന്നുണ്ട്. സാധാരണ ഭാഷാപദങ്ങള്‍ പോലും തെറ്റിച്ചെഴുതുന്ന മലയാളം നവമാധ്യമ വിനിമയങ്ങള്‍ പലപ്പോഴും അപഹാസ്യമായിത്തീരാറുണ്ട്. ഈയിടെയായി രാഷ്ട്രീയം നവമാധ്യമങ്ങളിലെ ഏറ്റവും പങ്കാളിത്തമുള്ള ഒരു വിഷയമായി മാറിയിട്ടുണ്ട്. വിവരങ്ങളും ആശയങ്ങളും അറിവുകളും പുതുകാല മനുഷ്യരുടെ വിരല്‍ത്തുമ്പിലുണ്ട്. പക്ഷേ, ഹൃദയങ്ങളിലും ബുദ്ധിയിലും ചിന്താശേഷിയിലും അവയൊന്നും ഇല്ലാതിരിക്കുന്നതാണ് സമകാലീന നവമാധ്യമ മേഖല നേരിടുന്ന എണ്ണമറ്റ അല്‍പത്തങ്ങളുടെയും മണ്ടത്തരങ്ങളുടെയും കാരണം. നവമാധ്യമ പ്രവണതകള്‍ സാമൂഹികവിരുദ്ധമായിത്തീരുന്നതും അതുകൊണ്ടുതന്നെയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തറിൽ ഒക്ടോബർ 16 വരെ മൂടൽമഞ്ഞ് അനുഭവപ്പെടുന്നതിന് സാധ്യത

qatar
  •  2 months ago
No Image

പാകിസ്ഥാൻ അമ്പേ പരാജയം; ഇന്ത്യൻ പ്രതീക്ഷകൾ അസ്തമിച്ചു

Cricket
  •  2 months ago
No Image

വയനാട് ദുരന്തത്തില്‍ കേരളത്തിനോട് ഒരവഗണനയും കാണിച്ചിട്ടില്ല, ആവശ്യമായ സഹായം ഉറപ്പാക്കും; നിര്‍മല സീതാരാമന്‍

National
  •  2 months ago
No Image

കാനഡയ്‌ക്കെതിരെ കടുത്ത നടപടിയുമായി ഇന്ത്യ; ഹൈക്കമ്മീഷണര്‍ അടക്കമുള്ള ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചു

National
  •  2 months ago
No Image

അടിക്ക് തിരിച്ചടിയുമായി ഇന്ത്യ; കാനഡയുടെ ആറ് നയതന്ത്ര ഉദ്യോ​ഗസ്ഥരെ പുറത്താക്കി

National
  •  2 months ago
No Image

യു.എ.ഇ; അൽ വാസ്മി മഴക്കാല സീസൺ ഡിസംബർ 6 വരെ തുടരും

uae
  •  2 months ago
No Image

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് വേണം; സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

ആപ് ഒളിംപിക്‌സ് പ്രഖ്യാപിച്ച് ശൈഖ് ഹംദാൻ; ജേതാക്കൾക്ക് 550,000 ദിർഹമിന്റെ സമ്മാനങ്ങളും 6 മാസത്തെ പരിശീലനവും

uae
  •  2 months ago
No Image

അബ്ദുറഹീംകേസ്, കോടതി സിറ്റിംഗ് ഒക്ടോബർ 21 ലേക്ക് മാറ്റി; നാളെ റിയാദിൽ സഹായസമിതി പൊതുയോഗം

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-14-10-2024

PSC/UPSC
  •  2 months ago